പാര്‍ക്കിലെ ഊ‍ഞ്ഞാല്‍ പൊട്ടിവീണ് പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്: ഒന്നര കോടി നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

യുഎഇയിലെ പബ്ലിക് പാര്‍ക്കില്‍ സ്ഥാപിച്ചിരുന്ന ഊഞ്ഞാല്‍ പൊട്ടിവീണ് പരിക്കേറ്റ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് ഏഴ് ലക്ഷം ദിര്‍ഹം (ഒന്നര കോടിയിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. അല്‍ ഐനിലെ പാര്‍ക്കില്‍ കളിക്കുമ്പോഴാണ് ഊഞ്ഞാല്‍ പൊട്ടി കുട്ടിയുടെ തലയില്‍ പതിച്ചത്. പാര്‍ക്ക് മാനേജ്‍മെന്റ് നഷ്ടപരിഹാരം നല്‍കണമെന്ന് അല്‍ ഐന്‍ അപ്പീല്‍ കോടതി ഉത്തരവിട്ടു.

കേസില്‍ നേരത്തെ കീഴ്‍കോടതി നല്‍കിയ ഉത്തരവ് അപ്പീല്‍ കോടതി ശരിവെയ്ക്കുകയായിരുന്നു. എന്നാല്‍ നഷ്ടപരിഹാര തുക നാല് ലക്ഷം ദിര്‍ഹത്തില്‍ നിന്ന് ഏഴ് ലക്ഷം ദിര്‍ഹമാക്കി ഉയര്‍ത്തി. പാര്‍ക്ക് മാനേജ്‍മെന്റിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. 30 ലക്ഷം നഷ്ടപരിഹാരം തേടിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

സ്‍കൂളില്‍ നിന്നുള്ള പഠന യാത്രയ്ക്കിടെയായിരുന്നു അല്‍ ഐനിലെ പാര്‍ക്കിലെ ഊഞ്ഞാല്‍ പൊട്ടിവീണ് കുട്ടികള്‍ക്ക് പരിക്കേറ്റത്. പരാതിക്കാരന്റെ മകള്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും മുഖത്തും കഴുത്തിലും മുറിവുകളുണ്ടായെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കി.

അപകടത്തിന് ശേഷം കുട്ടിയുടെ ഓര്‍മശക്തിക്ക് തകരാര്‍ സംഭവിച്ചു. അടിക്കടിയുള്ള തലവേദനയും ശ്രദ്ധക്കുറവും സ്വഭാവത്തില്‍ അടിക്കടിയുണ്ടാവുന്ന മാറ്റങ്ങളും ഇപ്പോള്‍ കുട്ടിയെ അലട്ടുന്നുണ്ട്. ഇത് 30 ശതമാനം വൈകല്യമായി കണക്കാക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. കുട്ടിയ്ക്ക് മാനസിക സമ്മര്‍ദം പോലുള്ള മറ്റ് രോഗങ്ങളും അപകടം കൊണ്ടുണ്ടായി.

കേസ് ആദ്യം പരിഗണിച്ച പ്രാഥമിക ക്രിമനല്‍ കോടതി , അപകടത്തിന് പാര്‍ക്ക് മാനേജ്‍മെന്റ് ഉത്തരവാദിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നഷ്ടപരിഹാരം തേടി കുട്ടിയുടെ കുടുംബം സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. അല്‍ ഐന്‍ പ്രാഥമിക സിവില്‍ കോടതി പാര്‍ക്ക് മാനേജ്‍മെന്റ് നാല് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചു. ഇതിനെതിരെ കുട്ടിയുടെ കുടുംബവും പാര്‍ക്ക് മാനേജ്മെന്റും അപ്പീല്‍ നല്‍കി. എന്നാല്‍ അപ്പീല്‍ കോടതി നഷ്ടപരിഹാരത്തുക ഏഴ് ലക്ഷം ദിര്‍ഹമാക്കി ഉയര്‍ത്തുകയായിരുന്നു. കുട്ടിയുടെ കുടുംബത്തിന് നിയമനടപടികള്‍ക്ക് ചെലവായ തുകയും പാര്‍ക്ക് മാനേജ്മെന്റ് നല്‍കണം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!