ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ തീർഥാടക വിമാനത്തിൽ ഭർത്താവിൻ്റെ മടിയിൽ കിടന്ന് മരിച്ചു
നാട്ടിലേക്ക് പുറപ്പെട്ട മലയാളി തീർഥാടക വിമാനത്തിൽവെച്ച് മരിച്ചു. ആലുവ ശ്രീമൂലനഗരം കുളങ്ങരത്തോട്ടത്തില്‍ കെ.ബി. ഖാദര്‍കുഞ്ഞിന്റെ (ജമാഅത്തെ ഇസ്ലാമി ഹല്‍ഖ നാസിം) ഭാര്യ നഫീസ (63) ആണ് മരിച്ചത്. ഉംറ നിർവഹിച്ച ശേഷം ഭര്‍ത്താവിനൊപ്പം നാട്ടിലേക്ക് മടങ്ങിയ ഇവർ യാത്രക്കിടെയാണ് മരിച്ചത്. ജിദ്ദയില്‍നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട സൗദി എയര്‍ലൈന്‍സ് വിമാനത്തിൽ വെച്ചാണ് മരണം സംഭവിച്ചത്. ഇതിനെ തുടർന്ന് വിമാനം ബംഗളൂരുവിൽ ഇറക്കി.
ഇന്ന് (ശനിയാഴ്ച) പുലർച്ചെ 1.30ന് കൊച്ചിയിലേക്കു പുറപ്പെട്ട വിമാനത്തില്‍ യാത്ര ചെയ്തിരുന്ന തീര്‍ഥാടക ഭക്ഷണ ശേഷം ഭര്‍ത്താവിന്റെ മടിയില്‍ കിടന്ന് ഉറങ്ങിയിരുന്നു. ഇടക്ക് ഭർത്താവ് വിളിച്ച് നോക്കിയപ്പോൾ ചലനമറ്റ നിലയിൽ കിടക്കുന്നതായി ഭർത്താവായ ഖാദർ കുഞ്ഞിന് തോന്നി. ഉടനെ തന്നെ വിമാനത്തിലെ ജീവനക്കാരെ വിവരം അറിയിച്ചു.
വിമാനത്തിലെ യാത്രക്കാരായ ഡോക്ടർമാരും നഴ്സുമാരും പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും അപ്പോഴേക്കും നഫീസ മരിച്ചിരുന്നു.
ഈ സമയം ബാംഗ്ലൂർ വിമാനത്താവള പരിധിയിലായിരുന്നു വിമാനം. ഉടൻ തന്നെ എയർട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിൽ അടിയന്തിര ലാൻ്റിംഗിന് അനുമതി തേടി. മൃതദേഹത്തിനൊപ്പം, ഭർത്താവായ ഖാദർ കുഞ്ഞും, സഹായത്തിനായി സഹയാത്രികനായിരുന്നു അബൂബക്കറും ബാഗ്ലൂർ വിമാനത്താവളത്തിൽ ഇറങ്ങി. ശേഷം വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. മൃതദേഹം നാളെ ഉച്ചയോടെ ഖബറടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക