പ്രവാസികളുടെ തൊഴില്‍ കരാര്‍ നിയമത്തിൽ മാറ്റം വരുത്തി; അനിശ്ചിതകാല തൊഴിൽ കരാറിന് അനുമതി
യുഎഇയില്‍ തൊഴില്‍ കരാര്‍ നിയമത്തിൽ കാതലായ മാറ്റം വരുത്തി തൊഴിൽ മന്ത്രാലയം. സ്വകാര്യ മേഖലയിൽ തൊഴിൽ കരാർ കാലാവധിയായി നിശ്ചയിച്ചിരുന്ന പരമാവധി കാലാവധി 3 വർഷം എന്നത് ഒഴിവാക്കി. തൊഴിലുടമയും തൊഴിലാളിയും തമ്മിലെ ധാരണപ്രകാരം നിശ്ചിത കാലത്തേക്ക് തൊഴിൽ കരാറുണ്ടാക്കണം. എന്നാൽ പരമാവധി കാലാവധിക്ക് സർക്കാർ പരിധി നിശ്ചയിക്കില്ല.
കഴിഞ്ഞ ഫെബ്രുവരിയിൽ നിലവിൽ വന്ന തൊഴിൽ നിയമത്തിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. ഇത് വരെ പരമാവധി മൂന്ന് വർഷത്തേക്കായിരുന്നു സ്വകാര്യ മേഖലയിൽ തൊഴിലാളിയും തൊഴിലുടമയും തമ്മിൽ തൊഴിൽ കരാർ സാധ്യമായിരുന്നത്. എന്നാൽ പുതിയ മാറ്റമനുസരിച്ച് മൂന്ന് വർഷം എന്നതിന് പകരം ദീർഘകാലത്തേക്ക് തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള പരസ്പര ധാരണയോടെ കരാറുണ്ടാക്കാം. എന്നാൽ പുതുക്കാൻ കഴിയുന്ന നിശ്ചിത കാലത്തേക്കാണ് കരാറുണ്ടാക്കേണ്ടത് എന്ന് വ്യവസ്ഥയുണ്ട്.
അതേ സമയം സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്കും വീട്ടുജോലിക്കാർക്കും ഈ ഭേദഗതി ബാധകമല്ല. മെയിൻലാൻ്റ് കമ്പനിയിൽ ജോലി ചെയ്യുന്നവർക്കും ഫ്രീലാൻ്റ് ജീവനക്കാർക്കും പുതിയ മാറ്റമനുസരിച്ച് കരാറിലേർപ്പെടാം. എന്നാൽ ദുബൈ ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെൻ്റർ, അബൂദബി ഗ്ലോബൽ മാർക്കറ്റിന് കീഴിലെ കമ്പനികൾക്ക് പുതിയ മാറ്റം ബാധകമായിരിക്കില്ല.
ഫെബ്രൂവരിയിൽ നിലവിൽ വന്ന തൊഴിൽ നിയമപ്രകാരം നേരത്തെ യുഎഇയിലുണ്ടായിരുന്ന അനിശ്ചിത കാല തൊഴിൽ കരാറുകൾ സർക്കാർ റദ്ധാക്കിയിരുന്നു. എല്ലാ തൊഴിൽ കരാറുകളും പരമാവധി മൂന്ന് വർഷമോ അതിന് താഴെയോ കാലാവധിയുള്ളതായിരിക്കണമെന്നാക്കി മാറ്റിയിരുന്നു. ഈ പരമാവധി കാലപരിധിയിലാണ് മന്ത്രാലയം ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.
പുതിയ മാറ്റമനുസരിച്ച് ഇനി മുതൽ മൂന്ന് വർഷത്തിൽ കൂടുതൽ കാലയളവുള്ള തൊഴിൽ കരാറുകൾ യുഎഇയിൽ സാധ്യമാകും. ദീർഘകാലത്തേക്ക് തടസ്സങ്ങളില്ലാതെ ജോലി ചെയ്യുന്നതിനും ജോലി സ്ഥിരത വർധിപ്പിക്കുന്നതിനും പുതിയ തീരുമാനം സഹായകരമാകും.
തൊഴില്‍ കരാറില്‍ ഏര്‍പ്പെടുന്ന തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം കൂടുതല്‍ സന്തുലിതമായിരിക്കണമെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. തൊഴില്‍ വിപണിയുടെ വളര്‍ച്ചയും സ്ഥിരതയും ഒപ്പം യുഎഇയുടെ സാമ്പത്തിക മത്സരക്ഷമത കാത്തുസൂക്ഷിക്കാനും മാനവി വിഭവശേഷി മന്ത്രാലയം അധികൃതര്‍ ഇതിലൂടെ ലക്ഷ്യമിടുന്നു.
യുഎഇയുടെ അടുത്ത അന്‍പത് വര്‍ഷത്തേക്കുള്ള സാമ്പത്തിക വികസന ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായാണ് രാജ്യം നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും രൂപം നല്‍കുന്നതെന്ന് യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രി ഡോ. അബ്‍ദുല്‍ റഹ്‍മാന്‍ അല്‍ അവാര്‍ പറഞ്ഞു.
രാജ്യത്തെ ബിസിനസ് അനുകൂല അന്തരീക്ഷത്തിന്റെ സ്ഥിരതയും ആകര്‍ഷണീയതയും ഇതിലൂടെ വര്‍ദ്ധിക്കും. യുഎഇയുടെ ആധുനിക വികസന രീതിയും, നീതിയിലും മനുഷ്യാവകാശങ്ങളോടുള്ള ആദരവിലും മാറ്റങ്ങള്‍ക്ക് മുന്നില്‍ നടക്കുന്നതുമായ മൂല്യങ്ങളും പിന്തുടരുന്നതാണ് ഈ മാറ്റം. യുഎഇയുടെ നിരന്തരമായ പുരോഗതിയും സ്ഥിരതയും മുന്നേറ്റവും ഉറപ്പാക്കാന്‍ ഇത് സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക