സ്വദേശിവത്ക്കരണ പദ്ധതികൾ ഫലം കാണുന്നു; സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു
സൗദി അറേബ്യയിൽ സ്വദേശികളിലെ തൊഴിലില്ലായ്മ നിരക്ക് 9.7 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട്. ഈ വർഷത്തെ രണ്ടാംപാദത്തെ ആസ്പദമാക്കി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിക്സ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ഒന്നാം പാദത്തേക്കാൾ 0.4 ശതമാനം കുറവാണ് രണ്ടാം പാദത്തിൽ രേഖപ്പെടുത്തിയത്.
സ്വദേശികളിലേയും വിദേശികളിലേയും ചേർത്തുള്ള തൊഴിലില്ലായ്മ നിരക്ക് ഒന്നാം പാദത്തേക്കാൾ 0.2 ശതമാനം കുറഞ്ഞ് 5.8 ശതമാനത്തിലെത്തി.
4.7 ശതമാനമാണ് സ്വദേശി പുരുഷന്മാരിലെ തൊഴിലില്ലായ്മ നിരക്ക്. വനിതകളിൽ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ വർഷത്തേക്കാൾ 3 ശതമാനം കുറഞ്ഞ് 19.3 ശതമാനത്തിലെത്തിയിട്ടുണ്ട്.
സ്വദേശിവത്കരണ തോത് വർധിപ്പിച്ചത് കാരണമാണ് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞത്. തൊഴിൽരഹിതർ തൊഴിലന്വേഷണത്തിന് വിവിധ മാർഗങ്ങളാണ് സ്വീകരിക്കുന്നത്. സുഹൃത്തുക്കളോടും ബന്ധുക്കളോടും അന്വേഷിച്ചാണ് 75 ശതമാനം പേരും തൊഴിൽ തേടുന്നത്.
തൊഴിൽ ദാതാക്കളുമായി നേരിട്ട് ബന്ധപ്പെട്ട് തൊഴിൽ തേടുന്നവർ 56 ശതമാനവും തൊഴിൽ മന്ത്രാലയത്തിന്റെ താഖാത്ത് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവർ 46.6 ശതമാനവും ജദാറ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവർ 41.7 ശതമാനവും പത്രങ്ങൾ വഴി തൊഴിൽ തേടുന്നവർ 50.7 ശതമാനവുമാണ്- റിപ്പോർട്ട് വ്യക്തമാക്കുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക