പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുവാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു-കർണാടക ആഭ്യന്തര മന്ത്രി

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാനുള്ള നടപടികൾ ആരംഭിച്ചതായി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. പോപുലർ ഫ്രണ്ട് നേതാക്കൾക്കെതിരായ രാജ്യവ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെയാണ് കർണാടക ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.

പോപുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ 18 സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും 15 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഏഴ് പേരെ എൻ.ഐ.എ അറസ്റ്റ് ചെയ്തുവെന്നും അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ) എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റും (ഇ.ഡി) രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ പോപുലർ ഫ്രണ്ട്​ ഓഫ്​ ഇന്ത്യയുടെ ദേശീയ – സംസ്ഥാന നേതാക്കളടക്കം 106 പേരെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തിൽ നിന്ന് 19 പേർ അറസ്​റ്റിലായി.

ഇതിൽ പ്രതിഷേധിച്ച് കേരളത്തിൽ ഇന്ന് പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്. ഹർത്താലിനെതിരെ കേരള ഹൈകോടതി സ്വമേധയാ കേസെടുത്തു. മുന്‍കൂട്ടി അറിയിക്കാതെയുള്ള ഹർത്താൽ നിയമവിരുദ്ധമാണെന്ന് പറഞ്ഞ കോടതി, ഹർത്താലിനിടെ ആക്രമണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകി.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!