വ്യാജ അക്കൗണ്ട് വഴി പാകിസ്ഥാൻ പൗരൻ്റെ പണം തട്ടിയെടുത്തു; ചെയ്യാത്ത കുറ്റത്തിന് പ്രവാസി മലയാളി ജയിലില്‍

സൗദി അറേബ്യയില്‍ പാകിസ്ഥാന്‍ പൗരന്‍റെ പണം തട്ടിയ കേസില്‍ പ്രവാസി മലയാളി ജയിലില്‍. പാകിസ്ഥാന്‍ പൗരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് റിയാദിലുള്ള മലയാളി പിടിയിലായത്.

മലയാളി അറിയാതെയാണ് അയാളുടെ പേരിൽ ബാങ്കിൽ അക്കൗണ്ട് ഉണ്ടാക്കി ഇതുവഴി പാകിസ്ഥാന്‍ പൗരന്റെ
അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്തത്. പണം നഷ്ടപ്പെട്ടതായി മനസ്സിലാക്കിയ പാക് പൗരന്‍, തൈമ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് നിരപരാധിയായ മലയാളിയുടെ നേര്‍ക്ക് നീണ്ടത്.

രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യാനെന്ന പേരില്‍ ഐഎംഒ വഴി ബാങ്കുദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ഒരാള്‍ പാക് പൗരനെ വിളിക്കുകയും തുടര്‍ന്ന് ഇയാള്‍ തന്റെ മൊബൈലില്‍ എത്തിയ ഒടിപി പറഞ്ഞുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് പാക് പൗരന്‍റെ പേരില്‍ നാഷനൽ കോമേഴ്സ്യൽ ബാങ്കിൽ (എൻ.സി.ബി) അക്കൗണ്ടിലുണ്ടായിരുന്ന 998 റിയാല്‍ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി. ഇതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം പാകിസ്ഥാനിക്ക് മനസ്സിലായത്. പണം നഷ്ടപ്പെട്ടെന്ന് മനസ്സിലായതോടെ വടക്കൻ സൗദിയിലെ തബൂക്കില്‍ ജോലി ചെയ്യുന്ന പാകിസ്ഥാനി തൈമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റിയാദ് ബത്ഹയിലെ ഒരു ഇന്ത്യക്കാരന്റെ പേരിലുള്ള അല്‍ഇന്‍മാ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം മാറ്റിയതെന്ന് സെന്‍ട്രല്‍ ബാങ്കില്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഈ അക്കൗണ്ടിന്റെ ഉടമ മലയാളിയായിരുന്നു. ഇദ്ദേഹത്തെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. എന്നാല്‍ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് മലയാളി പറഞ്ഞു. തനിക്ക് അല്‍റാജ്ഹി ബാങ്കില്‍ മാത്രമേ അക്കൗണ്ട് ഉള്ളൂവെന്നും അല്‍ഇന്‍മായില്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷനിലേക്ക് മാറ്റി. മലയാളിയെ ജയിലിലാക്കുകയും ചെയ്തു. കേസ് കോടതി പരിഗണിച്ചപ്പോള്‍, ഇദ്ദേഹം തന്റെ പേരില്‍ അല്‍ഇന്‍മാ അക്കൗണ്ട് ഇല്ലെന്നും പാകിസ്ഥാനിയെ വിളിക്കുകയോ പണം ട്രാന്‍സ്ഫറാക്കുകയോ ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും ജഡ്ജിയോട് പറഞ്ഞു. താന്‍ മൂന്നുമാസം നാട്ടിലായിരുന്നെന്നും ആ സമയത്ത് തന്‍റെ വിവരങ്ങള്‍ ഉപയോഗിച്ച് മറ്റാരെങ്കിലും അക്കൗണ്ട് തുറന്നതാകാമെന്നും ഒടിപി ചോദിച്ച് ഒരാള്‍ വിളിച്ചിരുന്നുവെന്നും മലയാളി വ്യക്തമാക്കി. ഇദ്ദേഹം കുറ്റം നിഷേധിക്കുകയും ചെയ്തു.

ഐഎംഒയില്‍ വിളിച്ചയാള്‍ എന്‍സിബിയുടെ ലോഗോ വെച്ചിരുന്നുവെന്നും അതുകൊണ്ടാണ് ഒടിപി നല്‍കിയതെന്നും അപ്പോഴേക്കും പണം ട്രാന്‍സ്ഫര്‍ ആയെന്നും പാകിസ്ഥാനിയും വ്യക്തമാക്കി. തന്റെ പേരില്‍ അല്‍റാജ്ഹി അക്കൗണ്ട് മാത്രമേയുള്ളൂ. അല്‍ഇന്‍മായില്‍ അക്കൗണ്ട് ഇല്ലാത്തതിനാല്‍ അല്‍ഇന്‍മാ അക്കൗണ്ടിന്‍റെ പേരില്‍ ചോദിച്ചയാള്‍ക്ക് ഒടിപി നല്‍കി. ഇതില്‍ സംശയം തോന്നിയില്ല. പക്ഷേ അത് തന്റെ പേരില്‍ അക്കൗണ്ട് തുറക്കാനാണെന്നും അതുവഴി പണം തട്ടാനാണെന്നും അറിഞ്ഞിരുന്നില്ലെന്ന് മലയാളി വ്യക്തമാക്കി.

നിലവില്‍ ജയിലില്‍ കഴിയുന്ന നിരപരാധിയായ മലയാളിയുടെ മോചനത്തിന് ഇന്ത്യന്‍ എംബസിയും കെഎംസിസി സാമൂഹിക പ്രവര്‍ത്തകരും ശ്രമം ആരംഭിച്ചിട്ടുണ്ട്.   ഇദ്ദേഹത്തെ മോചിപ്പിക്കാനാവാശ്യമായ നടപടികളുമായി എംബസി ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരിയും റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരുമാണ് രംഗത്തുള്ളത്. അധികം വൈകാതെ തന്നെ മലയാളി ജയില്‍ മോചിതനാകുമെന്നാണ് പ്രതീക്ഷ. അതേസമയം ബാങ്കില്‍ നിന്നോ മറ്റോ മൊബൈലുകളിലെത്തുന്ന ഒടിപികള്‍ അജ്ഞാതര്‍ക്ക് കൈമാറരുതെന്ന് സെന്‍ട്രല്‍ ബാങ്കും മറ്റു ധനകാര്യ സ്ഥാപനങ്ങളും നിരന്തരം ഓര്‍മ്മിപ്പിക്കുന്നുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!