പോപുലർ ഫ്രണ്ട്​ നിരോധനം: ട്രൈബ്യൂണൽ അധ്യക്ഷൻ ജസ്റ്റിസ്​ ദിനേശ്​ കുമാർ ശർമ

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) യുടെയും അതിന്റെ 8 അനുബന്ധ സംഘടനകളുടെയും നിരോധനവുമായി ബന്ധപ്പെട്ട യുഎപിഎ ട്രിബ്യൂണലിന്റെ തലവനായി ഡൽഹി ഹൈക്കോടതി ജഡ്ജി ദിനേഷ് കുമാർ ശർമയെ നിയമിച്ചു. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് സി ശർമയാണ് ജസ്റ്റിസ് ദിനേഷ് കുമാർ ശർമയെ നിയമിച്ചത്. ഇത്​ അംഗീകരിച്ച്​ നിയമ-നീതിന്യായ മന്ത്രാലയം തിങ്കളാഴ്ച ഓഫിസ്​ മെമോറാണ്ടം പുറത്തിറക്കി. ഇനി ട്രൈബ്യൂണൽ അധ്യക്ഷന്‍റെ നിയമനം സംബന്ധിച്ച്​ ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കും.

ഈ ട്രൈബ്യൂണലാണ്​ സർക്കാറിന്‍റെയും നിരോധിക്കപ്പെട്ട സംഘടനകളുടെയും വാദമുഖങ്ങൾ കേട്ട്​ അഞ്ചു വർഷ നിരോധനം സ്ഥിരപ്പെടുത്തണമോ വേണ്ടയോ എന്ന്​ തീർപ്പുകൽപിക്കുന്നത്​.

യുഎപിഎ പ്രകാരം ഒരു സംഘടനയെ നിരോധിച്ചുകഴിഞ്ഞാൽ, തീരുമാനത്തിന് മതിയായ കാരണമുണ്ടോ എന്ന് തീരുമാനിക്കാൻ സർക്കാർ ഒരു ട്രൈബ്യൂണൽ രൂപീകരിക്കും. നടപടിക്രമങ്ങൾ അനുസരിച്ച്, ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയെ ട്രൈബ്യൂണലിന്റെ പ്രിസൈഡിംഗ് ഓഫീസറായി നിയമിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമ മന്ത്രാലയത്തോട് അഭ്യർത്ഥിക്കും. തുടർന്ന് ട്രിബ്യൂണലിന്റെ തലവനായി ഒരു ജഡ്ജിയെ ശുപാർശ ചെയ്യാൻ നിയമമന്ത്രി ബന്ധപ്പെട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിക്കും.

 

പോപുലർ ഫ്രണ്ട്​ ഓഫ്​ ഇന്ത്യ, റിഹാബ്​ ഇന്ത്യ ഫൗണ്ടേഷൻ, കാമ്പസ്​ ഫ്രണ്ട്​ ഓഫ്​ ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ്​ കൗൺസിൽ, നാഷനൽ കോൺഫെഡറേഷൻ ഓഫ്​ ഹ്യൂമൻ റൈറ്റ്​സ്​ ഓർഗനൈസേഷൻ, നാഷനൽ വിമൻസ്​ ഫ്രണ്ട്​, ജൂനിയർ ഫ്രണ്ട്​, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ്​ ഫൗണ്ടേഷൻ കേരള എന്നിവയാണ്​ കഴിഞ്ഞ 28ന്​ നിരോധിക്കപ്പെട്ടത്​.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!