കാലിഫോർണിയയിൽ ഇന്ത്യൻ കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ട സംഭവം: തോക്ക് ചൂണ്ടി, കൈകള്‍ ബന്ധിച്ചു; തട്ടിക്കൊണ്ടുപോകുന്ന ദൃശ്യം പൊലീസ് പുറത്തുവിട്ടു

യു.എസില്‍ എട്ടുമാസം പ്രായമായ കുഞ്ഞ് അടക്കം ഇന്ത്യൻ കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇവരെ തട്ടിക്കൊണ്ടുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പുറത്ത് വിട്ടു. പ്രതിയെന്ന് കരുതുന്ന ജീസസ് മാനുവല്‍ സല്‍ഗാഡോ എന്നയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാള്‍ കൊല്ലപ്പെട്ട ജസ്ദീപ് സിങ് നടത്തുന്ന ട്രക്കിങ് കമ്പനിയില്‍ എത്തുന്നതിന്റേയും അവിടെ നിന്ന് നാലംഗ കുടുംബത്തെ തട്ടിക്കൊണ്ടുപോകുന്നതിന്റേയും സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്‌.

പ്രതിയായ മാനുവല്‍ സല്‍ഗാഡോ കമ്പനി ഓഫീസ് പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് എത്തുന്നതും അവിടെ വെച്ച് ഒരാളോട് സംസാരിക്കുന്നതും സ്ഥലത്തെ സാഹചര്യം നിരീക്ഷിക്കുന്നതും വീഡിയോയില്‍ ഉണ്ട്.

അമന്‍ദീപ് സിങ്ങിന്റെ കൈ പിന്നില്‍ കെട്ടി ട്രക്കില്‍ കയറ്റി. തുടര്‍ന്ന് തിരിച്ചെത്തിയ ഇയാള്‍ കുഞ്ഞിനെ എടുത്തിരുന്ന ജസ്ദീപ് സിങ്ങിനേയും ട്രക്കിലേക്ക് കയറ്റി ഓടിച്ചുപോവുന്നതും ദൃശ്യങ്ങളില്‍ കാണാം.

കമ്പനി ഓഫീസില്‍ നിന്നും സാധനങ്ങള്‍ മോഷണം പോയിട്ടില്ലെന്ന് കുടുംബം അറിയിച്ചു. എന്നാല്‍, കൊല്ലപ്പെട്ടവരില്‍ ഒരാളുടെ എ.ടി.എം. കാര്‍ഡ് പ്രതി ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു. എ.ടി.എം കാര്‍ഡ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. തോക്ക് ചൂണ്ടിയാണ് കുടുംബത്തെ തട്ടിക്കൊണ്ടുപോയതെന്നും പോലീസ് പറയുന്നു.

എട്ടുമാസം പ്രായമായ പെണ്‍കുഞ്ഞടക്കമുള്ള നാലംഗ കുടുംബത്തെ തിങ്കളാഴ്ചയാണ് തട്ടിക്കൊണ്ടുപോയത്. ജസ്ദീപ് സിങ് (36), ഭാര്യ ജസ്ലീന്‍ കൗര്‍ (27), മകള്‍ അരൂഹി ദേരി, ബന്ധു അമന്‍ദീപ് സിങ് എന്നിവരെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ ഒരു തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


വീഡിയോ കാണുക..

 

Share
error: Content is protected !!