വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; പിതാവും മകനും സംഭവസ്ഥലത്ത് തന്നെ മരിച്ചു
യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ പിതാവും മകനും മരിച്ചു. ശനിയാഴ്ചയാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്.
ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിലൂടെ അമിതവേഗത്തിലെത്തിയ ഒരു വാഹനം പിതാവും മകനും സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം മറിയുകയും സംഭവസ്ഥലത്ത് തന്നെ പിതാവും മകനും മരിക്കുകയുമായിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചയാള്‍ക്ക് അപകടത്തില്‍ നിസ്സാര പരിക്കേറ്റിരുന്നു. ഇയാളെ ചികിത്സക്ക് ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു. ട്രാഫിക് നിയമലംഘനങ്ങളുടെ പേരില്‍ നേരത്തെ ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളതാണ്.
53കാരനായ പിതാവിന്റെ കാര്‍ വര്‍ക്ക്‌ഷോപ്പിലായതിനാല്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാന്‍ പോയതാണ് 23കാരനായ മകന്‍. ഈ സമയത്താണ് അപകടമുണ്ടായതെന്ന് മരണപ്പെട്ടവരുടെ കുടുംബം പറഞ്ഞു. വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായ വിവരം ശനിയാഴ്ച രാവിലെ എട്ടു മണിക്കാണ് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിക്കുന്നത്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ട്രാഫിക് നിയമങ്ങള്‍ പാലിച്ചു വേണം വാഹനമോടിക്കാനെന്ന് ഫുജൈറ പൊലീസ് ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഷാര്‍ജയില്‍ വാഹനാപകടത്തില്‍ കൗമാരക്കാരായ രണ്ടുപേര്‍ മരണപ്പെട്ടിരുന്നു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. സ്വദേശികളാണ് ഇവര്‍ എല്ലാവരും. ഷാര്‍ജ സെന്ട്രല്‍ റീജിയണില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് വെളിപ്പെടുത്തി. അല്‍ മദാം പ്രദേശത്താണ് അപകടം ഉണ്ടായത്.
പതിനാലും പതിനാറും വയസ്സ് പ്രായമുള്ള കുട്ടികളാണ് അപകടത്തില്‍ മരിച്ചത്. വാഹനമോടിച്ചവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സില്ലായിരുന്നെന്ന് പൊലീസ് അറിയിച്ചു. രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. രാത്രി 12 മണിക്കാണ് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ അപകട വിവരം ലഭിക്കുന്നത്.
ഉടന്‍ തന്നെ പൊലീസ് പട്രോള്‍ സംഘവും ആംബുലന്‍സുകളും സ്ഥലത്തെത്തി ഇവരെ അല്‍ ദൈയ്ദ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് പരിക്കേറ്റവരില്‍ രണ്ടുപേരെ റാഷിദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചു. ലൈസന്‍സില്ലാതെ കുട്ടികളെ വാഹനമോടിക്കാന്‍ ഒരു കാരണവശാലും അനുവദിക്കരുതെന്ന് ഷാര്‍ജ പൊലീസ് മാതാപിതാക്കളോട് ആവശ്യപ്പെട്ടു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക