മസാജിലെ അതിസുന്ദരി ചതിച്ചു, നഗ്ന ചിത്രങ്ങൾ പകർത്തി; പ്രവാസിക്കു നഷ്ടം 21 ലക്ഷം
വ്യാജ മസാജ് സെന്ററിന്റെ പേരിൽ യുവാവിനെ കബളിപ്പിക്കുകയും ഇയാളുടെ നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി 94,000 ദിർഹം (ഏതാണ്ട് 21 ലക്ഷത്തിലേറെ രൂപ) മോഷ്ടിക്കുകയും ചെയ്ത നാലംഗ സംഘത്തിനു ശിക്ഷ വിധിച്ചു.
ദുബായ് ക്രിമിനൽ കോടതിയാണു നാലു പേർക്കു മൂന്നു വർഷം തടവു ശിക്ഷ വിധിച്ചത്. ഇതിനു പുറമേ യുവാവിൽ നിന്നും മോഷ്ടിച്ച 94,000 ദിർഹം നാലുപേരും തുല്യമായി എടുത്ത് ഇയാൾക്കു തിരികെ നൽകുകയും വേണം. ശിക്ഷ പൂർത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
അതിസുന്ദരി ചതിച്ചു, കാർഡിലെ കെണിയിൽ വീണു
കഴിഞ്ഞ വർഷം നവംബറിലാണ് കേസിനു ആസ്പദമായ സംഭവം നടന്നതെന്നാണ് കോടതി രേഖകളിൽ പറയുന്നത്. ദുബായിൽ നിക്ഷേപം നടത്തുന്നതിനായി എത്തിയതായിരുന്നു ഇരയായ യുവാവ്. ഇതിനിടെ, മസാജ് സെന്ററിന്റെ കാർഡ് ശ്രദ്ധയിൽപ്പെട്ടു.
അതിസുന്ദരിയായ യുവതിയുടെ ചിത്രമുള്ള മസാജ് കാർഡിൽ ഇയാൾ വീഴുകയും അതിൽ കൊടുത്തിരുന്ന നമ്പറിൽ ഫോൺ വിളിക്കുകയുമായിരുന്നു. ഫോണെടുത്ത യുവതി സ്ഥലത്തിന്റെ ലൊക്കേഷൻ അയച്ചു കൊടുത്തു. സ്ഥലത്തെത്തിയ യുവാവിനെ ഒരു സ്ത്രീ സ്വീകരിച്ച് അവരുടെ കേന്ദ്രത്തിലേക്കു കൊണ്ടുപോയി. അവിടെ ആറു സ്ത്രീകളും രണ്ടു പുരുഷന്മാരും ഉണ്ടായിരുന്നു.
പെട്ടെന്ന് അവിടെയുള്ളവരുടെ സ്വഭാവം മാറിയെന്നാണ് ഇരയായ യുവാവിന്റെ മൊഴി. യുവാവിന്റെ കയ്യിലുള്ള കാർഡുകളും അവയുടെ പിൻ നമ്പറും നൽകണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഒരാൾ ഇവിടെ നിന്നും പുറത്തേക്കു പോയി. ഈ സമയം മറ്റുള്ളവർ ചേർന്നു യുവാവിനെ ക്രൂരമായി മർദിക്കുകയും നഗ്നനാക്കി ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഈ സംഭവം പൊലീസിൽ അറിയിക്കുകയാണെങ്കിൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്ന് യുവാവിനെ ഭീഷണിപ്പെടുത്തിയ ശേഷമാണ് പുറത്തേക്ക് വിട്ടത്.
അവിടെ നിന്നും താമസസ്ഥലത്ത് എത്തിയ യുവാവിനു അക്കൗണ്ടിൽ നിന്നും 74,000 ദിർഹം പിൻവലിച്ചതായി മനസിലായി. കൂടാതെ, 20,000 ദിർഹം ഒരു സ്റ്റോറിൽ ചെലവഴിച്ചുവെന്നും വ്യക്തമായി. ദുബായിൽ നിക്ഷേപം നടത്തുന്നതിനായി എത്തിയതായിരുന്നു യുവാവ്.
മറ്റു വഴിയൊന്നും തെളിയാതെ വന്നതോടെ ഇയാൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രത്യേക സംഘത്തെ രൂപീകരിച്ച് പൊലീസ് കേസ് അന്വേഷിക്കുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തു. ഇതിൽ നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. വ്യാജ മസാജ് കാർഡുകൾ നിർമിച്ച് വിതരണം ചെയ്തതും പണം മോഷ്ടിച്ചതും ഉൾപ്പെടെയുള്ള കുറ്റങ്ങൾ പ്രതികൾ സമ്മതിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക