’ഹദിയത്തു റഹ്മ’; പ്രവാസികൾക്ക് പ്രതിമാസ പെന്‍ഷന്‍ പദ്ധതിയുമായി കെ.എം.സി.സി സൗദി നാഷണല്‍ കമ്മറ്റി

പ്രവാസികൾക്ക് സമാശ്വാസത്തിൻ്റെ പുതിയ പ്രഖ്യാപനവുമായി കെ.എം.സി.സി സൗദി നാഷണല്‍ കമ്മറ്റി. കമ്മറ്റിക്ക് കീഴിൽ നടന്ന് വരുന്ന സാമൂഹ്യ സുരക്ഷാ പദ്ധതി പത്താം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം.

 

മുന്‍കാലങ്ങളിൽ സുരക്ഷാ പദ്ധതിയിൽ തുടർച്ചയായി അംഗങ്ങളായവർക്ക് ‘ഹദിയത്തു റഹ്മ’ എന്ന പേരിൽ പ്രതിമാസ പെന്‍ഷന്‍ നൽകുന്ന പദ്ധതിയാണ് പുതിയതായി പ്രഖ്യാപിച്ചത്.

 

സുരക്ഷാ പദ്ധതി ആരംഭിച്ചത് മുതൽ നാല് വര്‍ഷമെങ്കിലും തുടര്‍ച്ചയായി അംഗമായിട്ടുള്ളവരോ, അല്ലെങ്കിൽ 2018 ന് മുമ്പ് ഏതെങ്കിലും വര്‍ഷം മുതല്‍ സൗദിയിൽ നിന്നും ആറ് വര്‍ഷമെങ്കിലും തുടര്‍ച്ചയായി അംഗത്വം നേടിയിട്ടുള്ളവരോ ആയവർക്കാണ് പെൻഷന് അർഹതയുണ്ടാകുക. ഈ വിഭാഗത്തിൽപ്പെട്ട നിലവിൽ പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന 60 വയസ്സ് പിന്നിട്ടവര്‍ക്ക് 2023 മാർച്ച് മുതൽ 2000 രൂപ വീതം പ്രതിമാസ പെൻഷനായി വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ ജിദ്ദയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

 

നാഷണല്‍ കെ.എം.സി.സി യുടെ കീഴിലുള്ള മുപ്പത്തിയഞ്ചു സെന്‍ട്രല്‍ കമ്മറ്റികള്‍ മുഖേനയാണ് ‘’ഹദിയത്തു റഹ്മ’’ പദ്ധതി നടപ്പിലാക്കുന്നത്. ജനുവരി മുതല്‍ ഫെബ്രുവരി അവസാനം വരെയായിരിക്കും അപേക്ഷകള്‍ സ്വീകരിക്കുക. മാര്‍ച്ച് മാസം മുതല്‍ പദ്ധതി നിലവില്‍ വരും. സുരക്ഷാ പദ്ധതി നടക്കുന്ന ഒരു വര്‍ഷത്തേക്കായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്.

 

തൊട്ടുത്ത വര്‍ഷം അംഗത്വം പുതുക്കുവാനും പുതിയ അംഗങ്ങള്‍ക്ക് കടന്ന് വരാനും അവസരമുണ്ടാകും. ഏറ്റവും അവസാനം സഊദിയിൽ  നിന്നും പദ്ധതിയില്‍ അംഗമായ സെന്‍ട്രല്‍ കമ്മറ്റി വഴിയാണ്  അപേക്ഷകള്‍ നല്‍കേണ്ടത്. അപേക്ഷകള്‍ നാഷനൽ കമ്മിറ്റി സ്വീകരിക്കുന്നതല്ല. ജാതി മത സംഘടനാ ഭേതമന്യെ എല്ലാവർക്കും ചേരാൻ സാധിക്കുന്നവിധത്തിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

 

പദ്ധതിയുടെ ഔപചാരികമായ പ്രഖ്യാപനവും ഉദ്ഘാടനവും ഒക്ടോബര്‍ അവസാനവാരം  സുരക്ഷാ പദ്ധതി വിതരണ ചടങ്ങില്‍ വെച്ച് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. 2022 വര്‍ഷത്തെ സുരക്ഷാ പദ്ധതിയില്‍ നിന്നും മരണപ്പെട്ട അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും മാരക രോഗങ്ങള്‍ക്ക് ചികിത്സ തേടിയവര്‍ക്കുമുള്ള മൂന്ന് കോടി രൂപയുടെ ആനുകൂല്യ വിതരണവും ചടങ്ങില്‍ വെച്ച് തങ്ങള്‍ നിര്‍വ്വഹിക്കും.

 

2023 വര്‍ഷത്തെ നാഷണല്‍ കമ്മറ്റി സുരക്ഷാ പദ്ധതി അംഗത്വ കാമ്പയിന്‍ ഒക്ടോബര്‍ 15 ആരംഭിച്ച് ഡിസംബര്‍ 15 ന് അവസാനിക്കും. www.mykmcc.org  എന്ന സംഘടനയുടെ ഔദ്യോഗിക സൈറ്റിലൂടെ അംഗത്വം പുതുക്കുവാന്‍ സാധിക്കും. സുരക്ഷാ പദ്ധതിയില്‍ തുടര്‍ച്ചയായ അംഗത്വം നേടുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ എത്തിച്ച് നല്‍കുക എന്നതിനാണ് കമ്മറ്റി പ്രാമുഖ്യം നല്‍കുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി.
കെഎംസിസി നാഷനൽ കമ്മിറ്റി നേതാക്കളായ കെ പി മുഹമ്മദ് കുട്ടി, അഷ്‌റഫ് ‌ വേങ്ങാട്ട്,    ഖാദർ ചെങ്കള , കുഞ്ഞിമോൻ കാക്കിയ ,  അഹമ്മദ് പാളയാട്ട് , അബൂബക്കർ അരിമ്ബ്ര  എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share