ഓഫ്സൈഡ് കെണിയിൽ അർജൻ്റീനയുടെ 3 ഗോളുകൾ; കട്ടക്ക് പൊരുതി സൗദിയും, ആദ്യ പകുതിയിൽ അർജൻ്റീന 1–0ന് മുന്നിൽ-വീഡിയോ
ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യയ്‌ക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ അർജന്റീന വലയിൽ പന്തെത്തിച്ചത് ആകെ നാലു തവണയാണ്; അതിൽ ഗോൾ അനുവദിക്കപ്പെട്ടത് ഒരേയൊരെണ്ണവും.
അർജന്റീനയുടെ ഗോൾശ്രമങ്ങളിൽ ഏറിയ പങ്കും ഓഫ്സൈഡ് കെണിയിൽ കുരുങ്ങിയതോടെ, സൗദി അറേബ്യയ്‌ക്കെതിരായ ലോകകപ്പ് പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ അവർ ഏകപക്ഷീയമായ ഒരു ഗോളിനു മുന്നിൽ. സൂപ്പർതാരം ലയണൽ മെസ്സി 10–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് നേടിയ ഗോളാണ് അർജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചത്.
ലോകമെമ്പാടുമുള്ള ആരാധകരുടെ കിരീട പ്രതീക്ഷകൾക്ക് നിറം പകർന്നാണ് ഖത്തർ ലോകകപ്പിലെ ഗോൾവേട്ടയ്ക്ക് പെനൽറ്റി ഗോളിലൂടെ അർജന്റീനയും മെസ്സിയും തുടക്കമിട്ടത്. ഈ ഗോളിനു ശേഷം മെസ്സി ഉൾപ്പെടെ മൂന്നു തവണ കൂടി പന്ത് സൗദി വലയിലെത്തിച്ചെങ്കിലും അതെല്ലാം ഓഫ്സൈഡ് കെണിയിൽ കുരുങ്ങിയത് അർജന്റീനയ്ക്ക് തിരിച്ചടിയായി.
മറുവശത്ത്, അർജന്റീനയുടെ പേരും പെരുമയും വകവയ്ക്കാതെ പൊരുതിയ സൗദി അറേബ്യയും തീരെ മോശമാക്കിയില്ല. ഒന്നു രണ്ടു തവണ ഗോളിന് അടുത്തെത്തിയ അവർക്ക് ഫിനിഷിങ്ങിലെ പോരായ്മകൾ വിനയായി.
മത്സരത്തിന്റെ ആദ്യ മിനിറ്റു മുതൽ സൗദി ഗോൾമുഖം ആക്രമിച്ച അർജന്റീനയ്ക്കു ലഭിച്ച പ്രതിഫലമായിരുന്നു എട്ടാം മിനിറ്റിലെ പെനൽറ്റി. സൗദി ബോക്സിനുള്ളിൽ അർജന്റീന സമ്മർദ്ദം ചെലുത്തുന്നതിനിടെ അർജന്റീന താരം ലിയാൻഡ്രോ പരേദസിനെ സൗദിയുടെ അൽ ബുലയാഹി വീഴ്ത്തിയതിനായിരുന്നു പെനൽറ്റി.
വാറിന്റെ സഹായത്തോടെ നടത്തിയ പരിശോധനയ്ക്കൊടുവിലാണ് റഫറി അർജന്റീനയ്ക്ക് പെനൽറ്റി അനുവദിച്ചത്. കിക്കെടുത്ത മെസ്സി യാതൊരു പിഴവും കൂടാതെ അനായാസം ലക്ഷ്യം കണ്ടു.
Leo Messi opens the goal for Argentina and it's a penalty 🐐🔥🇦🇷#FIFAWorldCup #Messi pic.twitter.com/28AACcerft
— ᏦᎡᎪͲϴՏ༒ (@Kratos_XD_) November 22, 2022
22–ാം മിനിറ്റിൽ തകർപ്പൻ ഒറ്റയാൻ മുന്നേറ്റത്തിലൂടെ മെസ്സി വീണ്ടും ലക്ഷ്യം കണ്ടെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. പിന്നാലെ 28–ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസും ലക്ഷ്യം കണ്ടെങ്കിലും ഇക്കുറിയും ഓഫ്സൈഡ് വില്ലനായി. 34–ാം മിനിറ്റിൽ ഒരിക്കൽക്കൂടി അർജന്റീന പന്ത് സൗദി വലയിലെത്തിച്ചെങ്കിലും അതും ഓഫ്സൈഡ് കെണിയിൽ കുരുങ്ങി.
അപരാജിതരായി 36 മത്സരങ്ങൾ എന്ന പകിട്ടോടെയാണ് ഇന്ന് അർജന്റീന ലുസൈൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യയ്ക്കെതിരെ മത്സരത്തിന് ഇറങ്ങുന്നത്. ഇതേ ലുസൈൽ സ്റ്റേഡിയത്തിൽ ഡിസംബർ 18നാണ് ലോകകപ്പിന്റെ ഫൈനൽ. അപരാജിതരായി മുന്നേറി ആ മത്സരത്തിനെത്തിയാൽ അപ്പോഴേയ്ക്കും ഒരു ലോക റെക്കോർഡ് അർജന്റീനയ്ക്കു സ്വന്തമായിട്ടുണ്ടാകും. രാജ്യാന്തര ഫുട്ബോളിൽ തോൽവിയറിയാതെ ഏറ്റവും കൂടുതൽ മത്സരങ്ങൾ എന്ന നേട്ടം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക