ഇ.ഡി കേസിൽ സിദ്ദീഖ് കാപ്പൻ്റെ ജാമ്യാപേക്ഷ തള്ളി; ജയില്‍മോചനം നീളും
മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീക്ക് കാപ്പൻ്റെ ജയിൽ മോചനം ഇനിയും നീളും. ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ സിദ്ദീഖിൻ്റെ ജാമ്യാപേക്ഷ ലഖ്നോ കോടതി തള്ളി. എന്നാൽ കാപ്പനൊപ്പമുണ്ടായിരുന്ന ആലമിന് ഇതേ കേസിൽ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം (സെപ്റ്റംബർ) ഒൻപതിന് യു.എ.പി.എ കേസിൽ സിദ്ദീഖ് കാപ്പന് സുപ്രിംകോടതി ജാമ്യം നൽകിയിരുന്നു. ജാമ്യം നേടി ആറാഴ്ച ഡൽഹിയിൽ കഴിയണമെന്നും അതിനുശേഷം കേരളത്തിലേക്ക് പോകാമെന്നുമാണ് കോടതി ഉത്തരവിൽ അറിയിച്ചിരുന്നത്. എന്നാൽ, ഇ.ഡി കേസിൽകൂടി ജാമ്യം ലഭിക്കാത്തതിനാലാണ് കാപ്പന്റെ മോചനം നീണ്ടുപോകുന്നത്.
ഹാഥ്റസിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് യു.പി പൊലീസ് കാപ്പനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. അലഹബാദ് ഹൈക്കോടതി നേരത്തെ കാപ്പന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ചത്.
ദലിത് ബാലിക കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഹാഥറസിലേക്കു പോകുന്നതിനിടെ 2020 ഒക്ടോബർ അഞ്ചിനാണ് സിദ്ദീഖ് കാപ്പൻ അറസ്റ്റിലായത്. തുടർന്ന് കാപ്പനെയും കൂടെ അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് നേതാക്കളെയും യു.എ.പി.എ ചുമത്തി ജയിലിലടക്കുകയായിരുന്നു. യുഎപിഎ കേസിൽ ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും ഇ.ഡി കേസിൽകൂടി ജാമ്യം ലഭിച്ചാലേ ജയിൽ മോചിതനാകാൻ സാധിക്കുകയുള്ളൂ.
രണ്ടു വർഷം ജയിലിൽ കഴിഞ്ഞ ശേഷം കാപ്പന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കഴിഞ്ഞ മാസം ഉപാധികളോടെ ജാമ്യം നല്കിയെങ്കിലും ഇ.ഡി കേസ് കാരണം പുറത്തിറങ്ങാനായില്ല. ഇതേ കേസിൽ ജാമ്യം ലഭിച്ച കാപ്പൻ യാത്രചെയ്ത വാഹനത്തിന്റെ ഡ്രൈവർക്കും ഇ.ഡി കേസുള്ളതിനാൽ ജയിൽമോചനം സാധ്യമായിട്ടില്ല.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക