ഈത്താത്ത് ഡോട്ട് കോം കിരീടത്തിൽ മുത്തമിട്ട് അൽറായി വാട്ടർ എഫ്.സി
ജിദ്ദ: ഒരു മാസത്തോളമായി സൌദി അറേബ്യയിലെ ജിദ്ദയിൽ നടന്ന് വരുന്ന ഈത്താത്ത് ഡോട്ട് കോം സെവൻസ് കപ്പിന് വേണ്ടിയുള്ള ഫുട്ബോൾ ടൂർണമെൻ്റിൽ അൽ റായി വാട്ടർ എഫ്.സി കിരീടം നേടി. റോയൽ ട്രാവൽസ് എഫ്‌സിയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് തോൽപ്പിച്ചാണ് അൽറായി വാട്ടർ എഫ്‌സി കിരീടത്തിൽ മുത്തമിട്ടത്.
റോയൽ ട്രാവൽസിന് വേണ്ടി സന്തോഷ് ട്രോഫി കേരള ക്യാപ്റ്റൻ ജിജോ ജോസഫാണ് ഫൈനൽ മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. ഇതോടെ തിങ്ങി നിറഞ്ഞ കാണികൾ ആവേശഭരിതരായി. ഇഞ്ചോടിഞ്ച് പോരാട്ടം മുറുകുന്നതിനിടെ അൽറായി വാട്ടർ എഫ്‌സി താരം ഇമാദിന്റെ സുന്ദരമായ ഗോളിലൂടെ സമനിലയിലെത്തി. ഇതോടെ മത്സരം കൂടുതൽ ചൂടുപിടിച്ചു.
ഗോൾമുഖത്ത് ആക്രമണ പ്രത്യാക്രമണങ്ങളാണ് പിന്നീട് കണ്ടത്. ഇരു ടീമുകളും ഫൈനൽ മത്സരത്തിനായി അത് വരെ പുറത്തിറക്കിയിട്ടില്ലാത്ത പല പുതിയ തന്ത്രങ്ങളും പുറത്തെടുത്തു. പ്രതിരോധ നിരയെ ശക്തിപ്പെടുത്തികൊണ്ടാണ് ഇരു ടീമുകളും എതിർ ടീമിനെ നേരിട്ടത്.
ഗോളടിച്ചുവെന്നുറപ്പിക്കുന്ന പല ഷൂട്ടുകളിൽ നിന്നും പോസ്റ്റിനെ രക്ഷിക്കാൻ ഇരു ടീമുകളും കഠിദ്ധ്വാനം തന്നെ ചെയ്തു. സമനലിയിൽ മത്സരം തുടരുന്നതിനിടെ അൽറായി വാട്ടർ എഫ്സിയുടെ താരം ഫക്രു ഗോൾ വല ലക്ഷ്യമാക്കി അടിച്ച ബോളിൻ്റെ ഗതി മനസ്സിലാക്കുന്നതിൽ പക്ഷേ റോയൽ ട്രാവൽസിൻ്റെ ഗോളിക്ക് പിഴവ് പറ്റി. ഫക്രുവിൻ്റെ സുന്ദരമായ ഗോൾ ടീമിനെ കിരിടീത്തിൽ മുത്തമിടാൻ സഹായിച്ചു.
ശേഷിക്കുന്ന സമയത്തിനകം ഗോൾ തിരിച്ചടിക്കാൻ റോയൽ ട്രാവൽസ് കിണഞ്ഞ് ശ്രമിച്ചെങ്കിലും, ശക്തമായി രൂപപ്പെടുത്തിയ അൽ റായിയുടെ പ്രതിരോധ മതിലിന് മുന്നിൽ കീഴടങ്ങേണ്ടി വന്നു. ഇതോടെ അൽ റായ് വിജയം ഉറപ്പിക്കുകയായിരുന്നു.
അൽറായി വാട്ടർ എഫ്‌സിയുടെ ഇമാദിനെ മികച്ച കളിക്കാരനായും, റോയൽ ട്രാവൽസ് എഫ്സിയുടെ സുധീഷിനെ ടൂർണമെന്റിലെ മികച്ച താരമായും തിരഞ്ഞെടുത്തു.
കളിയിലെ താരത്തിന് കോക്റ്റില്‍സ്, ഏഷ്യൻടൈംസ്, ഫാൽകോ എന്നിവർ നൽകുന്ന സമ്മാനങ്ങൾ ചെറി മഞ്ചേരി,അക്കു പെരിന്തൽമണ്ണ, ഷമീം കൊട്ടുക്കര എന്നിവരും, ടൂർണമെന്റിലെ താരത്തിന് ഹര്‍ബിമാർട്ട് നൽകുന്ന കാഷ് പ്രൈസ് ഹറബി മാർട്ട് മാർക്കറ്റിംങ് ഹെഡ് നാസിമും സമ്മാനിച്ചു.
കളിക്കാരെ പരിചയപെടുവാനും തുടർന്ന് നടന്ന ചടങ്ങിൽ പങ്കെടുത്ത് ട്രോഫികൾ നൽകുവാനും ടൂർണമെന്റിന്റെ സ്‌പോൺസർമാരും, ജിദ്ദയിലെ വിവിധ സഘടന പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചിരുന്നു.
മുഖ്യ അഥിതിയായ റിദാ അബ്ബാസ് അൽ അഹിലി ക്ലബ്ബ് , സിഫ് ജനറൽ സെക്രട്ടറി നിസാം മമ്പാട്, നാസർ ശാന്തപുരം, ഹുസ്സൈൻ ചുള്ളിയോട്, ജലീൽ കണ്ണമംഗലം എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. സൈഫുദ്ദീൻ വാഴയിൽ അതിഥികളെ അനുഗമിച്ചു.
കൊളക്കാടൻ ചെറിയാപ്പു, മുജീബ് റീഗൾ, ഹക്കീം പാറക്കൽ, സലീം മമ്പാട്, ഷാഫി ഗൂഡല്ലൂർ, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി തുടങ്ങിയവർ മറ്റ് ട്രോഫികളും സമ്മാനങ്ങളും കൈമാറി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക