സൗദി വ്യവസായിയുടെ മരണ ശേഷം രഹസ്യ ഭാര്യയെന്ന അവകാശവാദവുമായി യുവതി; സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ
സൗദി അറേബ്യയില്‍ കോടിക്കണക്കിന് റിയാലിന്റെ ആസ്തിയുള്ള വ്യവസായി തന്നെ രഹസ്യമായി വിവാഹം ചെയ്തിരുന്നുവെന്ന് അവകാശപ്പെട്ട് അദ്ദേഹത്തിന്റെ മരണശേഷം രംഗത്തെത്തിയ യുവതിക്ക് അര്‍ഹമായ സ്വത്ത് കൈമാറണമെന്ന ഉത്തരവ് സൗദി സുപ്രീം കോടതി റദ്ദാക്കി. സ്വത്തില്‍ യുവതിക്ക് അവകാശമുണ്ടെന്ന് കാണിച്ച് നേരത്തെ കീഴ്കോടതികള് നല്കിയ ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി, കേസില്‍ പുനര്‍ വിചാരണ നടത്താന്‍ ഉത്തരവിട്ടു. പത്ത് വര്‍ഷം മുമ്പ് നടന്ന സംഭവത്തിന്റെ നിയമ വഴിയില്‍ ഇതോടെ നിര്‍ണായകമായ ഒരു ട്വിസ്റ്റ് കൂടിയായി.
സൗദി അറേബ്യയിലെ മക്കയിലും ജിദ്ദയിലും കണ്ണായ സ്ഥലങ്ങളില്‍ നിരവധി കെട്ടിടങ്ങളും ഫ്ലാറ്റുകളും പ്ലോട്ടുകളും 12 നഗരങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളും ഓഹരി നിക്ഷേപങ്ങളും വലിയ തുകയുടെ ബാങ്ക് ബാലന്‍സുമൊക്കെ ഉണ്ടായിരുന്ന ഒരു സ്വദേശി പൗരന്റെ മരണത്തോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ജിദ്ദയിലെ വീട്ടില്‍ വെച്ച് വ്യവസായി ഹൃദയാഘാതം മൂലം മരണപ്പെട്ടതിന് പിന്നാലെ, ഇയാള്‍ തന്നെ വിവാഹം ചെയ്തിരുന്നുവെന്ന് അവകാശപ്പെട്ട് ഇരുപത് വയസുകാരിയായ ഒരു യുവതി രംഗത്തെത്തുകയായിരുന്നു. മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് വ്യവസായി ബന്ധുക്കളെ അറിയിക്കാതെ തന്നെ വിവാഹം ചെയ്തിരുന്നുവെന്നാണ് സിറിയക്കാരിയായ ഇവര്‍ അവകാശപ്പെട്ടത്. വ്യവസായി ഒപ്പുവെച്ച വിവാഹ കരാറിന്റെ കോപ്പിയും വിവാഹത്തിന് സാക്ഷികളായ ഏതാനും പേരെയും ഇവര്‍ കോടതിയില്‍ ഹാജരാക്കുകയുും ചെയ്തു.
വ്യവസായിയുടെ സ്വത്തില്‍ തനിക്കും അനന്തരാവകാശമുണ്ടെന്ന് കാണിച്ച് ഇവര്‍ ജിദ്ദ ജനറല്‍ കോടതിയില്‍ കേസ് നല്കി. മൂന്ന് ലക്ഷം റിയാല്‍ വേണമെന്നായിരുന്നു ആദ്യത്തെ ആവശ്യം. മരണപ്പെട്ട വ്യവസായിയുടെ പല സ്ഥലങ്ങളിലുള്ള സ്വത്തുകള്‍ കണക്കാക്കുമ്പോള്‍ ഏതാണ്ട് 70 കോടി റിയാല്‍ കവിയുമെന്നാണ് കണക്ക്. ഇത് മനസിലാക്കിയ യുവതി മൂന്ന് ലക്ഷം റിയാല്‍ വേണമെന്ന പഴയ ആവശ്യം പിന്‍വലിച്ച് സ്വത്തിലെ നിയമപ്രകാരമുള്ള അനന്തരാവകാശം വേണമെന്ന് വാദിച്ചു. വ്യവാസായിയുടെ സ്വത്ത് കണക്കാക്കുമ്പോള്‍ യുവതിക്ക് ഏതാണ്ട് എട്ട് കോടി റിയാലെങ്കിലും ലഭിക്കുമെന്നായിരുന്നു അനുമാനം.
എന്നാല്‍ മരണപ്പെട്ട വ്യവസായിയുടെ മക്കള്‍ യുവതിയുടെ ആവശ്യം നിരാകരിച്ചു. യുവതിക്കെതിരെ ശക്തമായ എതിര്‍പ്പുകള്‍ കോടതിയില്‍ ഉന്നയിച്ചെങ്കിലും അത് വിലപ്പോയില്ല. വര്‍ഷങ്ങള്‍ നീണ്ട കോടതി വ്യവഹാരങ്ങള്‍ക്ക് ശേഷം കോടതി സിറക്കാരിക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു. യുവതിയെയും അനന്തരാവകാശികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ഉത്തരവിലുണ്ടായിരുന്നു. ജിദ്ദ ജനറല്‍ കോടതി പുറപ്പെടുവിച്ച വിധി, കഴിഞ്ഞ വര്‍ഷം മക്ക പ്രവിശ്യ അപ്പീല്‍ കോടതി ശരിവെയ്ക്കുകയും ചെയ്തു.
എന്നാല്‍ സിറിയക്കാരി കോടതിയില്‍ ഹാജരാക്കിയ വിവാഹ കരാറും സാക്ഷികളും വ്യാജമാണെന്ന് വ്യവസായിയുടെ മക്കള്‍ വാദിച്ചു. വിവാഹം നടന്നതായി സ്ഥിരീകരിച്ചാല്‍ തന്നെ അടിസ്ഥാന വ്യവസ്ഥകള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ അത് അസാധുവാണെന്നും വിവാഹം സാധൂകരിക്കുന്ന തെളിവുകള്‍ ഇവര്‍ ഹാജരാക്കിയിട്ടില്ലെന്നും മക്കള്‍ അപ്പീലില്‍ പറയുന്നു. ഇതോടെ കേസിലെ ചില കാര്യങ്ങള്‍ പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി കേസ്, ജിദ്ദ കോടതിയിലേക്ക് മടക്കി അയച്ചിരിക്കുകയാണ്. നിലവില്‍ ഭാര്യയും മക്കളും ഉള്‍പ്പെടെ 10 അനന്തരാവകാശികളാണ് വ്യവസായിക്ക് ഉള്ളതെന്നാണ് ഏറ്റവും ഒടുവിലത്തെ കോടതി വിധി പറയുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273