നാളെ മുതല്‍ പുതിയ റഡാര്‍; രേഖകളുടെ കാലാവധി കഴിഞ്ഞ വാഹനങ്ങളും അനധികൃത റോഡ് ഉപയോഗവും പിടികൂടും
റോഡിലെ നിയമ ലംഘനങ്ങള്‍ പിടികുടാന്‍ യുഎഇയിലെ റാസല്‍ഖൈമയില്‍ പുതിയ റഡാര്‍ സ്ഥാപിച്ചു. അല്‍ മസാഫി റോഡിലാണ് പുതിയ റഡാര്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഓക്ടോബര്‍ 17 മുതല്‍ ഇതില്‍ നിയമലംഘനങ്ങള്‍ രേഖപ്പെടുത്തി തുടങ്ങുമെന്ന് റാസല്‍ഖൈമ പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
ട്രക്കുകള്‍ റോഡ് ഉപയോഗിക്കുന്നതിലെ നിയമലംഘനങ്ങളും രേഖകളുടെ കാലാവധി കഴിഞ്ഞ വാഹനങ്ങളും പുതിയ റഡാറില്‍ പിടികൂടും. ട്വിറ്ററിലൂടെയാണ് പുതിയ റഡാര്‍ സ്ഥാപിച്ച വിവരം റാസല്‍ഖൈമ പൊലീസ് പൊതുജനങ്ങളെ അറിയിച്ചത്. പെര്‍മിറ്റ് ഇല്ലാതെ ഈ റോഡ് ഉപയോഗിക്കുന്ന ട്രക്കുകളെയും അനുവദിക്കപ്പെട്ട സമയത്തല്ലാതെ ഇതിലൂടെ കടന്നുപോകുന്ന ട്രക്കുകളെയും പിടികൂടും. ഒപ്പം രേഖകളുടെ കാലാവധി അവസാനിച്ച ശേഷം അവ പുതുക്കാതെ സഞ്ചരിക്കുന്ന വാഹനങ്ങളും ഇവിടെ രേഖപ്പെടുത്തുമെന്ന് റാസല്‍ഖൈമ പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വാഹന ഉടമകള്‍ വാഹനങ്ങളുടെ രേഖകള്‍ കൃത്യസമയത്ത് പുതുക്കണമെന്നും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും വേഗപരിധിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും ഉന്നത ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മസാഫി റോഡില്‍ ട്രക്കുകള്‍ക്ക് പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അനുമതിയില്ലാതെ ട്രക്കുകള്‍ ഇതുവഴി യാത്ര ചെയ്യരുതെന്നും പൊലീസ് ആവശ്യപ്പെട്ടു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക