സർക്കാരിനെതിരെ അപ്രതീക്ഷിത നീക്കം; 9 വിസിമാരും നാളെ രാജിവെക്കണമെന്ന് ഗവർണർ. ചരിത്രത്തിലാദ്യം

സംസ്ഥാന സർക്കാരിനെതിരായ ആക്രമണം പുതിയ തലത്തിലേക്ക് ഉയർത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്തെ 9 വൈസ് ചാൻസലർമാർ രാജിവയ്ക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാവിലെ 10ന് മുൻപ് രാജിവയ്ക്കാനാണ് നിർദേശം.

സുപ്രീംകോടതിയുടെ വെള്ളിയാഴ്ചത്തെ ഉത്തരവ് അടിസ്ഥാനമാക്കിയാണ് നിർദേശം. ഇത്തരത്തിൽ കൂട്ടരാജി ആവശ്യപ്പെടുന്നത് ചരിത്രത്തിലാദ്യമായാണ്.

കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കൊച്ചി സര്‍വകലാശാല, ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വ്വകലാശാല,സാങ്കേതിക സര്‍വകലാശാല, ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല,കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ കൂട്ടരാജി ആവശ്യപ്പെടുന്നത് ചരിത്രത്തിലാദ്യമായാണ്. ഗവർണർക്കെതിരെ ഇടതുമുന്നണി പ്രക്ഷോഭം പ്രഖ്യാപിച്ചിരുന്നു.

എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ (കെടിയു) വൈസ് ചാൻസലർ ഡോ. എം.എസ്.രാജശ്രീയുടെ നിയമനമാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി റദ്ദാക്കിയത്. ജസ്റ്റിസ് എം.ആർ.ഷാ അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിധി. 2015 ലെ എപിജെ അബ്ദുൽ കലാം സർവകലാശാലാ നിയമം അനുസരിച്ചും യുജിസി ചട്ടമനുസരിച്ചും വിസി നിയമനത്തിനായി മൂന്നിൽ കുറയാതെ പേരുകളുള്ള പാനലാണ് സേർച് കമ്മിറ്റി ചാൻസലർക്കു നൽകേണ്ടത്. ഇവിടെ ഒരു പേരു മാത്രമാണു നൽകിയതെന്ന് കോടതി കണ്ടെത്തി. സംസ്ഥാന നിയമവും കേന്ദ്രനിയമവും തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ കേന്ദ്ര നിയമമാകും ബാധകമെന്നു ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് യുജിസി ചട്ടമാണു ബാധകമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

സാങ്കേതിക സർവകലാശാലയ്ക്കു പുറമേ സംസ്ഥാനത്തെ മറ്റ് 5 സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ നിയമിച്ചതും പാനൽ ഇല്ലാതെയാണ്. കണ്ണൂർ, സംസ്കൃതം, ഫിഷറീസ്, എംജി, കേരള സർവകലാശാലാ വിസി സ്ഥാനത്തേക്ക് ഒരു പേരു മാത്രമാണ് സേർച് കമ്മിറ്റി ശുപാ‍ർശ ചെയ്തിരുന്നത്. ഇവരി‍ൽ സംസ്കൃതം, ഫിഷറീസ് ഒഴികെയുള്ള വിസിമാരെ നിയമിച്ചതു മുൻ ഗവർണർ പി.സദാശിവം ആയിരുന്നു

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!