യുഎഇ ദേശീയ ദിനം; രണ്ടായിരത്തിലേറെ തടവുകാര്‍ക്ക് മോചനം നല്‍കി ഭരണാധികാരികളുടെ ഉത്തരവ്

യുഎഇയുടെ 51-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് നിരവധി തടവുകാര്‍ക്ക് മോചനം നല്‍കി ഭരണാധികാരികളുടെ ഉത്തരവ്. ജയിലില്‍ കഴിയുന്ന 1,530 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. വിവിധ കേസുകളില്‍പ്പെട്ട തടവുകാരെയാണ് വിട്ടയ്ക്കുക.

മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ കടബാധ്യതകള്‍ തീര്‍ക്കാനും അദ്ദേഹം ഉത്തരവിട്ടു. മോചനം ലഭിക്കുന്ന തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും തങ്ങളുടെ ഭാവിയെ കുറിച്ച് വീണ്ടും ചിന്തിക്കാനും കുടുംബത്തെ സേവിക്കാനും സമൂഹത്തിന് സംഭാവനകള്‍ നല്‍കാനും അവസരം കൊടുക്കാനാണ് ഈ തീരുമാനം. അതേസമയം ദേശീയ ദിനം പ്രമാണിച്ച് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി എമിറേറ്റിലെ 333 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഉത്തരവിട്ടു.

153 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖിയും ഉത്തരവിട്ടിട്ടുണ്ട്.  ദുബായിയിൽ 1040 തടവുകാരെ മോചിപ്പിക്കും. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തും ഇത് സംബന്ധിച്ച് ഉത്തരവിട്ടു. അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുവൈമി 111 തടവുകാരെയാണ് മോചിപ്പിച്ചത്.

യുഎഇ ദേശീയ ദിനവും സ്‍മരണ ദിനവും പ്രമാണിച്ച് സ്വകാര്യ മേഖലയ്ക്കും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന് ശനിയാഴ്ച വരെയായിരിക്കും രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധിയെന്ന് മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൊതുമേഖലയ്ക്ക് നേരത്തെ തന്നെ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!