സൈക്കിളില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ട്രക്ക് ഇടിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

കാനഡയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. സൈക്കിളില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ടൊറന്റോയിലാണ് അപകടം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. ഹരിയാനയില്‍ നിന്നുള്ള 20കാരനായ വിദ്യാര്‍ത്ഥിയാണ് മരിച്ചത്.

വിദ്യാര്‍ത്ഥിയെ പിക്ക് അപ് ട്രക്കാണ് ഇടിച്ചത്. യോങ് സ്ട്രീറ്റും സെന്റ് അവന്യൂവും ചേരുന്ന ജംഗ്ഷനില്‍ വെച്ച് ബുധനാഴ്ച വൈകിട്ട് 4.30നാണ് അപകടം ഉണ്ടായത്. വിദ്യാര്‍ത്ഥിയെ പിക്ക് അപ് ട്രക്ക് ഇടിക്കുകയും വലിച്ചുകൊണ്ട് പോകുകയുമായിരുന്നു. വിദ്യാര്‍ത്ഥിയുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ കാര്‍ത്തിക് സെയ്‌നി എന്ന 20കാരനാണ് മരിച്ചതെന്ന് അയാളുടെ ബന്ധുവിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2021 ഓഗസ്റ്റിലാണ് സെയ്‌നി കാനഡയിലെത്തിയതെന്നാണ് വിവരം.

ഷെരിഡാന്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു. ട്രക്ക് ഡ്രൈവര്‍ വാഹനം വലത്തേക്ക് തിരിക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥി സഞ്ചരിച്ച സൈക്കിളിലിടിച്ചതെന്നും തുടര്‍ന്ന് സൈക്കിളും വിദ്യാര്‍ത്ഥിയെയും വലിച്ചുകൊണ്ട് പോകുകയായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്. അപകടം അറിഞ്ഞ് പാരമെഡിക്കല്‍ സംഘം സ്ഥലത്തെത്തിയെങ്കിലും സെയ്‌നി മരിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അപകടത്തിന് സാക്ഷിയായവരോ ദൃശ്യങ്ങള്‍ കൈവശമുള്ളവരോ അന്വേഷണ ഉദ്യോഗസ്ഥരെ സമീപിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!