സംഘപരിവാർ ഭീഷണി; സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സമ്മേളനം മാറ്റിവെച്ചു
മുസ്ലിം ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങൾ വൈകിട്ട് ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സദസ്സ് റദ്ദാക്കി. സംഘർഷ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. പരിപാടിക്കെതിരെ ബിജെപി പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. നിരോധിത തീവ്രവാദ സംഘടനകളെ വെളളപൂശാനുളള ഇത്തരം സമ്മേളനങ്ങള്‍ നിയമവിരുദ്ധമാണെന്നും പൊലീസ് ഇടപെട്ട് തടയണമെന്നും ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് അഡ്വ.വി.കെ.സജീവൻ വാർത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.
വിഷയം ഡിജിപിയുടേയും, എന്‍ഐഎയുടേയും ശ്രദ്ധയില്‍ പെടുത്തുകയും പങ്കെടുക്കുമെന്ന് പറഞ്ഞിരുന്ന എം.കെ.രാഘവനടക്കമുളള ജനപ്രതിനിധികളോടും സമ്മേളനത്തിന്‍റെ അപകടം അറിയിച്ചുവെന്നും സജീവൻ പറഞ്ഞു.
പരിപാടി മാറ്റിവെച്ചത് സംഘപരിവാർ ഭീഷണിയെ തുടർന്നാണെന്ന് സംഘാടകരായ പൗരാവകാശ വേദിയുടെ പ്രതിനിധികൾ അറിയിച്ചു. എംകെ രാഘവൻ എംപി, മുനവറലി തങ്ങൾ, കെ.കെ രമ തുടങ്ങിയവർ പങ്കെടുക്കാനിരുന്ന പരിപാടിയാണ് മാറ്റിവെച്ചത്.
ഡിജിപിക്കും എൻഐഎയ്ക്കും ബിജെപി പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പരിപാടി മാറ്റാനുളള തീരുമാനമെടുത്തത്. സ്ഥലത്ത് സംഘർഷ സാധ്യത ഉണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
മാധ്യമപ്രവർത്തകനായ സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുകയാണ്. ഹാത്രസ് കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടയിലായിരുന്നു അറസ്റ്റ് ഉണ്ടാവുന്നത്. നിലവിൽ ലഖ്നോ ജയിലിലാണ് സിദ്ദിഖ് കാപ്പൻ കഴിയുന്നത്.
കഴിഞ്ഞ മാസം 9 ന് സുപ്രിംകോടതി യു.എ.പി.എ കേസിൽ സിദ്ധിഖ് കാപ്പന് ജാമ്യം നൽകിയിരുന്നു. എന്നാൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ജഡ്ജി ലീവ് ആയതിനെ തുടർന്ന് ലഖ്നോ കോടതി രണ്ട് തവണ ജാമ്യാപേക്ഷ മാറ്റിവെക്കുകയായിരുന്നു. ഈ മാസം പത്തിന് കേസ് വീണ്ടും പരിഗണിക്കും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക