സര്‍ക്കാര്‍ വകുപ്പുകളില്‍ നിലവില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴില്‍ കരാറുകള്‍ പുതിക്കില്ല
കുവൈത്തിലെ സര്‍ക്കാര്‍ വകുപ്പുകളില്‍ നിലവില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴില്‍ കരാറുകള്‍ ഒരു വര്‍ഷത്തേക്ക് മാത്രമായിരിക്കുമെന്ന് അധികൃതരുടെ വിശദീകരണം. സര്‍ക്കാര്‍ ജോലികളുടെ സ്വദേശിവത്കരണം പൂര്‍ത്തീകരിക്കുന്നത് സംബന്ധിച്ച ഒരു ചോദ്യത്തിന് മറുപടിയായാണ് അധികൃതര്‍ ഇത്തരമൊരു ഉറപ്പ് സ്വദേശികള്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
സ്വദേശികള്‍ ലഭ്യമാവുന്ന ഒരു തസ്‍തികയിലും ഇനി പ്രവാസികളെ നിയമിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. പ്രവാസികളുടെ സേവനം ഉപയോഗപ്പെടുത്തുന്നത് ഉള്‍പ്പെടെ സര്‍ക്കാര്‍ മേഖലയിലെ എല്ലാ കരാറുകളും ഒരു വര്‍ഷത്തേക്കാണ് തയ്യാറാക്കുന്നത്. അഞ്ച് വര്‍ഷത്തേക്കോ അല്ലെങ്കില്‍ കാലാവധി നിജപ്പെടുത്താത്തതോ ആയ കരാറുകള്‍ ഇനി മുതല്‍ ഇല്ലെന്നും എല്ലാ സ്വദേശികള്‍ക്കും അധികൃതര്‍ ഉറപ്പു നല്‍കിയതായി പ്രാദേശിക അറബി ദിനപ്പത്രമായ അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്‍തു. ഏത് സര്‍ക്കാര്‍ വകുപ്പിലായാലും സ്വദേശികള്‍ ലഭ്യമാണെങ്കില്‍ ആ തസ്‍തികകളിലെ പ്രവാസികളുടെ തൊഴില്‍ കരാറുകള്‍ ഇനി പുതുക്കുകയേ ഇല്ലെന്നും ഒരു വകുപ്പിനും ഇക്കാര്യത്തില്‍ ഇളവ് അനുവദിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
കുവൈത്തിലെ സര്‍ക്കാര്‍ ജോലികളിലെ സ്വദേശിവത്കരണം സംബന്ധിച്ച 2017ല്‍ കൊണ്ടുവന്ന 11-ാമത് നിയമം പ്രാബല്യത്തില്‍ വരുത്തേണ്ടത് അഞ്ച് വര്‍ഷം കൊണ്ടാണ്. എന്നാല്‍ 22 മേഖലകളില്‍ ഇപ്പോഴും പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ട്. എഞ്ചിനീയറിങ് ജോലികള്‍, അധ്യാപനം, പരിശീലനം, സാമൂഹിക, വിദ്യാഭ്യാസ, കായിക സേവനങ്ങള്‍, ശാസ്ത്ര മേഖലകളിലെ ജോലികള്‍, ലൈവ്‍സ്റ്റോക്ക്, കൃഷി, അക്വാകള്‍ച്ചര്‍, ഫിനാന്‍ഷ്യല്‍, ഇക്കണോമിക്, കൊമേഴ്സ്യല്‍ ജോലികള്‍, നിയമം, പൊളിറ്റിക്കല്‍, ഇസ്ലാമികകാര്യം, ഫോറന്‍സിക് എവിഡന്‍സ്, പ്രിവന്‍ഷന്‍, റെസ്ക്യൂ, പ്രൊഫഷണല്‍ സര്‍വീസ് ജോലികള്‍ തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക