നോട്ടിൽ നരേന്ദ്ര മോദിയുടെയും ഛത്രപതിയുടേയും ചിത്രങ്ങളുൾപ്പെടുത്തണമെന്ന് ബിജെപി നേതാക്കൾ; ആപ്പിലായി കെജ്രിവാൾ

ഇന്ത്യൻ കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തിയതിന് പിറകെ, സമാനമായ ആവശ്യവുമായി കൂടുതൽ ബിജെപി നേതാക്കളെത്തി.

ഛത്രപതി ശിവജിയുടെ ചിത്രമുള്ള 200 രൂപയുടെ ഫോട്ടോഷോപ്പ് ചിത്രമാണു ബിജെപിയുടെ നിതേഷ് റാണെ എംഎൽഎ ട്വീറ്റ് ചെയ്തത്.

 

 

‘ഇതാണ് പെർഫെക്ട്’ എന്ന തലക്കെട്ടോടെയുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള ചർച്ചക്ക് കാരണമായി. അനുകൂലിച്ചും എതിർത്തും പലരും പല ആവശ്യങ്ങളും ഉയർത്തി വരുന്നതിനിടെ, 500 രൂപ നോട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ​ചിത്രം ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ബി.ജെ.പി എം.എൽ.എ റാം കദവും രംഗത്തെത്തി. മോദിക്കൊപ്പം വി.ഡി സവർക്കർ, ബി.ആർ അംബേദ്കർ, ശിവജി എന്നിവരുടെ ചിത്രങ്ങളും ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

 

നമുക്ക് മോദിയുടെ രാജ്യത്തിനായുള്ള ത്യാഗവും അർപ്പണമനോഭാവവും കഠിനാധ്വാനവും എങ്ങനെയാണ് വിസ്മരിക്കാൻ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു. ഹിന്ദുദേവതകളുടെ ചിത്രം നോട്ടുകളിൽ ഉൾപ്പെടുത്താനുള്ള അരവിന്ദ് കെജ്രിവാളിന്റെ നീക്കം ആത്മാർഥമായിട്ടാണെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് കെജ്രിവാൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്‍റെയും ചിത്രം പുതിയ കറൻസി നോട്ടുകളിൽ ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ കഴിഞ്ഞ ആവ​ശ്യപ്പെട്ടിരുന്നു. സാമ്പത്തിക രംഗത്ത് അഭിവൃദ്ധിയുണ്ടാകാൻ ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്‍റെയും ചിത്രം നോട്ടിൽ ഉൾപ്പെടുത്തണമെന്നാണ് കെജ്രിവാൾ പറയുന്നത്.

‘സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ നമ്മൾ ഏറെ പ്രയത്നിക്കേണ്ടതുണ്ട്. എന്നാൽ, അതിനൊപ്പം നമ്മുടെ ദൈവങ്ങളുടെയും ദേവതമാരുടെയും അനുഗ്രഹം കൂടി വേണം’ -കെജ്രിവാൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ കറൻസി നോട്ടിൽ ഒരു വശത്ത് ഗാന്ധിജിയുടെ ചിത്രമുണ്ട്. അത് അതേപോലെ നിലനിർത്തണം. മറുവശത്ത് ഗണേശ ഭഗവാന്‍റെയും ലക്ഷ്മി ദേവിയുടെയും ചിത്രം ഉൾപ്പെടുത്തുകയാണെങ്കിൽ രാജ്യത്തിന് മുഴുവൻ അതിന്‍റെ അനുഗ്രഹമുണ്ടാകുമെന്നായിരുന്നു കെജ്രിവാളിന്റെ പ്രസ്താവന.

മുസ്ലിം രാജ്യമായ ഇന്തോനേഷ്യയിലെ കറൻസിയിൽ ഗണപതിയുടെ ചിത്രമുണ്ടെന്നും അദ്ദേഹം ഉദാഹരിച്ചിരുന്നു. എന്നാൽ പ്രതിദിനമെന്നോണം മൂല്യ തകർച്ച നേരിടുന്ന കറൻസിയാണ് ഇന്തോനേഷ്യൻ റൂപിയ എന്നതാണാ യാഥാർത്ഥ്യം.

 

 

അതേസമയം, കേജ്‌രിവാളിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തി. എന്തുകൊണ്ട് അംബേദ്കറുടെ ചിത്രം വയ്ക്കണമെന്ന് ആവശ്യപ്പെട്ടില്ലെന്നു കോൺഗ്രസ് എംപി മനീഷ് തിവാരി ചോദിച്ചു. തിരഞ്ഞെടുപ്പ് അടുത്ത ഗുജറാത്തില്‍ ബിജെപിയെ തറപറ്റിക്കാൻ ഹിന്ദുത്വത്തെ ഉപയോഗിക്കുകയാണു കേജ്‌രിവാളെന്നു കോൺഗ്രസിന്റെ പഞ്ചാബ് ഘടകം അധ്യക്ഷൻ അമരീന്ദർ സിങ് രാജ പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!