അപ്പാര്‍ട്ട്മെൻ്റിൻ്റെ വാടകയെച്ചൊല്ലിയുള്ള തര്‍ക്കം: 61 വയസുകാരനെ കൊന്ന ഇന്ത്യൻ പ്രവാസിക്ക് വധശിക്ഷ
ബഹ്റൈനില്‍ വാടകയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ അടിച്ചുകൊന്ന ഇന്ത്യക്കാരന് വധശിക്ഷ വിധിച്ചു. 21 വയസുകാരനാണ് ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. ഈസ്റ്റ് റിഫയില്‍ വെച്ച് ഈ വര്‍ഷം മാര്‍ച്ച് 17നായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്.
തൊഴില്‍ രഹിതനായ പ്രതി, തന്റെ പിതാവിനൊപ്പമാണ് ഈസ്റ്റ് റിഫയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്നത്. ഇവിടെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്‍തിരുന്ന 61 വയസുള്ള ഇന്ത്യക്കാരാനാണ് ക്രൂരമായി കൊല്ലപ്പെട്ടത്. തൊട്ടടുത്ത കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു കേസിലെ പ്രധാന സാക്ഷി.
അപ്പാര്‍ട്ട്മെന്റില്‍ വാടകയ്ക്ക് താമസിച്ചിരുന്ന പ്രതിയും അച്ഛനും വീട്ടില്‍ സാന്റ്‍വിച്ച് ഉണ്ടാക്കി അസ്‍കര്‍ ഏരിയയില്‍ വില്‍പന നടത്തിയിരുന്നു. ഇവര്‍ ഇതിനായി വീട്ടില്‍ അധികം വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്ന് സെക്യൂരിറ്റി ഗാര്‍ഡ് കെട്ടിട ഉടമയോട് പറഞ്ഞു. ഇതനുസരിച്ച് ഉടമ വാടകയില്‍ 20 ദിനാറിന്റെ (4000ല്‍ അധികം ഇന്ത്യന്‍ രൂപ) വര്‍ദ്ധനവ് വരുത്തി. ഇതോടെ ആകെ പ്രതിമാസ വാടക 160 ദിനാറായി (34,000ല്‍ അധികം ഇന്ത്യന്‍ രൂപ) വര്‍ദ്ധിച്ചു.
ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കേസ് രേഖകള്‍ പറയുന്നു. കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് പ്രതി സെക്യൂരിറ്റി ഗാര്‍ഡിന്റെ അടുത്ത് പോയത്. തൊട്ടടുത്ത കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഭാരമുള്ള വസ്‍തുകൊണ്ടുള്ള പ്രഹരമേറ്റ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പരിക്കുകളാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
കൊലപാതകം നടത്തി മൂന്ന് ദിവസത്തിന് ശേഷം പ്രതി ഇന്ത്യയിലേക്ക് കടന്നു. എന്നാല്‍ കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ശേഖരിച്ച ഡിഎന്‍എ സാമ്പിളുകളാണ് കൊലപാതകി ഇയാള്‍ തന്നെയെന്ന് സ്ഥിരീകരിച്ചത്. കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്ന് ലഭിച്ച ഡിഎന്‍എ സാമ്പിളുകളും ഇയാളുടെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് കിട്ടിയ വാട്ടര്‍ ബോട്ടിലിലും ടൂത്ത് ബ്രഷിലുമൊക്കെ ഉണ്ടായിരുന്ന ഡിഎന്‍എ സാമ്പിളുകളും ഒന്നു തന്നെയെന്ന് ശാസ്‍ത്രീയ പരിശോധനയില്‍ തെളിഞ്ഞു. ആസൂത്രിതമായ കൊലപാതകമാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ പ്രതിക്ക് പരമാവധി ശിക്ഷ വിധിക്കുകയായിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക