പീഡനക്കേസുകളിലെ ‘രണ്ടുവിരൽ പരിശോധന’ വേണ്ടെന്ന് സുപ്രീം കോടതി; ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കും
ലൈംഗികാതിക്രമത്തെ അതിജീവിക്കുന്ന പെൺകുട്ടികളെ ‘രണ്ടുവിരൽ’ പരിശോധനയ്ക്ക് വിധേയമാക്കുന്നതു നിരോധിച്ച് സുപ്രീം കോടതി. ഇത്തരം പരിശോധനകൾ ആരെങ്കിലും നടത്തിയാൽ അവരെ ക്രിമിനൽ കുറ്റം ചുമത്തി വിചാരണ ചെയ്യണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ‘രണ്ടു വിരൽ’ പരിശോധന അശാസ്ത്രീയവും അതിജീവിതകളുടെ സ്വകാര്യത, അന്തസ്സ് എന്നീ അവകാശങ്ങളെ ഹനിക്കുന്നതുമാണെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് സുപ്രീം കോടതിയുടെ ഇടപെടൽ.
‘അതിജീവിതയുടെ ലൈംഗിക ചരിത്രവുമായി ബന്ധപ്പെട്ട തെളിവുകൾ കേസിൽ പ്രധാനപ്പെട്ടതല്ല. ഇന്നും ഈ പരിശോധനകൾ തുടരുന്നത് തികച്ചും ഖേദകരമാണ്’ – ഒരു കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോൾ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി. ‘രണ്ടു വിരൽ’ പരിശോധന നടത്തുന്നവരെ പെരുമാറ്റ ദൂഷ്യവുമായി ബന്ധപ്പെട്ട് കുറ്റക്കാരായി കണക്കാക്കുമെന്നും കടുത്ത നടപടിയുണ്ടാകുമെന്നും സുപ്രീം കോടതി പറഞ്ഞു.
മെഡിക്കൽ കോളജുകളിലെ പാഠഭാഗങ്ങളിൽനിന്ന് ‘രണ്ടു വിരൽ’ പരിശോധനയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു. രണ്ടു വിരൽ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്ന് 2013ൽത്തന്നെ സുപ്രീ കോടതി വ്യക്തമാക്കിയതാണ്. ഈ പരിശോധന പാടില്ലെന്നും ഇതിൽ നിന്നു മെഡിക്കൽ വിദഗ്ധരെ തടയണമെന്നും മദ്രാസ് ഹൈക്കോടതി സർക്കാരിനോട് നേരത്തേ ഉത്തരവിട്ടിരുന്നു.
ടി എഫ് ടി (Two-Finger Testing) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇരട്ട വിരൽ പരിശോധന കൈവിരലുകൾ ഉപയോഗിച്ചാണ് ചെയ്യുന്നത്. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകൾ കന്യകയാണോ അല്ലയോ എന്ന് തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഈ പരിശോധന നടത്തുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക