സൗദിയിൽ മലയാളി യുവാവിനെ വധശിക്ഷക്ക് വിധിച്ച കേസ്; 33 കോടി രൂപ ബ്ലഡ് മണി വേണമെന്ന് സൗദി കുടുംബം
സൗദിയിലെ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിൻ്റെ മോചനത്തിന് 15 ദശലക്ഷം റിയാൽ അഥവാ 33 കോടി രൂപ ദിയധനം വേണമെന്ന് സൌദി കുടുംബം അറിയിച്ചു. കോടതിയിൽ നിന്ന് അന്തിമ വിധിയുണ്ടാകുന്നതിന് മുമ്പ് പണം നൽകിയാൽ മാപ്പ് നൽകാമെന്നും സൌദി കുടുംബം സാമൂഹിക പ്രവർത്തകനായ അഷ്റഫ് വേങ്ങാട്ടിനെ അറിയിച്ചു.
സൌദി ബാലൻ അനസ് അൽശഹ്റി കാറിൽ വെച്ച് കൊല്ലപ്പെട്ട കേസിൽ കഴിഞ്ഞ 16 വർഷമായി അബ്ദുറഹീം റിയാദ് ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുകയാണ്. കോഴിക്കോട് ഫറോക്കിലെ കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ വീട്ടിൽ പരേതനായ മുല്ല മുഹമ്മദ്കുട്ടിയുടെ മകനാണ് അബ്ദുറഹീം. ഇയാൾ ജോലി ചെയ്തിരുന്ന സൗദി പൗരന്റെ മകൻ അനസ് അൽശഹ്റി യാത്രക്കിടെ കാറിൽവെച്ച് കൊല്ലപ്പെട്ട കേസിലാണ് സൗദി കോടതി വധശിക്ഷക്ക് വിധിച്ചിരിക്കുന്നത്.
കേസ് ഇപ്പോൾ അപ്പീൽ കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ ദിവസം റിയാദിലെത്തിയ മുസ്്ലിം ലീഗ് നേതാവ് എം.കെ മുനീർ എം.എൽ.എ ഇന്ത്യൻ എംബസി ഡി.സി.എം റാം പ്രസാദുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. റിയാദ് ഗവർണറുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങൾ ചെയ്യാമെന്ന് റാം പ്രസാദ് എം.കെ മുനീറിനെ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
2006 ഡിസംബർ 24 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സംഭവം നടക്കുന്നതിൻ്റെ ഒരുമാസം മുമ്പാണ് അബ്ദുറഹീം ഹൌസ് ഡ്രൈവർ വിസയിൽ റിയാദിലെത്തിയത്. എന്നാൽ സ്പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽശഹ്രിയുടെ മകൻ അനസിനെ പരിചരിക്കലായിരുന്നു അബ്ദുറഹീമിനെ ചുമതലപ്പെടുത്തിയ പ്രധാന ജോലി.
കഴുത്തിന് താഴെ യാതൊരു ചലനശേഷിയുമില്ലാത്ത അവസ്ഥയിലായിരുന്നു അനസ്. ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത് കഴുത്തിൽ പ്രത്യേകമായി ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. എപ്പോഴും പ്രകോപിതനാകുമായിരുന്ന അനസിനെ പരിചരിക്കുന്നതിലെ പ്രയാസവും ഭയവും റഹീം ജോലിക്ക് കയറിയ അവസരത്തിൽ വീട്ടിൽ വിളിച്ചു അറിയിച്ചിരുന്നതായി കുടംബം പറയുന്നു.
എങ്കിലും തന്റെ കഴിവിന്റെ പരമാവധി റഹീം അനസിനെ പരിചരിച്ചു. ഇടയ്ക്കിടെ വീൽ ചെയറിൽ പുറത്തും മാർക്കറ്റിലും കൊണ്ടുപോവുകയും ആവശ്യമായ സാധനങ്ങൾ വാങ്ങിച്ചു തിരിച്ചു വീട്ടിൽ കൊണ്ട് വരികയും ചെയ്യും.
സംഭവം നടന്ന ദിവസം (2006 ഡിസംബർ 24ന്) അനസുമൊത്ത് അബ്ദുറഹീം ജി.എം.സി വാനിൽ റിയാദ് ശിഫയിലുള്ള വീട്ടിൽ നിന്ന് അസീസിയയിലെ പാണ്ട ഹൈപ്പർ മാർക്കറ്റിലേക്ക് പോകുകയായിരുന്നു. ഇതിനിടെ ട്രാഫിക് സിഗ്നൽ കട്ട് ചെയ്തു പോകാൻ ആവശ്യപ്പെട്ടുകൊണ്ട് അനസ് ബഹളം വെച്ചു.
