ഫോണിലേക്ക് അശ്ലീലദൃശ്യം: പരാതിക്കാരിയായ പെൺകുട്ടിയുടെ ദേഹപരിശോധന നടത്തണമെന്ന വിചിത്രവാദവുമായി കോഴിക്കോട് പോലീസ്, വേണ്ടെന്ന് കമ്മീഷണർ

പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ വിദ്യാർത്ഥിനെക്കിതിരെ വിചിത്ര നടപടിയുമായി കോഴിക്കോട് നടക്കാവ് പൊലീസ്. ഫോണിലേക്ക് അശ്ലീല വിഡിയോ ദൃശ്യങ്ങൾ അയച്ചയാൾക്കെതിരെ പരാതി നൽകാനെത്തിയ വിദ്യാർഥിനിക്കാണ് പൊലീസിൽ നിന്നും ഈ ദുരനുഭവമുണ്ടായത്. അശ്ലീല വിഡിയോ ദൃശ്യങ്ങൾ അയച്ചയാൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം പരാതിക്കാരിയായ പെൺകുട്ടിയുടെ ശരീരപരിശോധന നടത്തണമെന്നായിരുന്നു നടക്കാവ് പൊലീസിന്റെ വാദം.

എന്നാൽ പൊലീസിൻ്റെ ആവശ്യം കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ എ.അക്ബര്‍ തള്ളി. പീഡന പരാതിയുള്ള പോക്സോ കേസിലാണ് ദേഹപരിശോധന നടത്തേണ്ടകാര്യം ഇല്ലെന്ന് കമ്മിഷണര്‍ പറഞ്ഞത്. മാത്രവുമല്ല പരിശോധനക്കായി വാങ്ങിവെച്ച പെൺകുട്ടിയുടെ മൊബൈൽ ഫോൺ എത്രയും വേഗം പരിശോധനകൾ പൂർത്തിയാക്കി തിരികെ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മിഷണർ പറഞ്ഞു. പരാതി കൊടുത്ത ഉടൻ പൊലീസ് പരിശോധനയ്ക്കായി വാങ്ങിയ ഫോൺ ഇതുവരെ തിരികെ നൽകാത്ത സാഹചര്യത്തിലാണ് കമ്മീഷണറുടെ നിർദേശം.

 

കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ നാടക–ചലച്ചിത്ര പ്രവർത്തകന്റെ മകളാണു പരാതി നൽകിയത്. നടക്കാവ് ഗേൾസ് സ്കൂൾ വിദ്യാർഥിയായ കുട്ടിക്ക് 2021 ഒക്ടോബറിൽ പതിനേഴാം പിറന്നാളിന് പിതാവ് പുതിയ ഫോൺ വാങ്ങി നൽകിയിരുന്നു. ഓൺലൈൻ ക്ലാസുകൾക്ക് ഈ ഫോണാണ് ഉപയോഗിച്ചിരുന്നത്. 2022 ജനുവരി 23ന് രാത്രി പത്തരയോടെ പെൺകുട്ടിയുടെ ഫോണിൽ ടെലിഗ്രാം ആപ്പിൽ അജ്ഞാത നമ്പറിൽനിന്ന് 10 അശ്ലീല വിഡിയോകളും 2 ഫോട്ടോകളും വന്നു.

 

പിറ്റേന്നു തന്നെ പെൺകുട്ടി പിതാവിനൊപ്പം നടക്കാവ് സ്റ്റേഷനിലെത്തി പരാതി നൽകി. പോക്സോ നിയമപ്രകാരം പൊലീസ് ഉടൻ കേസെടുക്കുകയും പരിശോധനയ്ക്കായി ഫോൺ വാങ്ങിവയ്ക്കുകയും ചെയ്തു. ശേഷം പെണ്കുട്ടിയുടെ ശരീര പരിശോധന നടത്തണമെന്നു പൊലീസ് നിർബന്ധിച്ചെങ്കിലും പരാതിക്കാരിയും പിതാവും വഴങ്ങിയില്ല.

 

ഫോണിലേക്ക് അശ്ലീല ദൃശ്യം വന്നതിനു ശരീരപരിശോധന എന്തിനാണെന്നു ചോദിച്ചതോടെ, പരിശോധനയ്ക്കു തയാറല്ലെന്ന് എഴുതി വാങ്ങി ഇരുവരെയും പറഞ്ഞുവിട്ടു.

പരാതി നൽകി പത്തുമാസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടുപിടിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഒരു മാസത്തിനുശേഷം ഫോൺ തിരികെ ലഭിക്കാൻ പൊലീസിനെ സമീപിച്ചെങ്കിലും കണ്ണൂരിലെ റീജനൽ ഫൊറൻസിക് ലാബിൽ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നായിരുന്നു മറുപടി. സ്റ്റേഷനിൽ എത്തി പലതവണ അന്വേഷിച്ചുവെങ്കിലും പൊലീസ് മറുപടി ആവർത്തിക്കുകയായിരുന്നു.

ഇതിനെ തുടർന്നാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ശരീര പരിശോധന ആവശ്യമില്ലെന്നു, പരിശോധനക്കായി വാങ്ങിവെച്ച ഫോണ് ഉടനെ തിരിച്ച് നൽകണമെന്നും നിർദേശം നൽകിയത്.

എന്നാൽ ഈ പ്രശ്നം ഇവിടെ അവസാനിപ്പിക്കരുതെന്നും, പരാതിക്കാരിയായ പെണ്കുട്ടിയുടെ ശരീരപരിശോധന നടത്തണമെന്ന വിചിത്ര ആവശ്യം ഉന്നയിച്ച നടക്കാവ് പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണ് സാമൂഹികപ്രവർത്തകർ ആവശ്യപ്പെടുന്നത്. കമ്മീഷണറുടെ നടപടി സ്വാഗതാർഹമാണെങ്കിലും, പൊലീസ് നിലപാട് സംശയകരമാണെന്നും പ്രതി ആരെന്ന കാര്യം ഇപ്പോഴും കണ്ടെത്താൻ പൊലീസ് ശ്രമിച്ചില്ലെന്നും നാട്ടുകാരും ആരോപിക്കുന്നു.

മാത്രവുമല്ല പരാതി നൽകിയ ആളുടെ മൊബൈൽ ഫോണ് ഇത്രകാലും തടഞ്ഞുവെച്ചതും, പരാതി നൽകിയതിൻ്റെ പേരിൽ മാനസികമായി പീഢിപ്പിക്കുന്നതുമായ നടക്കാവ് പൊലീസിനെതിരെ രൂക്ഷമായ വിമർശനമാണ് നാട്ടുകാരിൽ നിന്ന് ഉയരുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!