ഇന്ത്യന്‍ ചെമ്മീനിൽ അണുബാധ കണ്ടെത്തി; കഴിക്കരുതെന്ന് ഗൾഫിൽ മുന്നറിയിപ്പ്. കൂടുതൽ ഗൾഫ് രാജ്യങ്ങളിൽ പരിശോധന കർശനമാക്കി

ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്‍ത ചെമ്മീന്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശവുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിൻ്റെ അറിയിപ്പ്. ശീതീകരിച്ചതും അല്ലാത്തതുമായ ഇന്ത്യന്‍ ചെമ്മീന്‍ ഉപയോഗിക്കരുതെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇറക്കുമതി ചെയ്‍ത മത്സ്യങ്ങളില്‍ ചിലത് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ലബോറട്ടറികളില്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‍സൈറ്റിലും സോഷ്യല്‍ മീഡിയാ പേജുകളിലും അറിയിപ്പ് പോസ്റ്റ് ചെയ്‍തിട്ടുണ്ട്.

അണുബാധ കണ്ടെത്തിയ ഇന്ത്യന്‍ ചെമ്മീന്‍ വിപണിയില്‍ നിന്ന് പൂര്‍ണമായും പിന്‍വലിക്കാന്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയവും മുനിസിപ്പാലിറ്റി മന്ത്രാലയവും ഇപ്പോള്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.  കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഫ്രഷ് അല്ലങ്കില്‍ ശീതീകരിച്ച ഇന്ത്യന്‍ ചെമ്മീന്‍ വാങ്ങിയിട്ടുള്ള ഉപഭോക്താക്കള്‍ അവ ഉപയോഗിക്കരുതെന്നും വാങ്ങിയ വ്യാപാര സ്ഥാപനത്തില്‍ തന്നെ അവ തിരിച്ചേല്‍പ്പിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

ഇത്തരം ചെമ്മീന്‍ ഇതിനോടകം തന്നെ വാങ്ങി ഉപയോഗിച്ചവര്‍ക്ക് ഭക്ഷ്യ അണുബാധ സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അവര്‍ ഏറ്റവും അടുത്തുള്ള ഹെല്‍ത്ത് സെന്ററില്‍ എത്തണമെന്നും നിര്‍ദേശത്തിലുണ്ട്.

ഖത്തറിലെ മുന്നറിയിപ്പിന് പിന്നാലെ കൂടുതൽ ഗൾഫ് രാജ്യങ്ങൾ ഇന്ത്യൻ മത്സ്യങ്ങൾക്ക് പരിശോധന കർശനമാക്കി. എന്നാൽ ഏതെങ്കിലും വിധത്തിലുള്ള അണുബാധ കണ്ടെത്തിയതായി അറിയിപ്പുകളൊന്നും ഇത് വരെ പുറത്ത് വന്നിട്ടില്ല.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!