ഉറുമ്പ് കടിയേറ്റതിനെ തുടർന്ന് ദേഹാസ്വസ്ഥ്യമുണ്ടായി. ഇന്ത്യൻ പ്രവാസി സൗദിയിൽ മരിച്ചു. ഉറുമ്പ് കടിയേറ്റാൽ ഉടൻ ആശുപത്രിയിലെത്തണമെന്ന് ഡോക്ടർമാർ
സൌദി അറേബ്യയിൽ ഉറുമ്പു കടിയേറ്റ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി റിയാദില്‍ മരിച്ചു. തഞ്ചാവൂര്‍ മൈലാടുതുറൈ സ്വദേശി ഹസ്സന്‍ ഫാറൂഖ് ആണ് മരിച്ചത്. 39 വയസ്സായിരുന്നു.
താമസ സ്ഥലത്ത് നിന്ന് ഉറുമ്പ് കടിച്ചതിനെ തുടർന്ന് ദേഹാസ്വസ്ഥ്യമുണ്ടായിരുന്നു. ഇതിനെ തുടർന്ന് ഇദ്ദേഹത്തെ ഹയാത്ത് നാഷനല്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നടന്ന് വരികയായിരുന്നു. ഇതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ മരണപ്പെട്ടു.
ആറ് വര്‍ഷമായി റിയാദിലുള്ള ഹസ്സന്‍ ഫാറൂഖ് ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. നാല് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങി എത്തിയത്.
മലയാളികളുമായും വിവിധ മലയാളി സംഘടനകളുമായി ബന്ധമുള്ള ഹസ്സന്‍ സാമൂഹിക ജീവകാരുണ്യ രംഗത്ത് സജീവമായിരുന്നു. പിതാവ്: മുഹമ്മദ് റസൂല്‍. മാതാവ്: മഹമൂദ ബീവി. ഭാര്യ: ബാനു. മകന്‍: ഹാഷിം.
സഹോദരന്‍ തമീമുല്‍ അന്‍സാരി നടപടിക്രമങ്ങള്‍ക്കായി റിയാദില്‍ എത്തിയിട്ടുണ്ട്. നടപടികള്‍ക്കായി സാമൂഹിക പ്രവര്‍ത്തകരായ തോമസ് കുര്യന്‍, കെ.എം.സി.സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദിഖ് തുവ്വൂര്‍ തുടങ്ങിയവരും രംഗത്തുണ്ട്.
കറുത്ത ഉറുമ്പിന്റെ കടിയേറ്റ് ദേഹാസ്വാസ്ഥ്യമുണ്ടാകുന്നവര്‍ ഉടന്‍ ആശുപത്രിയിലെത്തണമെന്നും ഇല്ലെങ്കില്‍ രക്തം കട്ടപിടിച്ച് ഹൃദയാഘാതമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക