സൗദിക്ക് പിറകെ കൊവിഡിൻ്റെ പുതിയ വകഭേദം കുവൈത്തിലും കണ്ടെത്തി; കൂടുതൽ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തു
കൊവിഡ് 19ന്റെ പുതിയ വകഭേദം കുവൈത്തിലും കണ്ടെത്തി. കൊവിഡിന്റെ പുതിയ വകഭേദമായ എക്‌സ്ബിബി (XBB) സ്ഥിരീകരിച്ച നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. സൌദിയിലുൾപ്പെടെ നിരവധി രാജ്യങ്ങളിൽ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് 19ന്റെ പുതിയ വകഭേദം ചില ആളുകളിൽ റിപ്പോർട്ട് ചെയ്തതായി മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
കാലം കഴിയുന്തോറും വൈറസുകള്‍ക്ക് ജനിതക മാറ്റം സംഭവിക്കുന്നത് സാധാരണയാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് മുതല്‍ പിന്നീട് ഇങ്ങോട്ട് നിരവധി ജനിതക വ്യതിയാനങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും വിധേയമായിട്ടുണ്ടെന്നും ഇതില്‍ ആശങ്കപ്പെടാനില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കൊവിഡിനെതിരായ പൊതു ആരോഗ്യ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ മാറിയിട്ടില്ലെന്നും വൈറസിനെതിരായ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രാലയം പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സൗദി അറേബ്യയിലും കൊവിഡ് 19ന്റെ പുതിയ വകഭേദം കണ്ടെത്തിയതായി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി (വിഖായ) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വളരെ വേഗം വ്യാപിക്കാന്‍ കഴിവുള്ള എക്‌സ് ബിബി എന്ന ഒമിക്രോണിന്റെ ഉപ വകഭേദമാണ് രാജ്യത്ത് കണ്ടെത്തിയത്. കൊവിഡിന്റെ ഏതാനും വകഭേദങ്ങള്‍ ഇപ്പോഴും സൗദി അറേബ്യയിലുണ്ട്. ഒമിക്രോണ്‍ ബിഎ5, ബിഎ2 എന്നിവയാണ് ഭൂരിഭാഗം കൊവിഡ് പോസിറ്റീവ് കേസുകളിലും കാണപ്പെടുന്നത്. എന്നാൽ പുതിയ വകഭേദം അപകടകാരിയല്ലെന്നും, ജാഗ്രത പാലിക്കണമെന്നും അതോറിറ്റി അറിയിച്ചു.
ഏതാനും പേരില്‍ എക്‌സ് ബിബിയും സ്ഥിരീകരിച്ചിട്ടുണ്ട്. ശ്വാസകോശ രോഗങ്ങള്‍ രാജ്യത്ത് സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വൈറസ് ബിയാണ് ഭൂരിഭാഗം പേരെയും ബാധിക്കുന്നത്. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയുടെ വകഭേദങ്ങളും കണ്ടുവരുന്നുണ്ട്.
ശൈത്യകാലത്ത് വൈറല്‍ പനിയും ശ്വാസകോശ രോഗങ്ങളും കൊവിഡും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും വാക്‌സിനെടുക്കാത്തവരെ രൂക്ഷമായി ബാധിച്ചേക്കുമെന്നും പൊതു ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൊവിഡ് വാക്‌സിനേഷനും ബൂസ്റ്റര്‍ ഡോസും പകര്‍ച്ചപ്പനിക്കെതിരായ സീസണല്‍ ഡോസും എല്ലാവരും പ്രത്യേകിച്ച്, പ്രായമായവര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ എടുക്കണം. മാസ്ക് ഉപയോഗിക്കുന്നതുൾപ്പെടെയുള്ള പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും വേണമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക