സർവകലാശാല വിസിമാരുടെ കൂട്ടരാജി: നിർണായക നീക്കവുമായി മുഖ്യമന്ത്രി

സർവകലാശാല വിസിമാരോട് രാജിവെക്കാൻ ഗവർണർ ആവശ്യപ്പെട്ട സംഭവത്തിൽ നിർണായക നീക്കവുമായി മുഖ്യമന്ത്രി. ഗവർണർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മറുപടി നൽകും. നാളെ രാവിലെ 10.30ന്  വാർത്താസമ്മേളനം വിളിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.

സർവകലാശാല വിസിമാരോട് രാജിവെക്കാൻ ഗവർണർ ആവശ്യപ്പെട്ടതിനെതിരെ സിപിഎം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ നിർണായക നീക്കം. കേരള സർവകലാശാല വി.സിയോട് ഗവർണർ നേരിട്ടു വിളിച്ച് രാജി ആവശ്യപ്പെട്ടിരുന്നു. ഇന്ന് തന്നെ രാജിവെക്കണമെന്നായിരുന്നു ഗവർണറുടെ ആവശ്യം.

പകരം ചുമതല ആരോഗ്യ സർവകലാശാല വി.സിക്ക് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ രാജിവെക്കില്ലെന്നും പുറത്താക്കണമെങ്കിൽ ആവാമെന്നുമാണ് വി.സിയുടെ പ്രതികരണം. നാളെ കാലാവധി അവസാനിക്കാനിരിക്കെയാണ് കേരളാ വി.സിയോട് ഇന്ന് രാജിയാവശ്യപ്പെട്ടത്. വി.സി രാജിയാവശ്യം നിരസിച്ചതോടെ ഗവർണർ വി.സിമാരുടെ കൂട്ട രാജ്യാവശ്യപ്പെട്ട് രംഗത്തെത്തി.

സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വി.സിമാരോടാണ് ഗവർണർ രാജിയാവശ്യപ്പെട്ടത്. നാളെ രാവിലെ 11.30ന് മുമ്പ് രാജിവെക്കണമെന്നാണ് ആവശ്യം.

സാങ്കേതിക സർവകലാശാല വി.സിയുടെ നിയമനം സുപ്രിംകോടതി റദ്ദാക്കിയതിന്റെ പിൻബലത്തിലാണ് ഗവർണർ മറ്റു സർവകലാശാല വി.സിമാരോടും രാജിയാവശ്യപ്പെട്ടിരിക്കുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

അതേ സമയം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഹിന്ദുത്വ അജണ്ടങ്ങൾ നടപ്പാക്കാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കങ്ങൾ അനുവദിക്കില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വ്യക്തമാക്കി. സംസ്ഥാനത്തെ ഒമ്പത് സർവ്വകലാശാലകളിലെ വി.സിമാർ നാളെ രാവിലെ 11:30നു മുമ്പായി രാജിവെക്കണമെന്ന ഗവർണറുടെ ഉത്തരവിനെ ചെറുത്ത് തോൽപ്പിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആവശ്യപ്പെട്ടു.

ആർഎസ്എസിനു വേണ്ടി രാജ്ഭവനും ഇരിക്കുന്ന പദവിയും ദുരുപയോഗം ചെയ്യുകയാണ് ആരിഫ് മുഹമ്മദ് ഖാൻ ചെയ്യുന്നത്. ഗവർണർക്കെതിരായി ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നുവരണമെന്നും ആർഎസ്എസിനുവേണ്ടി അത്യധ്വാനം ചെയ്യുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവെച്ച് കേരളം വിടണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ, ജനറൽ സെക്രട്ടറി കെ.കെ അഷ്റഫ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Share
error: Content is protected !!