പോപുലർ ഫ്രണ്ട് നിരോധനത്തിന് കേന്ദ്ര സർക്കാർ കാരണങ്ങൾ അക്കമിട്ട് പറയുന്നു

ഐഎസ് ഉൾപ്പെടെയുള്ള ആഗോള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നു വ്യക്തമാക്കിയാണു പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചത്. ഭീകരപ്രവർത്തനങ്ങൾക്കു ഫണ്ട് സ്വരൂപിക്കൽ, ആയുധ പരിശീലന പരിപാടികൾ, തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യൽ തുടങ്ങിയ ഗുരുതര ആരോപണങ്ങളാണു പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും (പിഎഫ്ഐ) അനുബന്ധ സംഘടനകൾക്കും എതിരെ കേന്ദ്രം പുറപ്പെടുവിച്ച വിജ്‍ഞാപനത്തിലുള്ളത്. യുഎപിഎ നിയമപ്രകാരമാണു നടപടി. പോപ്പുലർ ഫ്രണ്ട് അടക്കം 8 സംഘടനകളെ 5 വർഷത്തേക്കാണു നിരോധിച്ചത്.

റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർ.ഐ.എഫ്), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എ.ഐ.ഐ.സി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻ.സി.എച്ച്.ആർ.ഒ), നാഷനൽ വുമൻസ് ഫ്രണ്ട് , ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ പോപുലർ ഫ്രണ്ടിന്‍റെ എട്ട് അനുബന്ധ സംഘടനകൾക്കും നിരോധനം ബാധകമാകും.

രാജ്യവ്യാപക റെയ്ഡിനും നേതാക്കളുടെ കൂട്ട അറസ്റ്റിനും പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചേക്കുമെന്നു സൂചനകളുണ്ടായിരുന്നു. ചില സംസ്ഥാനങ്ങൾ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തു. ബിജെപി നേതാക്കളും കടുത്ത നിലപാടാണു സ്വീകരിച്ചത്. കേരളത്തിൽ പിഎഫ്ഐ ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപകമായി ആക്രമണങ്ങളുണ്ടായതും കേന്ദ്ര സർക്കാർ കണക്കിലെടുത്തു. ഇതോടെയാണ്, കാരണങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് ആഭ്യന്തര‌ മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്.

നിരോധനം സംബന്ധിച്ച വിഞജാപനത്തിൽ നടപടിക്ക് കാരണമായി ചൂണ്ടികാണിക്കുന്ന കാരണങ്ങൾ ഇവയാണ്.

  • പോപുലർ ഫ്രണ്ട് അതിന്റെ സ്വാധീന ശേഷി വർധിപ്പിക്കുന്നത് വ്യത്യസ്‍ത ഉപ സംഘടനകളിലൂടെയാണ്. ഈ സംഘടനകളെയെല്ലാം ഉപയോഗിച്ചാണ് ധനസമാഹരണം നടത്തുന്നതും അംഗത്വം വർധിപ്പിക്കുന്നതും.
  • പ്രത്യക്ഷത്തിൽ സാമൂഹിക, വിദ്യാഭ്യാസ, രാഷ്ട്രീയ സംഘടനയായി പ്രവർത്തിക്കുകയും പരോക്ഷമായി ജനാധിപത്യത്തിന് തുരങ്കം വെക്കുകയും ഭരണഘടനാ സംവിധാനങ്ങൾക്കെതിരിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.
  • രാജ്യസുരക്ഷക്കും പൊതുസമാധാനത്തിനും എതിരെ പ്രവർത്തിക്കുകയും അക്രമം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
  • പി.​എഫ്.ഐയുടെ സ്ഥാപക നേതാക്കളിൽ ചിലർ നിരോധിത സംഘടനയായ സിമിയുടെ നേതാക്കളായിരുന്നു. നിരോധിത സംഘടനയായ ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശുമായി പി.എഫ്.ഐക്ക് ബന്ധമുണ്ട്.
  • ഐ.എസ്.ഐ.എസ് പോലുള്ള ആഗോള ഭീകര സംഘടനകളുമായി പി.എഫ്.ഐക്ക് ബന്ധമുണ്ട്. സിറിയ, ഇറാഖ്, അഫ്ഗാൻ എന്നിവിടങ്ങളിലെ ഭീകര പ്രവർത്തനങ്ങളിൽ പി.എഫ്.ഐ പ്രവർത്തകർ പ​ങ്കെടുത്തിട്ടുണ്ട്.
  • പി.എഫ്.ഐയും അനുബന്ധ സംഘടനകളും രാജ്യത്ത് അരക്ഷിത ബോധം വളർത്തുകയാണ്. ആഗോള ഭീകര സംഘടനകളിൽ പി.എഫ്.ഐ അംഗങ്ങൾ ചേർന്നിട്ടുണ്ട്.
  • നിരവധി ഭീകര സംഭവങ്ങളിൽ പി.എഫ്.ഐക്ക് പങ്കുണ്ട്. ഭരണഘടന സംവിധാനങ്ങളോട് ആദരവില്ലാത്ത പി.എഫ്.ഐക്ക് പുറമേ നിന്ന് സഹായം ലഭിക്കുന്നത് രാജ്യ സുരക്ഷക്ക് തന്നെ ഭീഷണിയാണ്.
  • ക്രിമിനൽ സംഭവങ്ങളിൽ പി.എഫ്.ഐക്ക് പങ്കുള്ളതായി അന്വേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. കോളജ് അധ്യാപകന്റെ കൈവെട്ടിയ സംഭവവും മറ്റു സംഘടനകളിലുള്ളവരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവവുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്. പ്രമുഖ വ്യക്തികളെയും പൊതു സ്ഥാപനങ്ങളെയും ലക്ഷ്യംവെച്ച് സ്ഫോടക വസ്തുക്കൾ ശേഖരിക്കുന്നുണ്ട്.
  • പി.എഫ്.ഐ പ്രവർത്തകർക്ക് ഭീകരപ്രവർത്തനങ്ങളിലും നിരവധി കൊലപാതകങ്ങളിലും പങ്കുണ്ട്. സജ്ഞിത് (കേരള), വി.രാമലിംഗം (തമിഴ്നാട്), നന്ദു (കേരള), അഭിമന്യു (കേരള), ബിബിൻ (കേരള), ശരത് (കർണാടക), ആർ. രുന്ദ്രേഷ് (കർണാടക), പ്രവീൺ പൂജാരി (കർണാടക), ശശീ കുമാർ (തമിഴ്നാട്), പ്രവീൺ​ നെട്ടരു (കർണാടക) എന്നിവരുടെ കൊലപാതകത്തിൽ പി.എഫ്.ഐക്ക് പങ്കുണ്ട്. സമാധാനാന്തരീക്ഷം തകർക്കാനായിരുന്നു ഈ കൊലപാതകങ്ങൾ നടത്തിയത്.
  • നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കായി രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും പണം സമാഹരിക്കാൻ പി.എഫ്.ഐ നേതാക്കളും ഭാരവാഹികളും ഗൂഡാലോചനകൾ നടത്തുന്നു.
  • പി.എഫ്.ഐയു​ടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കപ്പെടുന്ന പണം സാധൂകരിക്കപ്പെടാത്തവയായതിനാൽ വരുമാന നികുതി വകുപ്പ് 12A, 12AA രജിസ്ട്രേഷനുകൾ റദ്ദാക്കിയിട്ടുണ്ട്. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ രജിസ്ട്രേഷനും വരുമാന നികുതി വകുപ്പ് റദ്ദാക്കിയിട്ടുണ്ട്.
  • ഉത്തർ പ്രദേശ്, കർണാടക, ഗുജറാത്ത് സർക്കാറുകൾ പി.എഫ്.ഐ നിരോധനം ആവശ്യപ്പെട്ടിട്ടുണ്ട്.
  • രാജ്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പ്രവർത്തനങ്ങളാണ് പി.എഫ്.ഐ നടത്തുന്നത്. അതിനാൽ അടിയന്തിര നടപടി വേണ്ടതുണ്ട്.
  • ഉടനെ നടപടി എടുത്തില്ലെങ്കിൽ ഭരണഘടന സംവിധാനം പി.എഫ്.ഐ തകർക്കും, ഭീകരതയെ ശക്തിപ്പെടുത്തും, ദേശവിരുദ്ധ വികാരം വളർത്തും, രാജ്യത്തിന്റെ അഖണ്ഡതക്കും സുരക്ഷക്കും പരമാധികാരത്തിനും എതിരായി പ്രവർത്തിക്കും.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!