ഈ വർഷം മാത്രം ഇത് വരെ 2,77,000 സൗദി പൗരന്മാർ സ്വകാര്യ മേഖലയിൽ ജോലിയിൽ പ്രവേശിച്ചു

സൗദി അറേബ്യയിൽ ഈ വർഷം മാത്രം 2,77,000 സൗദി പൗരന്മാർ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിച്ചതായി ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ഫണ്ട് (ഹദാഫ്) വ്യക്തമാക്കി. 2022 ജനുവരി മുതൽ 2022 സെപ്‌റ്റംബറിലെ മൂന്നാം പാദത്തിന്റെ അവസാനം വരെയുള്ള കണക്കനുസരിച്ചാണിത്. നാഷണൽ ലേബർ ഒബ്സർവേറ്ററിയിൽ നിന്നുള്ള ഡാറ്റ അനുസരിച്ചാണ് ഹദഫ് ഇക്കാര്യം പുറത്ത് വിട്ടത്.

സ്വദേശികളുടെ തൊഴിൽ സംബന്ധമായ കാര്യങ്ങൾക്കുള്ള സപ്പോർട്ട് പ്രോഗ്രാമുകൾക്കായി ഇതേ കാലയളവിൽ 3.75 ബില്യൺ റിയാൽ ചെലവഴിച്ചിട്ടുണ്ട്.

തൊഴിൽ വിപണിക്ക് ആവശ്യമായ രീതിയിൽ വിവിധ തൊഴിലുകളിലും പ്രവർത്തനങ്ങളിലും സ്ത്രീകളുടേയും പുരുഷന്മാരുടെയും പരിശീലനം, തൊഴിൽ, ശാക്തീകരണം തുടങ്ങിയ കാര്യങ്ങളിൽ ഫണ്ട് ശക്തമായി പ്രവർത്തിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് പുതിയതായി 11 മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കുമന്ന് കഴിഞ്ഞ ദിവസം തൊഴിൽ മന്ത്രി വ്യക്തമാക്കിയിരുന്നു. അതിന് പിറകെയാണ് ഇത് വരെ തൊഴിലിൽ പ്രവേശിച്ച സ്വദേശികളുടെ വിവരങ്ങൾ ഹദഫ് പുറത്ത് വിട്ടത്.

സ്വകാര്യ മേഖലയിൽ തൊഴിൽ നഷ്ടപ്പെടുന്ന വിദേശികളുടെ എണ്ണം മുൻ കാലങ്ങളിലേക്കാൾ ഈ വർഷം ഉയർന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ വർഷം തന്നെ വരാനിരിക്കുന്ന മാസങ്ങളിൽ പുതിയ 11 മേഖലകൾ കൂടി സൌദിവൽക്കരിക്കുന്നതോടെ പ്രവാസികളുടെ തൊഴിൽ നഷ്ടം ഇനിയും ഉയരും.

സ്വദേശികളായ സ്ത്രീ-പുരുഷന്മാരുടെ തൊഴിൽ പരിശീലനം, തൊഴിൽ, ശാക്തീകരണം എന്നിവയെ പിന്തുണയ്‌ക്കുന്നതിനും എല്ലാ പ്രവർത്തനങ്ങളിലും മേഖലകളിലും തൊഴിലുകളിലും സ്ഥാപനങ്ങൾക്ക് പിന്തുണ നൽകുന്നതിനും “ഹദാഫ്” നിരവധി സംരംഭങ്ങളും പരിപാടികളും വാഗ്ദാനം ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്.

എംപ്ലോയ്‌മെന്റ്, ഓൺ-ദി-ജോബ് ട്രെയിനിംഗ് സപ്പോർട്ട് പ്രോഗ്രാം (തംഹീർ), ജോലി ചെയ്യുന്ന സ്ത്രീകളുടെ ഗതാഗതത്തിനുള്ള പിന്തുണ (വുസുൽ), തന്ത്രപരമായ പങ്കാളിത്ത സ്ഥാപനങ്ങൾക്കുള്ള പിന്തുണ, ദേശീയ ഇ-ട്രെയിനിംഗ് പ്ലാറ്റ്‌ഫോം (ഡൊറൂബ്), കരിയർ ഗൈഡൻസിനുള്ള സുബോൾ എന്ന പോർട്ടൽ  എന്നിവ ഇതിൽ ഉൾപ്പെടുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!