നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി റോഡ് നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം
ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ റോഡ് നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം. മറ്റ് സഹതൊഴിലാളികള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് അപകടം ഉണ്ടായത്.
നിയന്ത്രണം വിട്ട ഒരു വാഹനം റോഡ് നിര്‍മ്മാണ തൊഴിലാളികളിലേക്കും ഒരു പൊലീസ് വാഹനത്തിലേക്കും പാഞ്ഞുകയറുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. കിങ് ഫഹദ് കോസ് വേയിലേക്ക് നീളുന്ന ബിലാദ് അല്‍ ഖദീമിന് സമീപമാണ് അപകടം ഉണ്ടായത്.
ശൈഖ് ഇസ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ റോഡ് പണിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളുടെ നേര്‍ക്കാണ് വാഹനം പാഞ്ഞുകയറിയതെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. പരിക്കേറ്റവരെ ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പൊലീസ് തുടര്‍ നിയമ നടപടികള്‍ ആരംഭിച്ചു.
കഴിഞ്ഞ ദിവസം ബഹ്റൈനില്‍ രണ്ട് കാറുകളും ഒരു ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇസ്‍തിഖ്‍ലാല്‍ ഹൈവേയിലായിരുന്നു അപകടം. 32 വയസുകാരിയാണ് മരിച്ചത്. ഇവര്‍ ഏത് രാജ്യക്കാരിയാണെന്ന വിവരം ലഭ്യമായിട്ടില്ല.
റോഡില്‍ ഒരു ട്രക്കും രണ്ട് കാറുകളും കൂട്ടിയിടിക്കുകയായിരുന്നുവെന്ന വിവരം മാത്രമാണ് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പിലുള്ളത്. ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയതായും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക