ഉടമ കണ്ടത് പൊളിഞ്ഞ വാതിലും ഒഴിഞ്ഞ കൗണ്ടറും; മോഷ്ടാക്കൾ അപഹരിച്ചത് 40 ഫോണുകൾ

ദുബായിയിലെ ഒരു കടയിൽ നിന്നും 28,000 ദിർഹം വിലമതിക്കുന്ന 40 മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ രണ്ടു പേർക്ക് ദുബായ് ക്രിമിനൽ കോടതി ആറു മാസം തടവ് ശിക്ഷ വിധിച്ചു. കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൊബൈൽ ഫോണുകൾ വിൽക്കുന്ന കടയുടെ വാതിൽ തകർത്തു അകത്തു കയറിയ രണ്ടുപേർ, കടയിൽ ഡിസ്പ്ലേ വെച്ചിരുന്ന മൊബൈല്‍ ഫോണുകൾ മോഷ്ടിക്കുകയായിരുന്നു.

പൊട്ടിപ്പൊളിഞ്ഞ വാതിലും ഒഴിഞ്ഞ ക്യാഷ് കൗണ്ടറും കണ്ട കടയുടമയാണ് മോഷണവിവരം പൊലീസിനെ അറിയിച്ചത്. സിഐഡികൾ തെളിവുകൾ ശേഖരിക്കുകയും കടയുടെ അകത്തും പുറത്തും സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. കവർച്ചക്കാരെ തിരിച്ചറിഞ്ഞ് അവരുടെ താമസസ്ഥലത്ത് എത്തിയാണ് പിടികൂടിയത്. ആ സമയം പ്രതികളു‌ടെ കൈവശം 30 ഫോണുകളുണ്ടായിരുന്നു.

കട നിരീക്ഷിച്ച ശേഷം കാൽനടയാത്രക്കാർ കടന്നു പോകുന്നതുവരെ കാത്തുനിന്നെന്നും തുടർന്ന് കടയുടെ വാതിൽ തകർത്ത് അകത്ത് കയറി ഫോണുകൾ മോഷ്ടിച്ചെന്നും പ്രതികൾ സമ്മതിച്ചു. 10 ഫോണുകൾ വിറ്റു പണം പങ്കിട്ടതായും ഇവർ സമ്മതിച്ചു. മോഷ്ടിച്ച ഫോണുകളുടെ മൂല്യം വരുന്ന 28,000 ദിർഹം നൽകാനും ആറു മാസത്തെ തടവിന് ശേഷം പ്രതികളെ രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!