ഗർഭാശയ ശസ്ത്രക്രിയക്കിടെ യുവതിയുടെ രണ്ടു വൃക്കകളും ഡോക്ടർ നീക്കം ചെയ്തു; തട്ടിപ്പു പുറത്തായതോടെ ഡോക്ടർ ഒളിവിൽ പോയി

ഗർഭാശയ രോഗചികിൽസയ്ക്കു പോയ യുവതിയുടെ രണ്ടു വൃക്കകളും ഡോക്ടർ നീക്കം ചെയ്തു. മുസഫർപുരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ സുനിതാ ദേവി (38)യാണ് തട്ടിപ്പിനിരയായത്. മുസഫർപുരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളജിൽ ഡയാലിസിസിലൂടെ ജീവൻ നിലനിർത്തുകയാണിപ്പോൾ യുവതി. വൃക്ക തട്ടിപ്പു വെളിപ്പെട്ടതോടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആർ.കെ.സിങ് ഒളിവിൽ പോയി.

സെപ്റ്റംബർ മൂന്നിനായിരുന്നു യുവതിയെ കബളിപ്പിച്ചു വൃക്ക നീക്കം ചെയ്തത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നു യുവതിയെ ശ്രീകൃഷ്ണ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചപ്പോഴാണ് വൃക്കകൾ നീക്കം ചെയ്തതായി കണ്ടെത്തിയത്.

കുറ്റവാളിയായ ഡോക്ടറെ ഉടൻ പിടികൂടണമെന്നും ഡോക്ടറുടെ വൃക്കകൾ തനിക്കു നൽകണമെന്നും യുവതി ആവശ്യപ്പെട്ടു.

സെപ്തംബർ ആദ്യത്തിലാണ് ഗർഭപാത്രം നീക്കം ചെയ്യാനുള്ള ഓപ്പറേഷന്റെ പേരിൽ ഒരു സ്വകാര്യ നഴ്സിംഗ് ഹോമിൽ വച്ച് ദേവിയുടെ വൃക്കകൾ മോഷ്ടിച്ചത്.  ദിവസങ്ങൾക്ക് ശേഷം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വൃക്ക നീക്കം ചെയ്ത സ്വകാര്യ ക്ലിനിക്കിൽ ഓപ്പറേഷൻ തിയറ്ററോ മറ്റു  അടിസ്ഥാന സൗകര്യങ്ങളോ ഇല്ലെന്ന് കണ്ടെത്തി. അടിസ്ഥാന മെഡിക്കൽ വ്യവസ്ഥകൾ ലംഘിച്ച്, മുസാഫർപൂരിലെ റൂറൽ സുഭകാന്ത് ക്ലിനിക്ക് സർക്കാർ ഏജൻസിയുടെ ഔദ്യോഗിക അനുമതിയില്ലാതെ ശസ്ത്രക്രിയ നടത്തുകയായിരുന്നു.

പോലീസ് പറയുന്നതനുസരിച്ച്, ക്ലിനിക്കിന്റെ രജിസ്ട്രേഷൻ നമ്പറോ ഡോക്ടർമാരുടെ ബിരുദമോ ഒരിടത്തും പ്രദർശിപ്പിച്ചിട്ടില്ല. സ്വയം പ്രഖ്യാപിത ഡോക്ടർമാരാണ് ക്ലിനിക്ക് നടത്തുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ഡോക്ടർമാർ ഒളിവിലാണെന്നും ക്ലിനിക്ക് അടച്ചിട്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

