ചെളിക്കെട്ടിൽ ജീവനറ്റ് ഇനിയും നൂറിലേറെ പേർ, എല്ലാവരെയും പുറത്തെടുക്കാനായില്ല; ഗുജറാത്ത് പാലം അപകടത്തിൽ തിരച്ചിൽ നാളെയും തുടരും – വീഡിയോ

ഗുജറാത്ത് മോർബിയിലെ തൂക്കുപാലം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് കാണാതായവർക്ക് വേണ്ടിയുള്ള രണ്ടാം ദിവസത്തെ തിരച്ചിൽ നിർത്തിവച്ചു. കാണാതായവർക്കായി നാളയും തിരച്ചിൽ തുടരും. ഞായറാഴ്ച വൈകിട്ട് ആറരയോടെ ഉണ്ടായ ദുരന്തത്തില്‍ 47 കുട്ടികളുൾപ്പെടെ,  141 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് വിവരം. ഇനിയും നൂറിലേറെ പേരെ കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ട്. മുന്നൂറോളം സൈനികരാണ് തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി വിന്യസിച്ചത്.

മാച്ചു നദിയിൽ അപകടം നടന്ന ഭാഗത്ത് ചെളിക്കെട്ടാണ്. നിരവധി പേർ ഇതിനകത്ത് കുടുങ്ങിക്കിടക്കുകയാണെന്നാണ് സംശയിക്കുന്നത്. ചെളിയായതിനാൽ രക്ഷാപ്രവർത്തനവും ദുസ്സഹമാണ്. അപകടസമയത്ത് 500ഓളം പേർ പാലത്തിലുണ്ടായിരുന്നതായാണ് അധികൃതർ നൽകുന്ന സൂചന.

 

 

സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ ഗാന്ധിനഗറിലെ രാജ്ഭവനിൽ ഉന്നതതല യോഗം ചേർന്നു. മോർബിയിൽ നിർഭാഗ്യകരമായ ദുരന്തം ഉണ്ടായതുമുതൽ നടന്നുകൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനങ്ങളെയും ദുരിതാശ്വാസ പ്രവർത്തനങ്ങളെയും കുറിച്ച് പ്രധാനമന്ത്രിയെ വിവരിച്ചു. ദുരന്തവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും ചർച്ച ചെയ്തു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രധാനമന്ത്രി ഒരിക്കൽ കൂടി ഊന്നൽ നൽകി.

 

 

140ലേറെ വർഷം പഴക്കമുള്ള തൂക്കുപാലമാണ് ഇന്നലെ രാത്രി പുഴയിലേക്ക് തകർന്നുവീണത്. അറ്റകുറ്റപണിക്കായി ഏഴു മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു പാലം. ഈ മാസം 24ന് ഗുജറാത്ത് പുതുവത്സരദിനത്തിലാണ് പാലം തുറന്നുകൊടുത്തത്. ഒരാഴ്ചയ്ക്കുള്ളിൽ അപകടവും സംഭവിച്ചു.

തൂക്കുപാലദുരന്തവുമായി ബന്ധപ്പെട്ട് ഒന്‍പതു പേര്‍ അറസ്റ്റിലായിട്ടുണ്ട്. തൂക്കുപാലത്തിന്റെ നവീകരണം നടത്തിയ ‘ഒറേവ’ കമ്പനിയിലെ മാനേജര്‍മാര്‍, പാലത്തിലെ പ്രവേശന ടിക്കറ്റ് കളക്ടര്‍മാര്‍, സുരക്ഷാജീവനക്കാര്‍ എന്നിവരുള്‍പ്പെടെയാണ് അറസ്റ്റിലായിരിക്കുന്നത്.

തൂക്കുപാലം തകർന്നത് ചിലർ മനഃപൂർവം ക്ഷണിച്ചുവരുത്തിയ ദുരന്തമെന്ന് ആക്ഷേപമുയർന്നു. അപകടത്തിനു തൊട്ടുമുൻപ് യുവാക്കളുടെ ഒരു സംഘം തൂക്കുപാലത്തിൽ കയറിനിന്ന് പാലം കുലുക്കാൻ ശ്രമിച്ചതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിനു മുൻപ് പാലത്തിലുണ്ടായിരുന്ന അഹമ്മദാബാദ് സ്വദേശി വിജയ് ഗോസ്വാമിയും കുടുംബവുമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 

 

 

അറ്റകുറ്റപണി നടത്തിയ ഗുജറാത്ത് കമ്പനിയായ ഒറേവയുടെ നാല് തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറ്റകുറ്റപണിയിൽ വീഴ്ച സംഭവിച്ചുവെന്നാണ് കുറ്റപത്രത്തിൽ ആരോപിക്കുന്നത്. തൂക്കുപാലം തുറന്നത് നിയമവിരുദ്ധമായാണെന്നും റിപ്പോർട്ടുണ്ട്. അറ്റകുറ്റപണിക്കുശേഷം ഫിറ്റ്‌നെസ് റിപ്പോർട്ട് നൽകിയിട്ടില്ലെന്നും തങ്ങളെ അറിയിക്കാതെയാണ് ജനങ്ങൾക്കായി തുറന്നുകൊടുത്തതെന്നും മോർബി മുനിസിപ്പൽ ഭരണകൂടം ആരോപിച്ചു.

15 വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് മോർബി നഗരസഭാ അറ്റകുറ്റപ്രവൃത്തി ഒറേവ ഗ്രൂപ്പിനു കീഴിലുള്ള അജന്ത മാനുഫാക്ചറിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് നൽകിയത്. 15 വർഷം പാലം നോക്കിനടത്തുന്നത് കമ്പനിയായിരിക്കും. സന്ദർശകരിൽനിന്ന് 17 രൂപ ടിക്കറ്റ് ആയി ഈടാക്കാനും അനുമതി നൽകിയിട്ടുണ്ട്.

 

 

അറ്റകുറ്റപണിയുടെ ഭാഗമായ സാങ്കേതിക പ്രവൃത്തികൾ ദേവ്പ്രകാശ് സൊല്യൂഷൻസ് എന്ന ചെറുകിട നിർമാണ കമ്പനിക്ക് അജന്ത നൽകുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. അപകടത്തിൽ ഒറേവ ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല. സന്ദർശകർ പാലത്തിനു കേടുപാട് വരുത്താതെ സൂക്ഷിക്കുകയാണെങ്കിൽ 15 വർഷം വരെ കാര്യമായ പ്രശ്‌നങ്ങളില്ലാതെ തുടരാനാകുമെന്നാണ് അറ്റകുറ്റപണി പൂർത്തിയാതിനു പിന്നാലെ ഒറേവ എം.ഡി ജയ്‌സുഖ്ഭായ് പട്ടേൽ മാധ്യമങ്ങളോട് അവകാശപ്പെട്ടിരുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!