വാഹനപകടത്തിൽ പരിക്കേറ്റ സഹപാഠിക്ക് വസ്ത്രം വാങ്ങാൻ പോയ കോളേജ് വിദ്യാര്‍ഥികള്‍ക്ക് നേരേ സദാചാര ഗുണ്ടാ ആക്രമണം – വീഡിയോ
കോട്ടയം: നഗരമധ്യത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് നേരേ സദാചാര ഗുണ്ടാ ആക്രമണം. ബിരുദവിദ്യാര്‍ഥികളായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും നേരെയാണ് ആക്രമണമുണ്ടായത്. സ്‌കൂട്ടറില്‍ പോവുകയായിരുന്ന വിദ്യാര്‍ഥികളെ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ കോട്ടയം താഴത്തങ്ങാടി സ്വദേശികളായ മൂന്നുപേരെ കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ വിദ്യാര്‍ഥികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സഹപാഠിക്ക് വസ്ത്രങ്ങള്‍ നല്‍കാനായാണ് വിദ്യാര്‍ഥികളായ രണ്ടുപേരും സ്‌കൂട്ടറില്‍ നഗരത്തിലെത്തിയത്. തുടര്‍ന്ന് ഇരുവരും നഗരത്തിലെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ കയറി. ഇതിനിടെയാണ് മൂന്നംഗസംഘം ഇരുവര്‍ക്കും നേരേ അശ്ലീലകമന്റടി ആരംഭിച്ചത്. വിദ്യാര്‍ഥികളെ അസഭ്യം പറഞ്ഞ സംഘം, പെണ്‍കുട്ടിക്ക് നേരേ അശ്ലീലആംഗ്യം കാണിച്ചെന്നാണ് ആരോപണം. തുടര്‍ന്ന് തട്ടുകടയില്‍നിന്ന് സ്‌കൂട്ടറില്‍ മടങ്ങിയ വിദ്യാര്‍ഥികളെ മൂന്നംഗസംഘം കാറില്‍ പിന്തുടര്‍ന്നെത്തി വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
Moral police attack against college students in kottayam city, Kerala pic.twitter.com/UZIbrVWzbx
— Malayalam News Desk (@MalayalamDesk) November 29, 2022
പ്രതികളായ മൂന്നുപേരും ചേര്‍ന്ന് വിദ്യാര്‍ഥികളെ റോഡിലിട്ട് മര്‍ദിച്ചു. റോഡില്‍ വീണ പെണ്‍കുട്ടിയെ ഇവര്‍ വീണ്ടും ആക്രമിച്ചു. തുടര്‍ന്ന് നാട്ടുകാരും നഗരത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘവും എത്തിയാണ് വിദ്യാര്‍ഥികളെ രക്ഷിച്ചത്. പ്രതികളായ മൂന്നുപേരെയും കൈയോടെ പിടികൂടുകയും ചെയ്തു.
കോട്ടയം താഴത്തങ്ങാടി സ്വദേശികളായ ഷബീര്‍, മുഹമ്മദ് അസ്ലം, അഷ്‌കര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്ന് കോട്ടയം വെസ്റ്റ് പോലീസ് അറിയിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. പ്രതികളെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. അതേസമയം, പരിക്കേറ്റ രണ്ട് വിദ്യാര്‍ഥികളും ആശുപത്രിയില്‍ ചികിത്സയിലാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക