കെട്ടിടത്തിൻ്റെ 14–ാം നിലയിൽ നിന്നു വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു
ഷാർജയിൽ കെട്ടിടത്തിന്റെ 14–ാം നിലയിൽ നിന്നു വീണു മൂന്നുവയസ്സുള്ള കുട്ടി മരിച്ചു. തിങ്കളാഴ്ച രാവിലെ 6.30ഓടെയാണ് സംഭവം. ഷാർജയിലെ അൽ താവുൻ ഏരിയയിൽ സംഭവം കണ്ടവർ ഷാർജ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞു പൊലീസ് എത്തിയപ്പോഴേക്കു മരണം സംഭവിച്ചിരുന്നു. മൂന്ന് വയസുള്ള പാകിസ്ഥാൻ ബാലനാണ് മരിച്ചത്. കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. കൂടുതൽ അന്വേഷണം നടക്കുകയാണ്. സംഭവത്തിൽ ദുരൂഹത ഇല്ലെന്നാണു പ്രാഥമിക നിഗമനം.
ഷാർജ പോലീസ് ഓപ്പറേഷൻസ് റൂമിൽ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആംബുലൻസും അൽ ബുഹൈറ പോലീസ് സ്‌റ്റേഷൻ പട്രോളിംഗും സംഭവസ്ഥലത്തെത്തി. എന്നാൽ കുട്ടിയെ നിലത്ത് വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. വീഴ്ചയുടെ ആഘാതത്തിൽ കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് പറഞ്ഞു.
പോലീസ് അന്വേഷണത്തിൽ കുട്ടി ജനലിനടിയിൽ വെച്ചിരുന്ന കട്ടിലിൽ കയറി ജനൽ വഴി വീഴുകയായിരുന്നുവെന്ന് കണ്ടെത്തി. മൃതദേഹം രാവിലെ 7.30 ഓടെ അൽ ഖാസിമി ആശുപത്രിയിലേക്കും തുടർന്ന് പോസ്റ്റുമോർട്ടത്തിനായി ഫോറൻസിക് ലബോറട്ടറിയിലേക്കും മാറ്റി.
വീട്ടിലെ മറ്റു കുട്ടികളെ സ്‌കൂൾ ബസിൽ കയറ്റാനായി അമ്മ താഴേക്ക് പോയതായിരുന്നു. ഇതിനിടയിൽ ഉറക്കമുണർന്ന കുട്ടി അമ്മയെ കാണാത്തതിനാൽ ജനൽ വഴി എത്തിനോക്കുന്നതിനിടയിൽ താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക