പ്രവാസി ജോലിക്ക് ഹാജരാകുന്നില്ലെന്ന് റിപ്പോർട്ട് ചെയ്യുന്നത് ഏതൊക്കെ സാഹചര്യത്തിൽ, തൊഴിലാളി സ്വീകരിക്കേണ്ട തുടർ നടപടിൾ എന്തൊക്കെ – മന്ത്രാലയം വിശദീകരിക്കുന്നു

സൌദി അറേബ്യയിൽ ഹുറൂബ് വ്യവസ്ഥകളിലും തൊഴിൽ മാറ്റ നിയമങ്ങളിലും മാറ്റം വരുത്തി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇതിന് പിറകെ ഒരു തൊഴിലാളി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്ന് തൊഴിലുടമക്ക് റിപ്പോർട്ട് ചെയ്യുവാനും, അതിന് ശേഷം തൊഴിലാളി സ്വീകരിക്കേണ്ട നടപടിക്രമങ്ങളും എന്തൊക്കെയാണെന്ന് മാനവ വിഭവശേഷി സാമുഹിക വികസന മന്ത്രാലയം വിശദീകരിച്ചു. താഴെ പറയുന്ന നടപടിക്രമങ്ങളിലൂടെ തൊഴിലുടമക്കും തൊഴിലാളിക്കും നടപടിക്രമങ്ങൾ പൂർത്തിയാക്കാം. 

 

ഒന്ന്: നിയമാനുസൃതമായ കാരണങ്ങളില്ലാതെ ഒരു വർഷത്തിനിടയിൽ ഏതെങ്കിലും 30 ഇടവിട്ടുള്ള ദിവസങ്ങളിൽ കൂടുതലോ, തുടർച്ചയായി 15 ദിവസത്തിൽ കൂടുതലോ തൊഴിലാളി ജോലിക്ക് ഹാജരാകാതിരുന്നാൽ തൊഴിലുടമക്കോ, അദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള പ്രതിനിധിക്കോ കരാർ ബന്ധം അവസാനിപ്പിച്ചുകൊണ്ട് തൊഴിലാളി വിട്ടുനിൽക്കുന്നതായി റിപ്പോർട്ട് ചെയ്യാം.

രണ്ട്: തൊഴിലാളി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതായി തൊഴിലുടമ റിപ്പോർട്ട് സമർപ്പിച്ചാൽ ഉടൻ തന്നെ മന്ത്രാലയത്തിൽ നിന്നും തൊഴിലാളിക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിക്കും. റിപ്പോർട്ട് സമർപ്പിച്ച തിയതി മുതൽ 60 ദിവസമാണ് തൊഴിലാളിക്ക് സുരക്ഷിതമാകുവാനുള്ള സമയം അനുവദിക്കുക.

മൂന്ന്: തൊഴിലാളി രാജ്യത്തേക്ക് പ്രവേശിച്ച് ഒരു വർഷം കഴിഞ്ഞിട്ടുണ്ടെങ്കിൽ മറ്റൊരു തൊഴിലുടമയിലേക്ക് മാറുവാൻ ഗ്രേസ് പീരിയഡായി അനുവദിച്ചിട്ടുള്ള 60 ദിവസത്തിനുള്ളിൽ അപേക്ഷിക്കുവാൻ തൊഴിലാളിക്ക് അവകാശമുണ്ട്. ഒരു വർഷം തികയാത്ത തൊഴിലാളിയാണെങ്കിൽ  ഫൈനൽ എക്സിറ്റിൽ രാജ്യം വിട്ട് പോകേണ്ടതാണ്.

നാല്: തൊഴിലുടമ തൊഴിലാളി ജോലിക്ക് ഹാജരാകുന്നില്ലെന്ന് റിപ്പോർട്ട് ചെയ്യുന്നതോടെ ആ സ്ഥാപനത്തിലെ നിതാഖാത്ത് കണക്കുകളിൽ നിന്ന് പ്രസ്തുത തൊഴിലാളിയെ വിച്ഛേദിക്കുന്നതാണ്.

 

തൊഴിലാളി ജോലിക്ക് ഹാജരാകുന്നില്ലെന്ന് തൊഴിലുടമ റിപ്പോർട്ട് ചെയ്യുന്നതോടെ, ആ സ്ഥാപനവുമായുളള എല്ലാ ബന്ധങ്ങളും തൊഴിലാളിക്ക് നഷ്ടമാകുന്നതാണ്. പിന്നീട് അത്തരം തൊഴിലാളികളുടെ ഒരു കാര്യവും ചെയ്ത് കൊടുക്കുവാൻ പഴയ തൊഴിലുടമക്ക് സാധ്യമല്ല. ഈ സാഹചര്യത്തിൽ അനുവദിച്ചിരിക്കുന്ന 60 ദിവസത്തിനുള്ളിൽ പുതിയ തൊഴിലുടമയിലേക്ക് മാറുകയോ, അല്ലെങ്കിൽ ഫൈനൽ എക്സിറ്റ് നേടി രാജ്യം വിടുകയോ ചെയ്യേണ്ടതാണ്.

60 ദിവസത്തെ ഗ്രേസ് പിരീഡ് അവസാനിക്കുകയും, ഇതിനിടയിൽ തൊഴിലാളി ഫൈനൽ എക്‌സിറ്റ് വിസക്ക് അപേക്ഷിക്കുയോ, മറ്റൊരു തൊഴിലുടമയിലേക്ക് സ്പോണ്സർഷിപ്പ് മാറുകയോ ചെയ്തിട്ടില്ലെങ്കിൽ, മന്ത്രാലയത്തിൽ അത്തരക്കാരുടെ സ്റ്റാറ്റസ് ‘ജോലിയിൽ നിന്ന് വിട്ടുനിൽക്കുക’ (متغيب عن العمل) എന്നായിരിക്കും.

എന്നാൽ ഗ്രേസ് പിരീഡ് അവസാനിക്കുകയും ഫൈനൽ എക്‌സിറ്റ് വിസ ഇഷ്യൂ ചെയ്തതിന് ശേഷം പ്രവാസി തൊഴിലാളി രാജ്യം വിട്ട് പോകാതിരിക്കുകയും ചെയ്താൽ മന്ത്രാലയത്തിൽ അത്തരക്കാരുടെ സ്റ്റാറ്റസ്  ന്റെ സംവിധാനങ്ങളിൽ അവന്റെ പദവി “ജോലിക്ക് പുറത്ത” (منقطع عن العمل) എന്നായിരിക്കും. ഇത്തരക്കാർ കടുത്ത ശിക്ഷാനപടികൾ നേരിടേണ്ടി വരുമെന്ന് മാനവ വിഭവ ശേഷി വികസന മന്ത്രാലയം അറിയിച്ചു.

മറ്റു തൊഴിൽ നിയമങ്ങൾ ഉടൻ..

 

 

കൂടുതൽ തൊഴിൽ സംബന്ധമായ അറിയിപ്പുകൾ വാട്ട്സ് ആപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Share
error: Content is protected !!