80 അടി ഉയരത്തിൽ ഒന്നര മണിക്കൂര്‍; മരണം മുന്നിൽ; പവിത്രയുടെ മുഖത്ത് വേദനയേക്കാൾ ഭീതിയുടെ നിഴൽ

വർക്കല: പാരാഗ്ലൈഡിങ്ങിനിടെ ഗ്ലൈഡറിന്റെ ചിറക് ഹൈമാസ്റ്റ് വിളക്കുതൂണിൽ കുടുങ്ങിയുണ്ടായ അപകടത്തിനു കാരണം ഉത്തരാഖണ്ഡുകാരനായ പരിശീലകൻ സന്ദീപിന്റെ പിഴവാണെന്ന് എഫ്ഐആർ. പരിശീലകന്റെ അലക്ഷ്യമായ പറക്കലാണ് അപകടത്തിനു കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഗ്ലൈഡിങ് ആരംഭിച്ച് അഞ്ചാം മിനിറ്റിൽത്തന്നെ നിയന്ത്രണം നഷ്ടമായിരുന്നു. യാത്രക്കാരിയായ കോയമ്പത്തൂർ സ്വദേശിനി പവിത്ര ഭയന്ന് നിലവിളിച്ച് താഴെയിറക്കാൻ ആവശ്യപ്പെട്ടിട്ടും സന്ദീപ് പറക്കൽ തുടർന്നുവെന്നും എഫ്ഐആറിൽ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സന്ദീപ് ഉൾപ്പെടെ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ട്രെയ്നർ സന്ദീപ്, ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ എന്നിവരാണ് പിടിയിലായത്. അപകടകരമായി പറക്കൽ നടത്തിയതിന് ജീവനക്കാർക്കും വർക്കല ഫ്ലൈയിങ് അഡ്വെഞ്ചർ എന്ന കമ്പനിക്കുമെതിരെയാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്കാണ് ഇവർക്കെതിരെ കേസ്.

അപകടത്തിൽപ്പെട്ടയാളെ ഉപയോഗിച്ച് വ്യാജരേഖ ചമയ്ക്കാനും ഇവർ ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് പൊലീസിന്റെ സംശയം. അപകടത്തിൽ പരുക്കേറ്റ കോയമ്പത്തൂർ സ്വദേശിനിയിൽനിന്ന് പാരാഗ്ലൈഡിങ് സ്ഥാപനത്തിലെ ജീവനക്കാർ സ്റ്റാംപ് ഒട്ടിച്ച വെള്ളപേപ്പറിൽ ഒപ്പിട്ടു വാങ്ങിയതാണ് സംശയത്തിന് ഇടയാക്കിയത്. ആശുപത്രി ജീവനക്കാരെന്ന വ്യാജേനയാണ് ഒപ്പിട്ട് വാങ്ങിയതെന്ന് പറയുന്നു. ഇത് ഇവർക്ക് പരാതിയില്ലെന്ന് എഴുതിച്ചേർക്കുന്നതിനാണെന്നാണ് സംശയം.

 

 

80 അടി ഉയരത്തിൽ തൂങ്ങിക്കിടന്ന വിനോദസഞ്ചാരിയേയും ട്രെയ്നറെയും ഒന്നര മണിക്കൂറിനു ശേഷമാണ് സുരക്ഷിതമായി താഴെയിറക്കാനായത്. ഇറക്കുന്നതിനിടെ ഇരുവരും വീണത് അഗ്നിരക്ഷാസേന വലിച്ചുകെട്ടിയ വലയിലായിരുന്നതിനാൽ പരുക്കേറ്റില്ല. പ്രഥമശുശ്രൂഷയ്ക്കുശേഷം ആശുപത്രി വിട്ടു.

വേദനയെക്കാൾ പവിത്രയുടെ മുഖത്തു തെളിഞ്ഞതു ഭയമായിരുന്നു. മരണത്തിന്റെ നൂലിഴപ്പാതയിലൂടെ കടന്നുപോയ അനുഭവം. തോളെല്ലിലും കഴുത്തിനും കൈകൾക്കുമാണു വേദനയുള്ളതെന്നു ഡോക്ടർമാരോടു പവിത്ര പറഞ്ഞു. 3.40നാണു പാരാ ഗ്ലൈഡിങിൽ പറന്നുതുടങ്ങിയത്.