നിയമലംഘനം നടത്താൻ ആവില്ലെന്ന് ആവർത്തിച്ചു പറഞ്ഞ അബ്ദുറഹീം വാഹനവുമായി അടുത്ത സിഗ്നലിൽ എത്തിയപ്പോൾ ഇതേ ആവശ്യം ഉന്നയിച്ച് അനസ് വീണ്ടും ബഹളം വെക്കാൻ തുടങ്ങി. പിൻസീറ്റിലായിരുന്ന കുട്ടിയെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ പിന്നോട്ട് തിരിഞ്ഞപ്പോൾ റഹീമിന്റെ മുഖത്തേക്ക് അനസ് പലതവണ തുപ്പി. തുപ്പൽ കണ്ണിലായപ്പോൾ തടയാനായി ശ്രമിച്ച അബ്ദുറഹീമിന്റെ കൈ അബദ്ധത്തിൽ അനസിന്റെ കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിൽ തട്ടി.
പിന്നീട് കുട്ടി ബോധരഹിതനാവുകയായിരുന്നു. പിന്നീട് യാത്ര തുടർന്ന റഹീം അനസിന്റെ ബഹളമൊന്നും കേൾക്കാതായപ്പോൾ പന്തികേട് തോന്നി പരിശോധിച്ചപ്പോഴാണ് ചലനമറ്റ് കിടക്കുന്നതായി ബോധ്യപ്പെട്ടത്. ഉടൻ മാതൃ സഹോദര പുത്രൻ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ചുവരുത്തി. രക്ഷപ്പെടാനായി അവർ രണ്ടുപേരും ആലോചിച്ചു ഒരു കഥമെനഞ്ഞു.
പണം തട്ടാൻ വന്ന കവർച്ചാ സംഘം ഡ്രൈവറായിരുന്ന റഹീമിനെ കാറിൽ ബന്ധിയാക്കി അനസിനെ ആക്രമിച്ചുവെന്നായിരുന്നു അവർ മെനഞ്ഞെടുത്ത കഥ. തുടർന്ന് നസീർ റഹീമിനെ സീറ്റിൽ കെട്ടിയിട്ട് പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി റഹീമിനെയും സഹായിയായ നസീറിനെയും കസ്റ്റഡിയിലെടുത്തു. കേസ് വഴി തിരിച്ചുവിടാൻ ശ്രമിച്ചതാണ് ഇരുവർക്കും വിനയായത്. 10 വർഷത്തെ തടവിന് ശേഷം നസീർ ജാമ്യത്തിലിറങ്ങി. എന്ന വധശിക്ഷക്ക് വിധിക്കപ്പെട്ട് റഹീം റിയാദിലെ അൽ ഹായിർ ജയിലിലാണ്. വിവിധ ഘട്ടങ്ങളിലായി മൂന്നു തവണ കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്. ആ വിധി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
റിയാദിലെ വിവിധ സാമൂഹിക സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിച്ച നിയമസഹായ സമിതിയാണ് കേസ് നടത്തികൊണ്ടു പോകുന്നത്. ഇക്കാലത്തിനിടെ 3 സൗദി അഭിഭാഷകരെ സമിതി നിയോഗിച്ചു. അലി മിസ്ഫർ, അബൂ ഫൈസൽ എന്നിവരെയായിരുന്നു ആദ്യം ചുമതലപ്പെടുത്തിയത്. ഇപ്പോൾ അലി ഖഹ്താനിയാണ് അഭിഭാഷകൻ. കൂടാതെ സൗദി ഭരണാധികാരിക്ക് ദയാഹരജിയും നൽകിയിട്ടുണ്ട്. ഇന്ത്യൻ എംബസി പ്രതിനിധിയായി ഉദ്യോഗസ്ഥനായ യൂസുഫ് കാക്കഞ്ചേരി റഹീമിന്റെ മോചനത്തിനായി പല ഇടപെടലുകളും നടത്തിവരുന്നുണ്ട്.
എന്നാൽ കൊല്ലപ്പെട്ട കുട്ടിയെ ബന്ധുക്കൾ ദിയാധനം (ബ്ലഡ് മണി) എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നതിനാൽ ഫണ്ട് കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. ദിയാധനം കണ്ടെത്താൻ എംബസിയുടെ നേതൃത്വത്തിൽ ശ്രമം ഉണ്ടാകണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. റഹീമിന്റെ കുടുംബത്തിന്റെ അനുമതിയോടെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സൗദി കുടുംബവുമായി ഒത്തുതീർപ്പിനും ശ്രമം നടക്കുന്നുണ്ട്. ഇതിനായി നിയമസഹായവേദി യോഗം അടുത്ത ദിവസം വിളിച്ചുചേർക്കുമെന്ന് അഷ്റഫ് വേങ്ങാട്ട് പറഞ്ഞു.
റഹീമിനായി കരയാൻ കണ്ണുനീരില്ലാതെ പ്രാർത്ഥനയിൽ കഴിയുകയാണ് വൃദ്ധയായ മാതാവ്. കുടുംബത്തിൻ്റെ പട്ടിണിമാറ്റാനായി സൌദിയിലേക്ക് പുറപ്പെട്ട മകൻ്റെ വിധിയോർത്ത് കരഞ്ഞ് കഴിയുകാണ് ആ ഉമ്മ.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇതും കൂടി വായിക്കുക
Pingback: വധശിക്ഷക്ക് വിധിക്കപ്പെട്ട റഹീമിൻ്റെ മോചനത്തിന് 33 കോടി സ്വരൂപിക്കാൻ റിയാദിലെ പൊതുസമൂഹം - MALAYALAM N