പോപുലർഫ്രണ്ട് ഓഫിസുകളിൽ രാജ്യവ്യാപക റെയ്ഡ്; കേരളത്തിലുൾപ്പെടെ 100ലേറെ നേതാക്കൾ അറസ്റ്റിൽ – വീഡിയോ
കേരളത്തില്‍ ഉള്‍പ്പെടെ രാജ്യമെമ്പാടും പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ എന്‍ഐഎ റെയ്ഡ്. കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി തുടങ്ങി 13 സംസ്ഥാനങ്ങളിലായി നൂറോളം ഇടങ്ങളിലാണ് ഇഡി സഹകരണത്തോടെ റെയ്ഡ് നടത്തിയത്. ദേശീയ, സംസ്ഥാന നേതാക്കള്‍ അടക്കം 106 പേരെ കസ്റ്റഡിയില്‍ എടുത്തു. കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലായി നേതാക്കൾ അടക്കമുള്ള 22 പേരെ എൻഐഎ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ എട്ട് നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി, ഇവരെ കോടതിയിൽ ഹാജരാക്കിയതിനു ശേഷം ഡൽഹിയിലേക്ക് കൊണ്ടു പോയി.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഇടുക്കി ജില്ലാ സെക്രട്ടറി സൈനുദ്ദീൻ, ദേശീയ പ്രസിഡന്റ് ഒ.എം.എ.സലാം, ദേശീയ സെക്രട്ടറി വാഴക്കാട് സ്വദേശി നസറുദ്ദീൻ എളമരം, സംസ്ഥാന പ്രസിഡൻറ് മുഹമ്മദ് ബഷീർ, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് മുഹമ്മദ്, മുണ്ടക്കയം സ്വദേശി നജിമുദ്ദീൻ, കോഴിക്കോട് സ്വദേശി പി. കോയ, ദേശീയ വൈസ് പ്രസിഡണ്ട് കളമശേരി സ്വദേശി അബ്ദുൽ റഹ്മാൻ കളമശ്ശേരി എന്നിവരാണ് കസ്റ്റഡിയിലുള്ള പ്രമുഖ നേതാക്കൾ. കൂടാതെ തമിഴ്നാട് സ്വദേശി മുഹമ്മദലി ജിന്ന, മുഹമ്മദ് ഷാഹിദ് എന്നിവരെ കോട്ടയത്തു നിന്നും പിടികൂടി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പുലർച്ചെ 4.30 നാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്( ഇഡി) തുടങ്ങിയ കേന്ദ്ര ഏജൻസികൾ റെയ്‌ഡ് ആരംഭിച്ചത്. സംസ്ഥാന സമിതി ഓഫിസിലെ മുൻ അക്കൗണ്ടന്റും കസ്റ്റഡിയിലാണ്. തൃശൂരിൽ എസ്ഡിപിഐ നേതാക്കളുടെ വീടുകളിലും പോപ്പുലർ ഫ്രണ്ട് ജില്ലാ ഓഫിസിലും എൻഐഎ റെയ്ഡ് നടത്തി. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ കോയ തങ്ങളെയും എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഉസ്മാനെയും കസ്റ്റഡിയിലെടുത്തു. പെരുമ്പിലാവിൽ യഹിയയുടെ വീട്ടിലെ റെയഡ് തടയാൻ എത്തിയ പ്രവർത്തകർക്കു നേരെ ലാത്തി വീശി.
#PFI activists protest the #NIA raids at PFI offices and homes of leaders across #Kerala, at Koduvally in #Kozhikode. Video: Special Arrangement. pic.twitter.com/0QD8LrexpU
— The Hindu – Kerala (@THKerala) September 22, 2022
എസ്‌ഡിപിഐ ജില്ലാ നേതാക്കളടക്കം മൂന്നുപേരെ കോട്ടയം ജില്ലയിൽ എൻഐഎ കസ്റ്റഡിയിലെടുത്തു. എസ്‌ഡിപിഐ യുടെ കരുനാഗപ്പള്ളി പുതിയകാവിലെ ഓഫിസിലും കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫിന്റെ അഞ്ചലിലെ വീട്ടിലും എൻഐഎ റെയ്ഡ് നടത്തി. പോപ്പുലർ ഫ്രണ്ട് ഓഫിസിലെ റെയ്ഡിൽ പ്രതിഷേധിച്ച് അടൂരിൽ പ്രവർത്തകർ പ്രകടനം നടത്തി.
രാജ്യവ്യാപകമായി ഇത്തരത്തിലുള്ള നീക്കം നടക്കുന്നത് ആദ്യമായാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്രവാദത്തിന് സാമ്പത്തിക സഹായം, തീവ്രവാദ ക്യാംപുകൾ സംഘടിപ്പിക്കല്‍, തീവ്രവാദ സംഘടനകളിലേക്ക് ആളെ ചേർക്കൽ, രാജ്യത്ത് ഭീകരപ്രവർത്തനങ്ങൾക്കായി ധനശേഖരണം തുടങ്ങിയ ആരോപണങ്ങൾ നേരിടുന്നവരെ ലക്ഷ്യമാക്കിയാണ് റെയ്‌ഡെന്നാണ് വിവരമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേരളം കൂടാതെ തമിഴ്‌നാട് ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലും കേന്ദ്ര ഏജന്‍സികള്‍ റെയ്‌ഡ് നടത്തി.
തമിഴ്‌നാട്ടില്‍ ചെന്നൈയിലെ സംസ്ഥാന കമ്മിറ്റി ഓഫിസിലും കോയമ്പത്തൂര്‍, കടലൂര്‍, തെങ്കാശി, തേനി തുടങ്ങിയ ഇടങ്ങളിലെ ഓഫിസുകളിലും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലുമാണ് റെയ്‌ഡ്. മഹാരാഷ്‌ട്ര (20), കർണാടക(20), തമിഴ്‍നാട് (11), അസം (9), ഉത്തർപ്രദേശ്(8), ആന്ധ്രപ്രദേശ് (5), മധ്യപ്രദേശ് (4), ഡൽഹി (3), പുതുച്ചേരി( 2), രാജസ്ഥാൻ (2) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ എണ്ണം.
കസ്റ്റഡിയിലുള്ള ചിലരെ കടവന്ത്രയിലെ എൻഐഎ ഓഫിസിൽ എത്തിച്ചു ചോദ്യം ചെയ്യുന്നുണ്ട്. ഉയർന്ന എൻഐഎ ഉദ്യോഗസ്ഥർ ഉൾപ്പടെ കൊച്ചിയിലെ ഓഫിസിൽ ചോദ്യംചെയ്യലിനായി എത്തി. മറ്റു ജില്ലകളിൽ നിന്ന് കസ്റ്റഡിയിലെടുത്ത ചിലരെയും ഡൽഹിയിൽ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. ഡൽഹിയിലും തിരുവനന്തപുരത്തും റജിസ്റ്റർ ചെയ്ത കേസുകളെ തുടർന്നാണ് പരിശോധന. കേരളത്തിൽ പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകൾക്കൊപ്പം ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളുടെ വീടുകളിലുമായി അൻപതിലധികം സ്ഥലങ്ങളിൽ റെയ്‌ഡ് നടത്തി.
കേന്ദ്ര സേനയുടെ സുരക്ഷയോടെയായിരുന്നു റെയ്‌ഡ്. നേതാക്കളുടെ വീട്ടിൽ നടന്ന റെയ്‌ഡിൽ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു.തിരുവനന്തപുരത്ത് നാല് മൊബൈലുകളും ലഘുലേഖകളും പിടിച്ചെടുത്തു. പോപ്പുലര്‍ ഫ്രണ്ട് നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിൽനിന്ന് പെൻഡ്രൈവ് പിടിച്ചെടുത്തു. കോട്ടയം ജില്ലയിൽ മുണ്ടക്കയത്തും പെരുവന്താനത്തും റെയ്‌ഡ് നടന്നു.
സംസ്ഥാന വ്യാപകമായി പ്രവർത്തകരുടെ പ്രതിഷേധം
രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് അംഗങ്ങളെ എൻഐഎ റെയ്ഡു നടത്തി കസ്റ്റഡിയിലെടുത്തതിനെതിരെ പ്രതിഷേധവുമായി എസ്ഡിപിഐ പ്രവർത്തകർ. സംസ്ഥാനത്ത് പല സ്ഥലങ്ങളിലും പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു. എറണാകുളം ഇടപ്പള്ളിയിൽ റോഡ് ഉപരോധിച്ചെങ്കിലും അധിക സമയം നീണ്ടു നിന്നില്ല. കടവന്ത്ര എൻഐഎ ഓഫിസിനു മുന്നിലേയ്ക്കു പ്രതിഷേധക്കാർ എത്താനുള്ള സാധ്യത കണക്കിലെടുത്തു കടുത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയത്. സിആർപിഎഫ്, കേരള പൊലീസ് ഉദ്യോഗസ്ഥരെ ഓഫിസിനു മുന്നില്‍ വിന്യസിച്ചു.
പത്തനംതിട്ടയിൽ ജില്ലാ സെക്രട്ടറി മുണ്ടുകോട്ടക്കൽ സാദിഖിന്റെ വീട്ടിലും അടൂർ, പറക്കോട് മേഖല ഓഫിസിലുമാണ് റെയ്‌ഡ് നടന്നത്. സാദിഖിനെ കസ്റ്റഡിയിലെടുത്തു. അടൂർ പോപ്പുലർ ഫ്രണ്ട് ഓഫിസിലെ റെയ്ഡ് രാവിലെ ഏഴരയോടെ അവസാനിച്ചു. കണ്ണൂർ താണെയിലുള്ള ജില്ലാ കമ്മിറ്റി ഓഫിസിലും റെയ്ഡ് നടന്നു.
കഴിഞ്ഞദിവസങ്ങളില്‍ തെലങ്കാന, ഗുജറാത്തിലെ അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫിസുകളിൽ റെയ്‌ഡ് നടന്നിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും റെയ്‌ഡുമായി എന്‍ഐഎയും ഇഡിയും രംഗത്തെത്തിയത്. തമിഴ്‌നാട്ടിലും റെയ്ഡിനെതിരെ പ്രതിഷേധവുമായി പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകര്‍ രംഗത്തെത്തി. കോഴിക്കോട്ടെ പോപ്പുലർ ഫ്രണ്ട് ഓഫിസില്‍ നിന്ന് കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ പിടിച്ചെടുത്തു. വിവിധ ഓഫിസുകളില്‍ നിന്ന് മൊബൈല്‍ ഫോണുകളും ലഘുലേഖകളും പുസ്തകങ്ങളും പിടിച്ചെടുത്തു. ഇവ കൂടുതല്‍ പരിശോധനയ്ക്കായി കൊണ്ടുപോയി. കോഴിക്കോട്ടെ സംസ്ഥാന ഓഫിസിലും കൊല്ലം മേഖലാ ഓഫിസിലും തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിലും റെയ്ഡ് നടന്നു.
റെയ്ഡിനെതിരെ പത്തനംതിട്ടയിൽ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. പോപ്പുലർ ഫ്രണ്ട് സ്ഥാപക നേതാവ് ഇ. അബൂബക്കറിനെ പുലർച്ചെ കൊടുവള്ളി കരുവൻപോയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തപ്പോൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധിച്ചു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിലും പരിശോധന നടന്നതിനു പിന്നാലെ പ്രവർത്തകർ ഓഫിസിനു മുൻപിൽ പ്രതിഷേധിച്ചു. പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും നടത്തുന്ന റെയ്ഡിൽ പ്രതിഷേധിച്ച് കായംകുളത്ത് റോഡ് ഉപരോധിച്ചു.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കുന്നമംഗലത്തും ദേശീയപാത ഉപരോധിച്ചു. ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്നും എതിര്‍ ശബ്ദങ്ങളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നിശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കത്തെ എതിർത്തു തോൽപ്പിക്കണമെന്നും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതൃത്വം സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക