ഹിജാബ് വിലക്കിൽ സുപ്രീം കോടതിയുടെ ഭിന്ന വിധി; എതിർത്തും അനുകൂലിച്ചും ജഡ്ജിമാർ
കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിയ നടപടിയിൽ സുപ്രീം കോടതിയിൽ ഭിന്ന വിധി. ഹിജാബിനെ ചൊല്ലി സുപ്രീംകോടതി ബെഞ്ചിലെ രണ്ട് ജഡ്ജിമാർക്കിടയിലുണ്ടായ ഭിന്നതയെ തുടർന്നാണ് വിധിയും രണ്ട് രീതിയിലായത്.
രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് സുധാൻഷു ധുലിയ ഹിജാബ് വിലക്കിയ കർണാടക ഹൈകോടതി വിധി റദ്ദാക്കിയപ്പോൾ, ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിലക്കിനെതിരെ സമർപ്പിച്ച മുഴുവൻ അപ്പീലുകളും തള്ളി ഹൈകോടതി വിധി ശരിവെച്ചു.
ഇതോടെ കേസ് ചീഫ് ജസ്റ്റിസിനു മുന്നിലെത്തും. വിശാല ബെഞ്ചിനു വിടണോ അതോ രണ്ട് അംഗങ്ങളുള്ള മറ്റൊരു ബെഞ്ചിനു വിടണോ എന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും.
ഫെബ്രുവരി അഞ്ചിലെ കർണാടക സർക്കാർ ഉത്തരവ് റദ്ദാക്കി വസ്ത്രത്തിന് മേൽ ഏർപ്പെടുത്തിയ എല്ലാ തരം നിയന്ത്രണങ്ങളും നീക്കുകയാണെന്ന് ജസ്റ്റിസ് സുധാൻഷു ധുലിയ വിധിച്ചു. ആകെ കൂടി തന്റെ മനസിലെ വിഷയം പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ്. ആ പെൺകുട്ടികളുടെ ജീവിതം നാം മെച്ചപ്പെടുത്തുകയാാണോ? അതാണ് എന്റെ മനസിലെ ചോദ്യം. ഹിജാബ് ഇസ്‍ലാമിലെ മൗലിക അനുഷ്ഠാനമാണോ എന്ന വിഷയം ഈ കേസിൽ പരിഗണനാർഹമല്ലെന്ന് ജസ്റ്റിസ് ധുലിയ തന്റെ വിധിപ്രസ്താവനയിൽ വ്യക്തമാക്കി. കർണാടക ഹൈകോടതിയുടെ ഈ വഴി തെറ്റാണ്. യഥാർഥത്തിൽ ഭരണഘടനയുടെ 14ഉം 19ഉം അനുഛേദങ്ങളുമായി ബന്ധപ്പെട്ട വ്യക്തിയുടെ തെരഞ്ഞെടുപ്പിനുള്ള അവകാശത്തിന്റെ വിഷയമാണിത്. ബിജോയ് ഇമ്മാനുവൽ കേസിലെ വിധി ഇതിനുത്തരം നൽകിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ജസ്റ്റിസ് ഹേമന്ത് ഗുപ്ത 11 ചോദ്യങ്ങളുണ്ടാക്കി അവയുടെ എല്ലാം ഉത്തരങ്ങൾ ഹിജാബിന് അനുകൂലമായ വാദങ്ങൾക്ക് എതിരാണെന്ന് വിധി പ്രസ്താവിക്കുകയായിരുന്നു. ഹിജാബ് ഇസ്‍ലാമിലെ മൗലികാനുഷ്ഠാനങ്ങളിൽപ്പെടുമോ എന്ന കർണാടക ഹൈകോടതിയുടെ ചോദ്യം ആവർത്തിച്ച ജസ്റ്റിസ് ഹേമന്ത് ഗുപ്ത, സർക്കാർ ഉത്തരവ് ഭരണഘടനയുടെ 14, 19, 25 അനുഛേദങ്ങൾ ലംഘിക്കുന്നുണ്ടോ, സ്വകാര്യതക്കുള്ള അവകാശത്തിനെതിരാണോ തുടങ്ങിയ ചോദ്യങ്ങളുമുന്നയിച്ച് ഹിജാബ് വിലക്ക് ശരിവെക്കുകയായിരുന്നു.
കർണാടക ഹൈക്കോടതി വിധിക്കെതിരെ 25 ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഹർജിക്കാർക്കുവേണ്ടി അഭിഭാഷകരായ ദുഷ്യൻ ദവെ, ഹുഫേസ അഹമ്മദി, സഞ്ജയ് ഹെഡ്ഡെ, രാജീവ് ധവാൻ, ദേവദത്ത് കാമത്ത്, സൽമാൻ ഖുർഷിദ്, പ്രശാന്ത് ഭൂഷൻ, ഹാരിസ് ബീരാൻ, സുൽഫിക്കർ അലി തുടങ്ങിയവർ ഹാജരായി. കർണാടക സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം.നടരാജ്, അഡ്വക്കേറ്റ് ജനറൽ പി.കെ. നവദഗി എന്നിവർ ഹാജരായി. വാദം കേൾക്കൽ 10 ദിവസം നീണ്ടുനിന്നു.
ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ 25ാം അനുച്ഛേദ പ്രകാരം മതസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതാണെന്നാണ് ഹർജിക്കാരുടെ വാദം. എന്നാൽ 2021 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിച്ചിരുന്നില്ലെന്നും പോപ്പുലർ ഫ്രണ്ട് തുടങ്ങിവച്ച സമൂഹമാധ്യമ പ്രചാരണം ആണ് ഹിജാബ് വിവാദത്തിനു കാരണമെന്നും കർണാടക സർക്കാർ വാദിച്ചു. ഹിജാബ് ധരിക്കൽ ഇസ്‌ലാം മതത്തിൽ അനിവാര്യമല്ലെന്ന് കർണാടക ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു. ഇത് 25ാം അനുച്ഛേദ പ്രകാരം മതസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം ഏർപ്പെടുത്താൻ സർക്കാരിന് അധികാരമുണ്ടെന്നും അതു മൗലികാവകാശ ലംഘനമായി കണക്കാക്കാൻ കഴിയില്ലെന്നും വിധിയിൽ പറയുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക