മൈക്ക് പോഡിയത്തിൽ ഉഗ്രവിഷമുള്ള മൂർഖൻ; വാവ സുരേഷിനെതിരെ കേസെടുത്ത് വനംവകുപ്പ്
മെഡിക്കൽ കോളജ് നഴ്സിങ് വിഭാഗത്തിൽ തുടർവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി മൂർഖൻ പാമ്പിനെ പ്രദർശിപ്പിച്ച് ക്ലാസെടുത്ത വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു. വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 2, 9 എന്നിവ പ്രകാരമാണ് താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കേസെടുത്തത്. വാവ സുരേഷിനോട് ഹാജരാകാൻ നോട്ടീസ് നൽകുമെന്ന് റേഞ്ച് ഓഫിസർ വ്യക്തമാക്കി.
നിയമവിരുദ്ധമായും അശാസ്ത്രീയമായും പാമ്പുകളെ പ്രദർശിപ്പിച്ചതിന് താമരശേരി റേഞ്ച് ഓഫിസറോട് കേസെടുക്കാൻ നിർദേശിച്ചതായി ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ അബ്ദുൽ ലത്തീഫ് ചോലയിൽ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് നടപടി. അന്വേഷണത്തിന്റെ ഭാഗമായി ചിത്രങ്ങളും വിഡിയോയും വനം വകുപ്പ് ശേഖരിച്ചിട്ടുണ്ട്.
മൈക്ക് വയ്ക്കുന്ന പോഡിയത്തിന്മേലാണ് വാവ സുരേഷ് ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ വച്ചത്. പാമ്പ് കടിയുടെ വിവിധ വശങ്ങളെ കുറിച്ച് നഴ്സുമാരെ ബോധവൽക്കരിക്കുകയും ചെയ്തു. വാവയുടെ നടപടിക്കെതിരെ വൻ വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. പാമ്പ് കടിയേറ്റ് അതീവ ഗുരുതര നിലയിൽ നിന്ന് രക്ഷപെട്ട് വന്ന ശേഷം അശാസ്ത്രീയ മാർഗങ്ങളിലൂടെ പാമ്പിനെ പിടിക്കുകയില്ലെന്നും പ്രദർശിപ്പിക്കുകയില്ലെന്നും വാവ സുരേഷ് ഉറപ്പു നൽകിയിരുന്നുവെന്ന് വനം വകുപ്പുകാർ പറയുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക