ബുറൈദയിൽ വാഹനപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് മറവ് ചെയ്യും; കുടുംബം ഇന്ന് തന്നെ നാട്ടിലേക്ക് മടങ്ങും

Exclusive Report: സുഹൈല അജ്മൽ

റിയാദിൽനിന്ന് മദീന സന്ദർശനത്തിനായി പുറപ്പെട്ട മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മരിച്ച രണ്ട് മലയാളികളുടേയും മൃതദേഹങ്ങൾ ഇന്ന് അസർ നമസ്കാരത്തിന് റിയാദിലെ ഹുറൈമലയിൽ മറവ് ചെയ്യും. ഇതിനായി അൽ റാസ് ആശുപത്രിയിൽ നിന്നും മൃതദേഹങ്ങൾ  ഹുറൈമലയിലെത്തിച്ചേർന്നതായി ഉനൈസ കെഎംസിസി പ്രസിഡണ്ട് ജംഷീർ മങ്കട മലയാളം ന്യൂസ് ഡെസ്കിനോട് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച (ഒക്ടോബർ 6ന്) രാത്രി പുറപ്പെട്ട മൂന്ന് മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടാണ് രണ്ട് മലയാളികൾ മരിച്ചത്. മലപ്പുറം മക്കരപറമ്പ് കാച്ചിനിക്കോട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44), ഇവരുടെ ഭാര്യ സഹോദരനായ മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന്‍ (29) എന്നിവരാണ് മരിച്ചത്.

റിയാദ് മദീന ഹൈവയിൽ അൽ റാസിൽ നിന്നും ഏകദേശം 120 കിലോമീറ്റർ ദൂരെയുള്ള ഉക്ലത്ത് ശുക്കുർ എന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്.

വ്യാഴാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നത് മലപ്പുറം മങ്കടയിലെ ഒരു കുടുംബം ഒന്നാകെയാണ്. ഒരുമിച്ച് ജോലി ചെയ്തിരുന്ന മൂന്ന് സഹോദരങ്ങളും സഹോദരി ഭർത്താവും കുടുംബങ്ങളും അപകടത്തിൽപ്പെട്ടപ്പോൾ, മാരിയത്തിന് നഷ്ടമായത് ഭർത്താവിനെയും ഒരു സഹോദരനെയുമാണ്.

 

 

സംഭവത്തെ കുറിച്ച് ജംഷീർ മങ്കട വിശദീകരിക്കുന്നു:

അബ്ദുൽ മജീദ്, മുസ്തഫ, ഹുസൈൻ എന്നീ മൂന്ന് സഹോദരങ്ങളും, അവരുടെ കുടുംബങ്ങളും, സഹോദരി ഭർത്താവായ ഇഖ്ബലുമായിരുന്നു വാഹനത്തിൽ യാത്ര ചെയ്തിരുന്നത്. കൂടെ സുഹൃത്തായി ഇടുക്കി സ്വദേശി നൌഷാദ് എന്ന യുവാവും ഇവരോടൊപ്പം യാത്ര ചെയ്തിരുന്നു. ഇതിൽ ഇഖ്ബാലിൻ്റെ കുടുംബം നാട്ടിലാണ്. യാത്രക്കാരിൽ 6 കുട്ടികളും, മൂന്ന് സ്ത്രീകളും, 4 പുരുഷന്മാരുമുൾപ്പെടെ 13 പേരാണ് ഉണ്ടായിരുന്നത്.

 

 

റിയാദിലെ ഹുറൈമലയിലെ ഒരു പെട്രോൾ സ്റ്റേഷനിൽ പഞ്ചർ കട, ഓയിൽ ചെയ്ഞ്ച്, വാട്ടർ സർവീസ് എന്നീ വാഹന സർവീസ് സെൻ്ററുകൾ നടത്തുകയായിരുന്നു അബ്ദുൽ മജീദ്, മുസ്തഫ, ഹുസൈൻ എന്നീ മൂന്ന് സഹോദരങ്ങളും, അവരുടെ സഹോദരീ ഭർത്താവയ ഇഖ്ബാലും. ഇതിൽ ഇളയ സഹോദരനായ ഹുസൈനും (29) സഹോദരി ഭർത്താവായ ഇഖ്ബാലുമാണ് അപകടത്തിൽ മരിച്ചത്.

അപകടം നടക്കുന്ന സമയം മൂത്ത സഹോദരനായ അബ്ദുൽ മജീദായിരുന്നു വാഹനമോടിച്ചിരുന്നത്. ഇദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്. സൌദിയിൽ വെച്ച് തന്നെ തുടർ ചികിത്സ നടത്താനാണ് ശ്രമിക്കുന്നത്. സാധ്യമാകുന്നില്ലെങ്കിൽ നാട്ടിലേക്ക് കൊണ്ടുപോകുവാനും നീക്കമുണ്ട്.

 

 

 

മറ്റുള്ളവരെല്ലാം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. എങ്കിലും മുസ്തഫയുടേയും, ഇഖ്ബാലിൻ്റെയും ഭാര്യമാരായ ഫാത്തിമത്ത് സുഹ്റ, ഹബീബ എന്നിവർക്ക് വിശ്രമം അനിവാര്യമാണെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. മരിച്ച ഹുസൈൻ്റെ ഭാര്യ ഫസീലക്കും ഒരു വയസ്സുള്ള കുട്ടിക്കും, സഹോദരനായ മുസ്തഫക്കും പരിക്കുകളൊന്നുമില്ല.

ഇവരോടൊപ്പം യാത്ര ചെയ്തിരുന്ന ഇടുക്കി സ്വദേശിയായ നൌഷാദ് ഇന്ന് രാവിലെ നാട്ടിലേക്ക് പുറപ്പെട്ടു. അപകടത്തിന് ശേഷം ഡോക്ടർമാർ വിശ്രമം നിർദേശിച്ച മജീദിൻ്റെയും മുസ്തഫയുടേയും ഭാര്യമാർ ഇന്ന് നാട്ടിലേക്ക് പോകില്ല. എന്നാൽ  മരിച്ച ഹുസൈൻ്റെ ഭാര്യയായ ഫസീലയും കുട്ടിയും ഇന്ന് രാത്രി നാട്ടിലേക്ക് പുറപ്പെടും.

 

അപകടത്തിൽ മരിച്ച ചെറുശ്ശോല ഇഖ്ബാൽ (സഹോദരി ഭർത്താവ്)

 

അപകടം സംഭവിച്ചത് ഇങ്ങിനെ: 

അപകടം സംഭവിച്ചത് എങ്ങിനെ എന്നതിന് കുറിച്ച് വ്യക്തമാക്കുന്ന റിപ്പോർട്ടുകളൊന്നും ലഭ്യമായിട്ടില്ല. അപകടം സംഭവിക്കമ്പോൾ വാഹനത്തിലുണ്ടായിരുന്ന മുതിർന്നവരെല്ലാം ഉറക്കത്തിലായിരുന്നു. അതിനാൽ തന്നെ എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ അവർക്കും വ്യക്തതയില്ല.

പുലർച്ചെ 3.20നാണ് അപകടം സംഭവിക്കുന്നത്. ഏകദേശം മൂന്ന് മണിവരെ താൻ ഉണർന്നിരിക്കുകായിരുന്നുവെന്നാണ് മുസ്തഫ പറയുന്നത്. ഈ സമയം മദീനയിൽ റൌദാ ശരീഫ് സന്ദർശനത്തിനുള്ള പെർമിറ്റിനായി മൊബൈലിൽ ശ്രമിക്കുകയായിരുന്നുവെന്നും മുസ്തഫ പറയുന്നു. എന്നാൽ അപകടം സഭവിച്ച സമയമായപ്പോഴേക്കും അദ്ദേവും ഉറക്കത്തിലേക്ക് വീണു. അതിനാൽ എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ അദ്ദേഹത്തിനും വ്യക്തതയില്ല.

അപകടത്തിൽ പരിക്കുകളോടെ ചികിത്സയിലുള്ള അബ്ദുൽ മജീദായിരുന്നു വാഹനമോടിച്ചിരുന്നത്. ഈ സാഹചര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തിനും ഓർത്തെടുക്കാൻ സാധിക്കുന്നില്ല. സംഭവത്തിന് ദൃസാക്ഷികളും ഇല്ലെന്നാണ് വിവരം.

ഒരു ഹ്യൂണ്ടായി ബസ്, ടയോട്ടയുടെ ഒരു ഹെയ്സ് വാൻ, ഇവർ സഞ്ചരിച്ചിരുന്ന ഹ്യൂണ്ടായ് എച്ച് വണ് വാൻ, ഒരു കൊറോള കാർ എന്നീ നാല് വാഹനങ്ങളാണ് ഈ അപകടത്തിൽപ്പെട്ടത്. മറ്റ് വാഹനങ്ങളിലുണ്ടായിരുന്നവർക്ക് അപകടം പറ്റിയതായി റിപ്പോർട്ടുകളൊന്നും ഇല്ല.

ഇക്കാര്യത്തിൽ വാഹനമോടിച്ചിരുന്ന മജീദിൻ്റെ പത്ത് വയസുകാരനായ മകൻ പറയുന്ന കാര്യങ്ങൾ മാത്രമേ ഇപ്പോൾ ലഭ്യമായിട്ടുള്ളൂ. ചെറിയ കുട്ടിയായതിനാലും രാത്രി സമയത്ത് എത്രത്തോളം കാര്യങ്ങൾ കാണാൻ സാധിച്ചിട്ടുണ്ടാകും എന്ന കാര്യത്തിൽ സംശയമുള്ളതിനാലും കുട്ടിയുടെ മൊഴി പൂർണമായി വിശ്വാസത്തിലെടുക്കാൻ സാധിക്കില്ല.

 

കുട്ടി പറയുന്നത് ഇങ്ങിനെ:

ഞാൻ പിൻസീറ്റിലിരുന്ന് മൊബൈലിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ റോഡ് സൈഡിൽ നിറുത്തിയിട്ടിരുന്ന ബസിൻ്റെ സൈഡിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു. ഇടിയുടെ അഘാതത്തിൽ കാർ റോഡിൽ വട്ടം കറങ്ങി. ഇതിനിടെ മറ്റൊരു വാഹനം വന്ന് ഇവരുടെ വാഹനത്തിന് ഇടിച്ചു. (ചെറിയ കുട്ടിയായതിനാൽ ഇക്കാര്യങ്ങൾ പൂർണമായി ശരിയാവണമെന്നില്ല)

 

അപകടത്തിൽ മരിച്ച ഇളയ സഹോദരൻ ഹുസ്സൈൻ

 

ചിട്ടയായ ജീവകാരുണ്യ പ്രവർത്തനം:

അപകടം സംഭവിച്ചത് മുതൽ പരിക്കേറ്റവരെ ചികിത്സിക്കുന്നതിനും, മരിച്ചവരുടെ അനന്തര നടപടികൾ പൂർത്തിയാക്കുന്നതിനുമായി കെഎംസിസി പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. ഉനൈസ കെഎംസിസി പ്രസിഡണ്ട് ജംഷീർ മങ്കടയുടെ നേതൃത്വത്തിൽ അൽ റാസ് കെഎംസിസി ഭാരവാഹികളായ യാക്കൂബ് കൂരാട്, ശുഹൈബ് തിരുവനന്തപുരം, മഹ്ദി പള്ളിക്കൽ ബസാർ, ഫസൽ ഇരിവേറ്റി, റിയാസ് പെരുമണ്ണ തുടങ്ങിയവരാണ് സഹായത്തിനായി രംഗത്തുള്ളത്. ഇവരുടെ പ്രവർത്തനങ്ങളെല്ലാം വളരെ വ്യവസ്ഥാപിതമായി ക്രോഡീകരിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകി കൊണ്ട് റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!