വൃക്ക നഷ്ടപ്പെട്ട ദേവിയുടെ ഭർത്താവ് റാം പറയുന്നു: വയറുവേദനയെ തുടർന്നായിരുന്നു സെപ്തംബർ ആദ്യം ദേവിയെ ശുഭകാന്ത് ക്ലിനിക്കിൽ എത്തിച്ചത്. അവളെ പരിശോധിച്ച് അൾട്രാസൗണ്ട് നടത്തിയ ശേഷം, ഗർഭപാത്രം നീക്കം ചെയ്യണമെന്നും ഉടൻ പണമടക്കണമെന്നും ഡോക്ടർമാർ കുടുംബത്തോട് ആവശ്യപ്പെട്ടു.
എന്നാൽ ഓപ്പറേഷൻ കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം, ദേവിയുടെ ആരോഗ്യം അതിവേഗം വഷളായി, അവളുടെ ശരീരം വീർക്കുകയും, അസ്വസ്ഥതയും കടുത്ത ബലഹീനതയും അനുഭവപ്പെടുകയും ചെയ്യുന്നതായി അവർ ഡോക്ടർമാരെ അറിയിച്ചു. പ്രശ്‌നം മനസ്സിലാക്കിയ ക്ലിനിക്കിലെ ഒരു ഡോക്ടർ അവളെ മെച്ചപ്പെട്ട ചികിത്സയ്ക്കായി പട്‌നയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ, അവളുടെ രണ്ട് വൃക്കകളും നീക്കം ചെയ്‌തിട്ടുണ്ടെന്നും അടിയന്തര ചികിത്സ ആവശ്യമാണെന്നും സർക്കാർ നിയന്ത്രണത്തിലുള്ള പട്‌ന മെഡിക്കൽ കോളജ് ആശുപത്രിയിലെ (പിഎംസിഎച്ച്) ഡോക്ടർമാർ അറിയിച്ചപ്പോഴാണ് വൃക്കകൾ മോഷ്ടിക്കപ്പെട്ട കാര്യം ദേവിയും കുടുംബവും അറിയുന്നത്.

പിന്നീട് വൃക്ക നഷ്ടപ്പെട്ട ദേവിയെ മുസാഫർപൂരിലെ എസ്‌കെഎംസിഎച്ചിൽ പ്രവേശിപ്പിച്ചു, അവിടെ ഡോക്ടർമാർ വീണ്ടും പരിശോധനകൾ നടത്തി ഇരു വൃക്കകളും നീക്കം ചെയ്തതായി സ്ഥിരീകരിച്ചു. തുടർന്ന് അവളെ പട്‌ന ആസ്ഥാനമായുള്ള ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റുകയും ഉടൻ തന്നെ സ്ഥിരമായി ഡയാലിസിസ് ചെയ്യുന്നതിനായി എസ്‌കെഎംസിഎച്ചിലേക്ക് തിരിച്ചയക്കുകയും ചെയ്തു.

നഷ്ടപ്പെട്ട വൃക്കകൾക്ക് പകരം മറ്റൊരു വൃക്ക വെക്കണമെന്ന് രണ്ട് മാസത്തിലേറെയായി സർക്കാരിനോട് ആവശ്യപ്പെടുന്നു, പക്ഷേ അതൊന്നും കാര്യമായി ആരും പരിഗണിക്കുന്നില്ല. ഞങ്ങൾ ദരിദ്രരും ശക്തിയില്ലാത്തവരും ശബ്ദമില്ലാത്തവരുമാണ്. ഞങ്ങളെ ആരു കേൾക്കും? ഉദ്യോഗസ്ഥർ ഞങ്ങളെ അവഗണിക്കുകയാണ്. മൂന്ന് കുട്ടികളുടെ അമ്മയായ ദേവി തിങ്കളാഴ്ച ഡയാലിസിസിന് ശേഷം ആശുപത്രി കിടക്കയിൽ കിടന്ന് പറഞ്ഞു.

തന്റെ രണ്ട് വൃക്കകളും നിയമവിരുദ്ധമായി നീക്കം ചെയ്ത ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്യണമെന്നും അതിനുള്ള ശിക്ഷയായി തനിക്ക് ഒരു വൃക്ക നൽകാൻ കോടതി ഉത്തരവിടണമെന്നും ദേവി പറഞ്ഞു.

അതേസമയം, മുസാഫർപൂരിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള വൃദ്ധൻ ശ്യാംസുന്ദർ ദേവിയുടെ ജീവൻ രക്ഷിക്കാൻ ഒരു വൃക്ക നൽകാൻ മുന്നോട്ട് വന്നതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് ദേവിക്കും കുടുംബത്തിനും വലിയ പ്രതീക്ഷയായിട്ടുണ്ട്. ഇലക്‌ട്രീഷ്യനായി ജോലി ചെയ്യുന്ന ശ്യാംസുന്ദറിലാണ് ഇപ്പോൾ എല്ലാവരുടെയും കണ്ണ്. ദേവി ചികിൽസയിൽ കഴിയുന്ന എസ്‌കെഎംസിഎച്ചിൽ തന്റെ സമ്മതം രേഖാമൂലം നൽകിയാൽ, അത് ദേവിയുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ സഹായിക്കും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!