ഉടന്‍ പിരിച്ചുവിടുമെന്നറിഞ്ഞപ്പോള്‍ കമ്പനിയുടെ പണവുമായി മുങ്ങി: യുഎഇയില്‍ ജീവനക്കാരനെതിരെ നടപടി

ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് മനസിലായപ്പോള്‍ കമ്പനിയുടെ പണവുമായി മുങ്ങിയ ജീവനക്കാരനെതിരെ അബുദാബി കോടതിയുടെ നടപടി. തട്ടിയെടുത്ത പണം മുഴുവന്‍ തിരിച്ചടയ്ക്കണമെന്ന് ഫാമിലി ആന്റ് സിവില്‍ അഡ്‍മിനിസ്‍ട്രേഷന്‍ ക്ലെയിംസ് കോടതി ഉത്തരവിട്ടു. സ്ഥാപനത്തില്‍ പബ്ലിക് റിലേഷന്‍സ് ക്ലര്‍ക്കായി ജോലി ചെയ്തിരുന്നയാള്‍ 4.57 ലക്ഷം ദിര്‍ഹമാണ് കമ്പനിയില്‍ നിന്ന് തട്ടിയെടുത്തത്.

അധികം വൈകാതെ കമ്പനിയിലെ തന്റേ സേവനം അവസാനിപ്പിക്കുകയാണെന്ന് മാനേജ്‍മെന്റില്‍ നിന്ന് ജീവനക്കാരന് സൂചന കിട്ടിയിരുന്നു.  ഇതിന് ശേഷം ഒരു ദിവസം ചില ബിസിനസ് ഇടപാടുകള്‍ക്കായി ഇയാളെ ഏല്‍പ്പിച്ച പണവുമായാണ് പബ്ലിക് റിലേഷന്‍സ് വിഭാഗം ക്ലര്‍ക്ക് കടന്നുകളഞ്ഞത്. കമ്പനിയില്‍ നിന്ന് ഇയാള്‍ പണം കൈപ്പറ്റിയതിന്റെ രേഖകള്‍ മാനേജ്‍മെന്റ് കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ കമ്പനിയുടെ ബിസിനസ് ഇടപാടുകള്‍ക്കായി ഈ പണം ചെലവഴിച്ചതിന്റെ ഒരു രേഖകയും ഇയാള്‍ അക്കൗണ്ട്സ് വിഭാഗത്തിന് കൈമാറിയില്ല.

കേസിന്റെ വിചാരണാ ഘട്ടത്തിലൊന്നും പ്രതി അബുദാബി കോടതിയിലും ഹാജരായില്ല. കമ്പനി സമര്‍പ്പിച്ച വാദങ്ങളും തെളിവുകളും പരിശോധിച്ച ശേഷമാണ് നിയമവിരുദ്ധമായി കൈക്കലാക്കിയ പണം ജീവനക്കാരന്‍ തിരികെ നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്. നിയമനടപടികള്‍ക്ക് കമ്പനിക്ക് ചെലവായ തുകയും ഇയാള്‍ നല്‍കണമെന്ന് കോടതിയുടെ ഉത്തരവില്‍ പറയുന്നുണ്ട്.

 

 കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!