ജിദ്ദ ചേരിവികസനം: രണ്ടാം ഘട്ടപദ്ധതി ഉടൻ ആരംഭിക്കും, കൂടുതൽ കെട്ടിടങ്ങൾ പൊളിക്കുമെന്ന് പ്രചരണം, മലയാളികൾ ആശങ്കയിൽ

സൗദി അറേബ്യയിലെ ജിദ്ദയിൽ ചേരി വികസവുമായി ബന്ധപ്പെട്ട് നടന്ന് വരുന്ന കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന ജോലിയുടെ ഒന്നാം ഘട്ടം അവസാനിക്കുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ജിദ്ദയിൽ ചേരി പ്രദേശങ്ങൾ പൊളിച്ച് നീക്കി തുടങ്ങിയത്. നിരവധി കെട്ടിടങ്ങൾ ഇതിന്റെ ഭാഗമായി പൊളിച്ചു കഴിഞ്ഞു.

 

ചേരി വികസ പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നാം ഘട്ടത്തിൽ 32 ഡിസട്രിക്ടുകളിലാണ് കെട്ടിടങ്ങൾ പൊളിക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നത്. ഇത് സംബന്ധിച്ച പട്ടിക ചേരി വികസന സമിതി നേരത്തെ പുറത്ത് വിട്ടിരുന്നു. പട്ടികപ്രകാരമുള്ള സമയക്രമങ്ങൾ പാലിച്ചുകൊണ്ടാണ് ഓരോ പ്രദേശത്തേയും പൊളിച്ച് നീക്കൽ നടന്നത്. ഒന്നാം ഘട്ടത്തിൽ പ്രഖ്യാപിച്ച 32 ഡിസ്ട്രിക്ടുകളിൽ 30 ലും ഇതിനോടകം തന്നെ കെട്ടിടങ്ങൾ പൊളിച്ച് കഴിഞ്ഞു. ശേഷിക്കുന്ന രണ്ട് ഡിസ്ട്രിക്ടുകളിലാണ് ഇപ്പോൾ പൊളിച്ച് നീക്കൽ ജോലികൾ പുരോഗമിക്കുന്നത്.

 

 

ഇത് പൂർത്തിയാകുന്നതോടെ ചേരിവികസനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കും. രണ്ടാം ഘട്ടത്തിലും 32 ഡിസ്ട്രിക്ടുകളാണ് വികസന പ്രവർത്തനങ്ങൾക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. എന്നാൽ രണ്ടാം ഘട്ടത്തിൽ കെട്ടിടങ്ങൾ പൊളിച്ച് നീക്കുകയില്ല. അതിന് പകരമായി നിലവിലുള്ള കെട്ടിടങ്ങളും നഗരങ്ങളും മോടിപിടിപ്പിക്കുകയും മുഖം മിനുക്കുന്നതുമായ ജോലികളാണ് നടപ്പിലാക്കുക.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

ഇതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ ജിദ്ദയിലെ ശറഫിയ്യയിൽ കൂടുതൽ കെട്ടിടങ്ങൾ പൊളിക്കാനായി തെരഞ്ഞെടുത്തതായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നിലവിൽ പൊളിച്ച് നീക്കിയിട്ടില്ലാത്ത കെട്ടിടങ്ങളും ഉൾക്കൊള്ളുന്ന പ്രദേശത്തെ ചുവന്ന നിറത്തിൽ മാർക്ക് ചെയ്ത മാപ്പും ഇതിനോടൊപ്പം പ്രചരിച്ചു.  ഇത് മലയാളികളുൾപ്പെടെയുള്ള ശറഫിയ്യയിലെ പ്രവാസികളിലും വ്യാപാരികളിലും ആശങ്കക്കിടയാക്കി.

 

എന്നാൽ ഇത് വരെ ഔദ്യോഗികമായി അങ്ങിനെ യാതൊരു അറിയിപ്പും ഇല്ലെന്നാണ് ഇതിനെ കുറിച്ച് ലഭിക്കുന്ന അറിവ്. നിലവിൽ അങ്ങിനെ ഒരു തീരുമാനം ഇല്ല. നേരത്തെ തീരുമാനിച്ചത് പ്രകാരമുള്ള പദ്ധതികളുമായി മുന്നോട്ട് പോകുകയാണ് ലക്ഷ്യം. എന്നാൽ പ്രചരിക്കുന്നത് പോലെയുള്ള പുതിയ പദ്ധതികൾ പിന്നീട് വരുമോ എന്ന കാര്യം ഇപ്പോൾ ആർക്കും പറയാനാകില്ലെന്നും, ഭാവി പദ്ധതികൾ എവിടെയൊക്കെ വരുമെന്നോ വരില്ലെന്നോ ഇപ്പോൾ പറയാനാകില്ലെന്നായിരുന്നു അധികൃതരുടെ ഭാഗത്ത് നിന്നുള്ള മറുപടി.

 

നിലവിൽ പൊളിച്ച് നീക്കൽ ജോലികൾ പുരോഗമിക്കുന്ന രണ്ട് ഡിസ്ട്രിക്ടുകളിലെ ജോലികൾ പൂർത്തിയായാൽ, പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കും. രണ്ടാം ഘട്ടത്തിൽ 32 ഡിസ്ട്രിക്ടുകളിലെ മുഖം മിനുക്കി മോടിപിടിപ്പിക്കുന്ന ജോലികളാണുണ്ടാവുക.

 

 

 

ജിദ്ദക്ക് പിറകെ റിയാദിലും കെട്ടിടങ്ങൾ പൊളിച്ച് നീക്കുമെന്ന് പ്രചാരണമുണ്ട്. ഇതും അധികൃതർ തള്ളികളഞ്ഞു. റിയാദ് നഗരം മികച്ച ആസൂത്രണത്തോടെ രൂപപ്പെടുത്തിയതാണെന്നും ജിദ്ദ നഗരത്തെ പോലെ ചേരി പ്രദേശങ്ങള്‍ റിയാദിലില്ലെന്നും ജിദ്ദ നഗരസഭ മേയര്‍ സാലിഹ് അല്‍തുര്‍ക്കി വ്യക്തമാക്കി.

 

ജിദ്ദയില്‍ സംഭവിച്ച പോലെയുള്ള ചേരിവികസനം റിയാദില്‍ ഉണ്ടാവില്ല. വിദേശികള്‍ കൂടുതലായി എത്തിയതും താമസ പദ്ധതികളിൽ നടപ്പിലാക്കിയതിലുണ്ടായ വീഴ്ചയും കാരണം യാതൊരു പ്ലാനിംഗോ നിരീക്ഷണമോ ഇല്ലാതെയാണ് ജിദ്ദയില്‍ നഗരവികസനം നടന്നത്. ഇതു കാരണം രൂപപ്പെട്ട ചേരികളില്‍ സര്‍ക്കാറിന് അനുബന്ധ സേവനങ്ങള്‍ നല്‍കേണ്ടി വരികയായിരുന്നു.

 

ചില സംഘങ്ങളും താമസക്കാരും ഭൂമി കയ്യേറുകയും മുറിച്ച് വില്‍ക്കുകയും ചെയ്തു. കോണ്‍ട്രാക്ടര്‍മാര്‍ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ട്. ഇത് കാരണം ജിദ്ദക്ക് നഗരത്തിന് അതിൻ്റെ സ്വത്വം തന്നെ നഷ്ടപ്പെടാന്‍ കാരണമായി. എന്നാല്‍ സര്‍ക്കാര്‍ ഈ പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് മാനുഷിക പരിഗണന നല്‍കിയിരുന്നു. ഇത്തരം പ്രദേശങ്ങളില്‍ ചില സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമായിരുന്നില്ല. ഈ പ്രദേശത്തെ ഭൂവുടമകളോട് ഭൂമിയുടെ യഥാര്‍ഥ രേഖ സമര്‍പ്പിക്കാന്‍ സാവകാശം നല്‍കിയിട്ടും ഫലമുണ്ടായില്ല. സര്‍ക്കാര്‍, സ്വകാര്യ ഭൂമികള്‍ കയ്യേറാന്‍ ലോകത്ത് ഒരു രാജ്യവും അനുവദിക്കില്ലെന്നും അത് കൊണ്ടാണ് ചേരി ഒഴിപ്പിക്കല്‍ പദ്ധതി നടപ്പാക്കിയതെന്നും ജിദ്ദ നഗരസഭ മേയര്‍ സാലിഹ് അല്‍തുര്‍ക്കി വ്യക്തമാക്കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!