മുടികൊഴിച്ചിലിന് മരുന്ന് കഴിച്ചു, പുരികവും രോമവും വരെ കൊഴിഞ്ഞു; മനംനൊന്ത് യുവാവ് ജീവനൊടുക്കി

മുടികൊഴിച്ചിലിനു മരുന്ന് കഴിച്ചതിനു പിന്നാലെ പുരികവും രോമവും വരെ കൊഴിഞ്ഞതിൽ മനംനൊന്ത് യുവാവ് ആത്മ‌ഹത്യ ചെയ്‌തതായി ബന്ധുക്കളുടെ പരാതി. ഉള്ളിയേരി നോർത്ത് കന്നൂർ സ്വദേശി തണ്ണീരി വീട്ടിൽ പ്രഭാകരന്റെ മകൻ പ്രശാന്തി(26)നെയാണ് കഴിഞ്ഞ മാസം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ചികിത്സിച്ച ഡോക്ടറുടെ പേര് എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. എന്നാൽ പൊലീസിന്റെ തുടരന്വേഷണത്തിൽ തൃപ്തിയില്ലെന്നു കുടുംബം പറയുന്നു.

 

മരുന്ന് കഴിച്ചതിനു പിന്നാലെ പുരികവും രോമവും വരെ കൊഴിഞ്ഞതിൽ പ്രശാന്ത് നിരാശനായിരുന്നു. ഇത് വിവാഹാലോചനയെപ്പോലും ബാധിച്ചതോടെ പ്രശാന്ത് ദുഃഖിതനായിരുന്നു. മരണത്തിന്റെ ഉത്തരവാദി മുടി കൊഴിച്ചിലിനു ചികിത്സിച്ച ഡോക്ടർ ആണെന്നും മുടി കൊഴിയുന്നതിന്റെ മനോവിഷമത്തിൽ പുറത്തിറങ്ങാൻ സാധിക്കുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

 

കുറിപ്പിൽ പറയുന്ന പ്രകാരം 2014 മുതൽ കോഴിക്കോട് ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. ഡോക്ടർ മരുന്നും ഗുളികയും നൽകി. അത് കഴിച്ചതിന് ശേഷം പുരികവും മൂക്കിലെയും ദേഹത്തെയും രോമങ്ങൾ വരെ കൊഴിയാൻ തുടങ്ങി.വീണ്ടും മരുന്നു തുടർന്നെങ്കിലും ഒരുഫലവും കണ്ടില്ല. 2020 വരെ ചികിത്സയിലായിരുന്നു.

 

അത്തോളി പൊലീസിൽ പരാതി നൽകിയെങ്കിലും കേസന്വേഷണത്തിൽ തൃപ്തിയില്ലെന്നാണ് കുടുംബം പറയുന്നത്. നഗരത്തിലെ ഒരു സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർക്കെതിരെയായിരുന്നു പരാതി. പ്രഥമദൃഷ്ട്യ കുറ്റം കണ്ടെത്തിയിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടന്നുവരുന്നുവെന്നും അത്തോളി പൊലീസ് പറഞ്ഞു. അതേസമയം കൃത്യമായ ചികിത്സയാണ് നൽകിയതെന്നും വട്ടത്തിൽ മുടി പോകുന്ന രോഗം പ്രശാന്തിനുണ്ടായിരുന്നുവെന്നാണു ഡോക്ടർ പറയുന്നത്. പേരാമ്പ്ര എഎസ്‌പിക്ക് കുടുംബം നൽകിയ പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!