ഹുറൂബ് നീക്കാൻ 15 ദിവസം സമയം അനുവദിച്ചു; മന്ത്രാലയത്തിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പ് പുറത്ത് വന്നു

സൌദി അറേബ്യയിൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ജോലിയിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വിശദീകരിച്ചു.

തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്തുന്നതിനും എല്ലാ കക്ഷികളുടെയും കരാർ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേതന സംരക്ഷണ സംവിധാനം ഉൾപ്പെടെ രാജ്യത്തെ തൊഴിൽ വിപണിയുടെ ആകർഷണീയതയും വഴക്കവും വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി.

തൊഴിലാളി ജോലിയിൽ നിന്ന് വിട്ടുനിന്നാൽ അവരുമായുളള തൊഴില്‍ കരാര്‍ ബന്ധം അവസാനിപ്പിച്ചതായി തൊഴിലുടമ ഖിവ പോര്‍ട്ടല്‍ വഴി മന്ത്രാലയത്തെ അറിയിക്കണം. അതോടെ സ്ഥാപനവും തൊഴിലാളിയും തമ്മിലുള്ള ബന്ധം അവസാനിക്കും. മന്ത്രാലയത്തിന്റെ സിസ്റ്റത്തില്‍ തൊഴിലാളിയുടെ സ്റ്റാറ്റസ് മുന്‍ഖതിഉന്‍ അനില്‍ അമല്‍ (തൊഴിലാളി ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നു) എന്നായി മാറുകയും ചെയ്യും.

ഇതോടെ നിലവിലെ തൊഴിലുടമക്ക് ഈ തൊഴിലാളിയുമായി ബന്ധപ്പെട്ട ഒരു കാര്യവും ചെയ്യാനാവില്ല. എന്നാല്‍ ഈ സമയത്ത് തൊഴിലാളിക്ക് മറ്റൊരു സ്‌പോണ്‍സറിലേക്ക് മാറാനോ ഫൈനല്‍ എക്‌സിറ്റില്‍ പോകാനോ സാധിക്കും. ഇത് 60 ദിവസത്തിനകം പൂര്‍ത്തിയാക്കണം. 60 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ മന്ത്രാലയം അവരെ ഹുറൂബ് ഗണത്തിലേക്കാണ് മാറ്റുക.

ഹുറൂബാക്കപ്പെട്ട തൊഴിലാളികള്‍ക്ക് അവരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റി സുരക്ഷിതരാകാൻ അവസരം നല്‍കുമെന്ന് മാനവ വിഭശേഷി വികസന മന്ത്രാലയം അറിയിച്ചു. എന്നാൽ ഇന്നലെ (22-ഒക്ടോബർ-2022) വരെ ഹുറൂബാക്കപ്പെട്ടവർക്കാണ് ഈ അവസരമുളളത്. എന്നാൽ ഇഖാമ പുതുക്കാത്ത കാലത്തെ ലെവി കുടിശ്ശിക പുതിയ സ്പോണ്സർ വഹിക്കണമെന്ന് വ്യവസ്ഥയുണ്ട്.

എന്നാൽ 15 ദിവസത്തിനകം സ്‌പോണ്‍സര്‍ഷിപ്പ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും, അല്ലാത്ത പക്ഷം തൊഴിലാളിയുടെ സ്റ്റാറ്റസ് ഹുറൂബ് ആയി തന്നെ നിലനിൽക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

പുതിയ മാറ്റങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ അപ്ഡേറ്റ് ചെയ്യുന്നതാണ്…

ഇതും കൂടി വായിക്കുക..

ഹുറൂബ് നീക്കൽ മാത്രമല്ല, കൂടുതൽ സേവനങ്ങൾ ലഭ്യമാകുന്നതായി സ്ഥിരീകരണം

 

 

 

 

Share
error: Content is protected !!