കേടായതോ ഉപയോഗശൂന്യമായതോ ആയ വാഹനങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്യാനുള്ള സമയപരിധി നീട്ടി
സൌദിയിൽ കേടായതോ ഉപയോഗശൂന്യമായതോ ആയ വാഹനങ്ങൾ ഉപേക്ഷിക്കുന്നതിനും രേഖകളിൽ നിന്ന് നീക്കം ചെയ്യുന്നതിനും അനുവദിച്ചിരുന്ന സമയപരിധി ഒരു വർഷത്തേക്ക് കൂടി നീട്ടിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. നിലവിലെ മാർച്ച് മാസം മുതൽ ഒരു വർഷത്തേക്കാണ് സമയപരിധി നീട്ടിയത്. നേരത്തെ അനുവദിച്ചിരുന്ന സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകിയത്.
അവഗണിക്കപ്പെട്ടതോ കേടുപാടുകൾ സംഭവിച്ചതോ ആയ വാഹനങ്ങളുടെ ഉടമകൾക്ക് അവരുടെ രേഖകളിൽ നിന്ന് ആ വാഹനങ്ങൾ നീക്കം ചെയ്യുവാനും ഉപേക്ഷിക്കാനും ആഗ്രഹിക്കുന്നവർക്കുള്ള തിരുത്തൽ കാലയളവ് നീട്ടുന്നതിന് അംഗീകാരം ലഭിച്ചതായി ട്രാഫിക് വിഭാഗം പ്രസ്താവനയിലൂടെ അറിയിച്ചു. 2023 മാർച്ച് 1 മുതൽ ഒരു വർഷത്തേക്കാാണ് നീട്ടിയത്.
സ്വകാര്യ വാഹനങ്ങൾ, പൊതു-സ്വകാര്യ ഗതാഗതം, മിനി ബസുകൾ, ടാക്സികൾ, പൊതുമരാമത്ത് വാഹനങ്ങൾ, മോട്ടോർ സൈക്കിളുകൾ എന്നിവ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് ഉപേക്ഷിക്കാൻ അനുവാദമുള്ളതെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.
“അബ്ഷർ” പ്ലാറ്റ്ഫോമിൽ ആരംഭിച്ച വെഹിക്കിൾ ഡ്രോപ്പ് സംവിധാനം ഉപയോഗിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കാം. രാജ്യത്തിൻ്റെ ഏത് ഭാഗത്ത് നിന്നും സ്വദേശികൾക്കും വിദേശികൾക്കും ഈ സേവനം ഉപയോഗിക്കാവുന്നതാണ്.
എന്നാൽ വാഹനങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്യുമ്പോൾ ഇത്തരം വാഹനങ്ങളുടെ പേരിൽ നേരത്തെ ട്രാഫിക് നിയമ ലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ ഒഴിവാക്കപ്പെടില്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. പിഴകൾ ഉടമകൾ അടക്കൽ നിർബന്ധമാണ്. ഗതാഗത നിയമ ലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ അടക്കാതെ വാഹനം രേഖകളിൽ നിന്ന് നീക്കം ചെയ്യാൻ അനുവാദമില്ല.
ഫീസുകളും പിഴകളും കൂടാതെ ഇത്തരം വാഹനങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്യാൻ അനുവദിച്ച് പ്രഖ്യാപിച്ച സാവകാശം ദിവസങ്ങൾക്കു മുമ്പ് അവസാനിച്ചിരുന്നു. വാഹന രജിസ്‌ട്രേഷൻ (ഇസ്തിമാറ) പുതുക്കാനുള്ള ഫീസ്, ഇസ്തിമാറ പുതുക്കാത്തതിനുള്ള പിഴ എന്നിവ അടക്കമുള്ള ഫീസുകളും പിഴകളുമാണ് ഒഴിവാക്കി നൽകിയിരുന്നത്. ഇത്തരം വാഹനങ്ങളുടെ ഉടമസ്ഥാവകാശം, പൊളിച്ച് ആക്രിയാക്കി മാറ്റുന്ന വർക്ക്‌ഷോപ്പുകളുടെയോ കംപ്രസ് ചെയ്ത് ആക്രിയാക്കി മാറ്റുന്ന സ്ഥാപനങ്ങളുടെയോ പേരിലേക്ക് മാറ്റുന്നവരെയാണ് പിഴകളിൽ നിന്നും ഫീസുകളിൽ നിന്നും ഒഴിവാക്കിയിരുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273