വർക്കലയ്ക്ക് ഇടയ്ക്ക് വരാറുണ്ടെങ്കിലും പാരാ ഗ്ലൈഡിങിന് ആദ്യമായാണ് കയറിയതെന്നു പൊലീസിന് നൽകിയ മൊഴിയിൽ പവിത്ര വ്യക്തമാക്കി. പത്തു മിനിറ്റു പറന്നുകഴിയുമ്പോഴാണു കാറ്റിന്റെ ദിശയിൽ വ്യത്യാസമുണ്ടായത്. അതോടെ വേഗം കൂടി. ഇതിനിടയിൽ നിയന്ത്രിക്കുന്ന കയറുകൾ ചലിപ്പിക്കാൻ കഴിയാതെ മുറുകി. ഗ്ലൈഡറിന്റെ ഒരു ഭാഗം താഴ്ന്നു. ഇതോടെയാണു പെട്ടന്നു താഴ്ചയിലേക്കു പോയത്.

പിന്നെ ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണിൽ‌ കുടുങ്ങിയാടിയ ശേഷമാണു പോസ്റ്റിലേക്ക് ചേർന്നുപിടിക്കാനായത്. അങ്ങനെ തൂങ്ങിക്കിടക്കേണ്ടി വന്ന ഒന്നര മണിക്കൂറും മരണം മുന്നിൽ നിന്നപോലെയായിരുന്നുവെന്നു പൊലീസിനോടു പവിത്ര പറഞ്ഞു. ഒടുവിൽ ഫയർഫോഴ്സും പൊലീസും താഴെ നിന്ന് ഓരോ നിർദേശങ്ങൾ വിളിച്ചുപറഞ്ഞപ്പോഴാണു പേടി കുറഞ്ഞത്.

ഗ്ലൈഡറിന്റെ കയറുകൾ മെല്ലെ പോസ്റ്റിൽ ചുറ്റാൻ നിർദേശം നൽകിയപ്പോൾ, അതു ചുറ്റിയതുൾപ്പെടെ നിർദേശങ്ങൾ പവിത്ര പാലിക്കുകയും ചെയ്തു. അതോടെയാണ് രക്ഷിക്കാനെത്തിയവരുടെയും ആശങ്കയൊഴിഞ്ഞത്. രക്ഷാപ്രവർത്തകർ താഴേക്ക് എത്തിക്കുന്നതിനിടെ പകുതി വച്ചാണു ഗ്ലൈഡറിന്റെ കയറുകൾ പൊട്ടി ഇരുവരും താഴെ കരുതിയിരുന്ന വലയിലേക്കു പതിച്ചത്. വലയിൽ വീണയുടനെ ഓടിയെത്തിയ രക്ഷാപ്രവർത്തകരോടു പവിത്ര നന്ദി പറഞ്ഞു: ‘‘പേടിച്ചുപോയി, ജീവൻ തിരിച്ചുകിട്ടിയതു ഭാഗ്യം കൊണ്ടാണ്, നന്ദി’’.

മിഷൻ ആശുപത്രിയിലെത്തിച്ചു സിടി സ്കാനിങ് ഉൾപ്പെടെ പരിശോധന നടത്തി. മറ്റു ആരോഗ്യപ്രശ്നങ്ങളില്ലെന്നു ഡോക്ടറും വ്യക്തമാക്കി. എട്ടു വർഷമായി പാരാഗ്ലൈഡിങ് പൈലറ്റായി പ്രവർത്തിക്കുന്ന ഉത്തരാഖണ്ഡ് സ്വദേശി സന്ദീപിന്റെ ഓർമയിൽ പരിശീലനത്തിന്റെ ഭാഗമായി അപകടങ്ങൾ ഉണ്ടായതല്ലാതെ പറക്കലിൽ അപകടം ആദ്യമാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!