ഗാർഹിക തൊഴിലാളികൾക്ക് പ്രത്യേക സാഹചര്യങ്ങളിൽ ലെവിയിൽ ഇളവ് നൽകാൻ മന്ത്രിസഭാ തീരുമാനം

സൌദിയിൽ അസാധാരണ സാഹചര്യങ്ങളിലുള്ള വീട്ടുജോലിക്കാരെ ലെവിയിൽ നിന്ന് ഒഴിവാക്കാൻ മന്ത്രിസഭാ തീരുമാനിച്ചു.  ഇന്ന് (ചൊവ്വാഴ്‌ച) റിയാദിലെ അൽ-യമാമ കൊട്ടാരത്തിൽ സൌദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

മാനുഷിക സാഹചര്യങ്ങൾ പരിഗണിച്ചാണ് ലെവിയിൽ ഇളവ് അനുവദിക്കുക. നിശ്ചിത എണ്ണത്തിൽ കൂടുതലുള്ള വീട്ടുജോലിക്കാർക്ക് ലെവി നിർബന്ധമാക്കികൊണ്ട് അടുത്തിടെയാണ് ഉത്തരവിറക്കിയിരുന്നത്. എന്നാൽ ലെവി ബാധകമാകുന്ന തൊഴിലാളികളെ ആവശമായ മാനുഷിക പരിഗണന അർഹിക്കുന്ന സാഹചര്യങ്ങളിൽ ലെവിയിൽ ഇളവ് നൽകും. മെഡിക്കൽ പരിചരണം, വികലാംഗ പരിചരണം തുടങ്ങിയ പ്രത്യേക മാനുഷിക പരിഗണന അർഹിക്കുന്ന ആവശ്യങ്ങൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളികൾക്കാണ് ഈ ഇളവ് ലഭിക്കുക.

സൗദി പൗരന്റെ സ്‌പോൺസർഷിപ്പിൽ നാലിൽ കൂടുതലുള്ള ഗാർഹിക തൊഴിലാളികൾക്കും വിദേശിയുടെ സ്‌പോൺസർഷിപ്പിൽ രണ്ടിൽ കൂടുതലുള്ള വേലക്കാർക്കും വർഷത്തിൽ 9,600 റിയാൽ തോതിൽ ലെവി ബാധകമാക്കാൻ എട്ട് മാസം മുമ്പാണ് മന്ത്രിസഭ തീരുമാനിച്ചത്.

ആദ്യ ഘട്ടത്തിൽ പുതിയ വിസയിൽ റിക്രൂട്ട് ചെയ്യുന്ന, സൗദി പൗരനു കീഴിലെ നാലിൽ കൂടുതലായി വരുന്ന ഗാർഹിക തൊഴിലാളികൾക്കും വിദേശിക്കു കീഴിലെ രണ്ടിൽ കൂടുതലായി ഉയരുന്ന വേലക്കാർക്കും കഴിഞ്ഞ ശവ്വാൽ 21 മുതൽ ലെവി ബാധകമാക്കി.

ഈ വർഷം ശവ്വാൽ 21 മുതൽ സൗദി പൗരനു കീഴിലെ നാലിൽ കൂടുതലുള്ള പുതിയതും പഴയതുമായ ഗാർഹിക തൊഴിലാളികൾക്കും വിദേശിക്കു കീഴിലെ രണ്ടിൽ കൂടുതലുള്ള മുഴുവൻ വേലക്കാർക്കും വർഷത്തിൽ 9,600 റിയാൽ തോതിൽ ലെവി ബാധകമാക്കും.

എന്നാൽ പുതിയ മന്ത്രിസഭാ തീരുമാന പ്രകാരം ലെവി ബാധകമല്ലാത്ത, അനുവദനീയമായ പരിധിയിൽ കൂടുതൽ ഗാർഹിക തൊഴിലാളികളെ ആവശ്യമുള്ള മെഡിക്കൽ പരിചരണം, വികലാംഗ പരിചരണം പോലെയുള്ള മാനുഷിക കേസുകളിൽ വീട്ടുവേലക്കാരെ ലെവിയിൽ നിന്ന് ഒഴിവാക്കും.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!